ഡിസംബര്‍ നാല് നിര്‍ണായകം:  ഇന്ത്യന്‍ സ്കൂള്‍ ജനറല്‍ ബോഡിയില്‍ അവിശ്വാസപ്രമേയം വരുന്നു

മനാമ: ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ബോഡി ഡിസംബര്‍ നാലിന് നടക്കാനിരിക്കെ പ്രിന്‍സ് നടരാജന്‍ ചെയര്‍മാനായുള്ള പി.പി.എ ഭരണസമിതിയെ അട്ടിമറിക്കാനുളള ശ്രമം സജീവമായി. ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങള്‍ നല്‍കാനുള്ള അവസാന തിയ്യതിയായിരുന്നു ഇന്നലെ. 
പല വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതിനൊപ്പം, ചെയര്‍മാന്‍, സെക്രട്ടറി സ്ഥാനത്തിരിക്കുന്നവരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും ലഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇത് സമര്‍പ്പിച്ചത്. 
ഡോ.കമറുദ്ദീന്‍ ചെയര്‍മാനെതിരെയും ജോസ് എഡ്വേഡ് സെക്രട്ടറിക്കെതിരെയുമാണ് അവിശ്വാസ പ്രമേയ അനുമതി തേടിയത്. ജനറല്‍ ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവിശ്വാസത്തിന് ലഭിച്ചാല്‍ സ്വാഭാവികമായും ചെയര്‍മാനും സെക്രട്ടറിയും രാജിവക്കേണ്ടിവരും. 
അവിശ്വാസം പാസാക്കാനായി പ്രതിപക്ഷത്തുള്ള യു.പി.പിയും ഭരണസമിതിയുടെ താക്കോല്‍ സ്ഥാനങ്ങളിലുള്ള ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്താനായി പി.പി.എയും വരും ദിവസങ്ങളില്‍ ശ്രമം നടത്തും. 
ജനറല്‍ ബോഡിയില്‍ പരമാവധി സ്വന്തം അനുഭാവികളെ എത്തിക്കുക എന്നതായിരിക്കും ഇരുപക്ഷവും പയറ്റുന്ന തന്ത്രം. ഇതോടെ വരുന്ന ഒമ്പതുദിവസങ്ങള്‍ തെരഞ്ഞെടുപ്പിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കും എന്നകാര്യം ഉറപ്പായി.
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.പി.എ വിജയം നേടിയതിനുശേഷം പ്രിന്‍സ് നടരാജന്‍െറ നേതൃത്വത്തില്‍ അധികാരമേറ്റ കമ്മിറ്റിക്കെതിരെ കടുത്ത വിമര്‍ശമാണ് തുടക്കത്തില്‍ തന്നെ യു.പി.പി നടത്തിയിരുന്നത്. പി.പി.എ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കുന്നില്ല, ഭരണം കുത്തഴിഞ്ഞു, രക്ഷിതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ല, തുടര്‍ച്ചാ അംഗമായി മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണിനെ നിയമിക്കുന്നില്ല, ടെണ്ടറുകള്‍ സുതാര്യമല്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. 
ഇതിനിടെ, ഭരണസമിതിക്കു തന്നെയും സമുദായ സംഘടനകളുടെയും മറ്റും പ്രാതിനിധ്യമുള്ള കൂട്ടായ്മയായതിനാല്‍, വിവിധ തരം താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടിയും വന്നു. 
സബ്കമ്മിറ്റി തെരഞ്ഞെടുപ്പിലും മറ്റും ഇത് പ്രകടമായിരുന്നു. ഈ അകല്‍ച്ചയും ജനറല്‍ബോഡിയില്‍ ഭരണപക്ഷത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 
പലവിധ താല്‍പര്യങ്ങളുമായാണ് പൊതുവില്‍ ജനറല്‍ ബോഡിയില്‍ ആളുകള്‍ എത്താറുള്ളത്. 9000ത്തോളം പേരുള്ളതില്‍ ശരാശരി 400ല്‍ താഴെ ആളുകള്‍ മാത്രം ജനറല്‍ ബോഡിക്ക് വരുന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇതില്‍ പലരും ഇന്ത്യന്‍ സ്കൂള്‍ സ്റ്റാഫിന്‍െറ തന്നെ ഉറ്റവരും ബന്ധുക്കളും മറ്റും ആകുന്നതും പതിവാണ്. 
ചെയര്‍മാനും സെക്രട്ടറിക്കുമെതിരായ അവിശ്വാസം പാസായാല്‍ കമ്മിറ്റി മൊത്തം രാജിവക്കേണ്ട ആവശ്യം സാങ്കേതികമായി ഇല്ല. എന്നാല്‍, ഇങ്ങനെ വരുന്നതോടെ, കടുത്ത ഭരണപ്രതിസന്ധി രൂപപ്പെടുകയും സ്വാഭാവികമായും അത് സമീപഭാവിയില്‍ ഭരണസമിതിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. എന്നാല്‍, അവിശ്വാസ പ്രമേയം വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷവുമായി ചില അനുരഞ്ജനങ്ങള്‍ക്ക് ഭരണപക്ഷം ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.