മൂടല്‍മഞ്ഞ്: ബുധനാഴ്ചയും വിമാനങ്ങള്‍ വൈകി

മനാമ: തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹ്റൈനില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. കനത്ത മൂടല്‍മഞ്ഞില്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തിലും തടസ്സം നേരിട്ടു. റോഡ് ഗതാഗതത്തെയും ബാധിച്ചു. ബുധനാഴ്ച നിരവധി വിമാനങ്ങള്‍ വൈകുകയും ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മുതല്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞില്‍ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം പലപ്പോഴായി തടസ്സപ്പെട്ടിരുന്നു. 
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി റണ്‍വേ അടച്ചിടേണ്ടി വന്നിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയെങ്കിലും രാത്രി മുതല്‍ അനുഭവപ്പെട്ട മൂടല്‍മഞ്ഞ് വീണ്ടും കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുകയും വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയര്‍ന്നുപൊങ്ങുന്നതിനും പ്രയാസം സൃഷ്ടിക്കുകയായിരുന്നു. നിരവധി വിമാനങ്ങളാണ് വൈകിയത്.  വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.  കാലാവസ്ഥ പ്രയാസം കാരണം സര്‍വീസുകള്‍ വൈകിയത് മൂലം യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസത്തില്‍ ഗള്‍ഫ് എയര്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്കുള്ള പ്രയാസം കുറക്കുന്നതിനാണ് കമ്പനി പരമാവധി ശ്രമിക്കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം, സര്‍വീസുകളൊന്നും റദ്ദാക്കേണ്ടി വന്നിട്ടില്ളെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പല വിമാനങ്ങളും ഒന്നോ രണ്ടോ മണിക്കൂറുകള്‍ വൈകുക മാത്രമാണ് ചെയ്തിട്ടുള്ളത്. 
മൂടല്‍മഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ വാഹനങ്ങള്‍ സാവധാനമാണ് സഞ്ചരിച്ചത്. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
വ്യാഴാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.