മനാമ: ബഹ്റൈനില്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും തങ്ങള്‍ക്കെതിരെ യാത്രാനിരോധം നിലനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ഇനി മുതല്‍ വെബ്സൈറ്റ് പരിശോധിച്ചാല്‍ മതിയാകും. ദേശീയ പോര്‍ടലായ bahrain.bhല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. 2008 മുതലുള്ള വിവരങ്ങളാണ് ലഭ്യമാവുക.
ഇന്‍ഫോമാറ്റിക്സ് ആന്‍റ് ഇലക്ട്രോണിക് ഗവണ്‍മെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയം ഈ നടപടി പൂര്‍ത്തിയാക്കിയത്. ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റിയും ഇതുമായി സഹകരിക്കുന്നുണ്ട്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അധ്യക്ഷനായ സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. യാത്രാനിരോധം നിലനില്‍ക്കുന്നതായി നേരത്തെ അറിയുന്നതോടെ, തങ്ങള്‍ക്കെതിരായ നടപടി നീക്കാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ തീരുമാനത്തിന്‍െറ നേട്ടം.
പ്രവാസികളും മറ്റും പെട്ടിയും സാധനങ്ങളുമായി വിമാനത്താവളത്തില്‍ എത്തുമ്പോഴാണ് സാധാരണ യാത്രാനിരോധമുള്ള വിവരം അറിയുക. ഇത് മൊത്തം യാത്രാപദ്ധതിയുടെ തന്നെ താളംതെറ്റിക്കുക മാത്രമല്ല, വ്യക്തികളെ വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നത് പതിവാണ്.
പുതിയ തീരുമാനം വ്യക്തികള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ തടയാന്‍ ഉപകരിക്കുമെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പറഞ്ഞു. ഇതനുസരിച്ച്, കടം അടച്ചുതീര്‍ക്കാനുള്ളവര്‍ അവരുടെ നിരോധം നീക്കാനായി ഇക്കാര്യം മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. വിവിധ വകുപ്പുകളെ ഏകോപ്പിച്ചുള്ള സംവിധാനമായതിനാല്‍ വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ഇത് അനുഗ്രഹമാകും.
ഇവര്‍ക്കും ഓണ്‍ലൈന്‍ ആയി ബാധ്യതകള്‍ തീര്‍ക്കാനാകും. ബാധ്യതകള്‍ തീര്‍ത്ത ഉടന്‍ യാത്രാനിരോധം നീക്കിയതായി എസ്.എം.എസ് വഴി അറിയിക്കും. ഓണ്‍ലൈനിലെ സ്വകാര്യത നിലനിര്‍ത്താനായി ശരിയായ നിര്‍ദേശങ്ങള്‍ പാലിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
സാങ്കേതിക വിദ്യാരംഗത്തുള്ള ബഹ്റൈന്‍െറ മികവാണ് പുതിയ നടപടി വ്യക്തമാക്കുന്നതെന്ന് ഇ-ഗവണ്‍മെന്‍റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഖാഇദ് അഭിപ്രായപ്പെട്ടു. ഏഴ് വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുള്ള ഈ തീരുമാനം റെക്കോഡ് വേഗത്തിലാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനില്‍ യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നേടാന്‍ അനുമതിയായത് ഈയടുത്താണ്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍.എം.ആര്‍.എ)യും നീതിന്യായ മന്ത്രാലയവും ധാരണയില്‍ എത്തിയതോടെയാണ് ഇതിന് വഴി തെളിഞ്ഞത്.
ഇതുപ്രകാരം സാമ്പത്തിക-സിവില്‍ കേസുകളില്‍ കോടതി വിധിയെ തുടര്‍ന്ന് യാത്രാ നിരോധം നേരിടുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നേടാനും അവരുടെ ബഹ്റൈനിലെ താമസം നിയമ വിധേയമാക്കാനും എല്‍.എം.ആര്‍.എ അനുമതി നല്‍കും.ഇതോടെ ഇത്തരം കുരുക്കുകളില്‍ പെട്ടവര്‍ക്ക് ജീവിതമാര്‍ഗം തേടാനും കടങ്ങള്‍ വീട്ടി നാട്ടിലേക്ക് തിരിക്കാനും വഴിയൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.