വിമാനത്തില്‍ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; രക്ഷകരായി മലയാളി നഴ്സുമാര്‍

മനാമ: യാത്രക്കിടെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അബോധാവസ്ഥയിലായ ആള്‍ക്ക് ശുശ്രൂഷയും പരിചരണവും നല്‍കി ബഹ്റൈന്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍ററിലെ രണ്ടു നഴ്സുമാര്‍ രക്ഷകരായി. ബഹ്റൈനില്‍നിന്നും ചൊവ്വാഴ്ച രാത്രി കൊച്ചിയിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ ജിഎഫ് 270 വിമാനത്തിലായിരുന്നു സംഭവം. 
ബഹ്റൈനില്‍നിന്നും കൊച്ചിയിലേക്കു പോകുകയായിരുന്നു നഴ്സുമാരായ ജാസ്മിനും ജോയ്സി അഗസ്റ്റിനും. റിയാദില്‍നിന്നും ബഹ്റൈന്‍ വഴി കൊച്ചിയിലേക്ക് ഇതേ വിമാനത്തില്‍ പോകുകയായിരുന്ന മലപ്പുറം സ്വദേശി ഉസ്മാന്‍(59) എന്ന യാത്രക്കാരനാണ് പൊടുന്നന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനം രാത്രി 9.20ന് പറന്നുയര്‍ന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കാബിന്‍ ക്രൂ വിമാനത്തില്‍ സ്പ്രേ ചെയ്തു പോയ ഉടനെ ഉസ്മാന് ദേഹാമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയും പെട്ടന്ന് അബോധാവസ്ഥയിലാകുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍െറ മകനും കൂടെയുണ്ടായിരുന്നു. 
സഹയാത്രികരും എയര്‍ ഹോസ്റ്റസുമാരും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. ഈ സമയം മുന്‍ നിരയില്‍ ഇരിക്കുകയായിരുന്ന ജാസ്മിനും ജോയ്സിയും ഉടന്‍ രോഗിയുടെ അടുത്തത്തെുകയും ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്‍കുകയുമായിരുന്നു. ഉസ്മാന്‍െറ രക്തസമ്മര്‍ദ്ദനിരക്ക് വളരെ കുറഞ്ഞിരുന്നു. തുടര്‍ന്ന് സീറ്റില്‍ ചാരി കിടത്തി ആവശ്യമായ പരിചരണം നല്‍കി. 
കൊച്ചിയില്‍ ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഉസ്മാന്‍െറ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായത്. മുംബൈ വിമാനതാവളത്തില്‍ വിമാനം ഇറക്കി രോഗിക്ക് ചികിത്സ ലഭ്യമാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ നിസാര്‍ പറഞ്ഞു. 
പുലര്‍ച്ചെ 4.10നാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഉടന്‍ ആംബുലന്‍സ് എത്തി ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉസ്മാനെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുവരെ വേണ്ട പരിചരണം നല്‍കി ജാസ്മിനും ജോയ്സിയും അടുത്തുണ്ടായിരുന്നു.  
മണിക്കൂറുകളോളം രോഗിക്ക് പരിചരണം നല്‍കിയ നഴ്സുമാരെ വിമാനത്തിലെ പൈലറ്റും എയര്‍ ഹോസ്റ്റസുമാരും കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരും പ്രശംസിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.