യു.എ.ഇxഅർജന്റീന ലോകകപ്പ് സന്നാഹ മത്സരത്തിൽ ലയണൽ മെസ്സിയു​െട നീക്കം

അഞ്ചടിച്ച്​ അർജന്‍റീന

അബൂദബി: ഖത്തറിലേക്കുള്ള വഴിയിൽ യു.എ.ഇയെ ഗോൾമഴയിൽ മുക്കി അർജന്‍റീനയുടെ ട്രയൽ റൺ. 16ാം മിനിറ്റിൽ അൽവാരസ് തുടങ്ങിവെച്ച ഗോൾവേട്ട 60 മിനിറ്റ് വരെ നീണ്ടപ്പോൾ പരാജയമറിയാത്ത 36 മത്സരങ്ങൾ പൂർത്തിയാക്കി അർജന്‍റീനകിരീടം തേടി ഖത്തറിലെത്തിയവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ഡസൻ നീക്കങ്ങളുമായി നീലപ്പട കളംനിറഞ്ഞ മത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളുമായി യു.എ.ഇയും പൊരുതിനിന്നു. എണ്ണം പറഞ്ഞ അഞ്ച് ഗോളുകളാണ് യു.എ.ഇയുടെ വലയിലേക്ക് അർജന്‍റീന നിറയൊഴിച്ചത്.ഗോളെന്നുറപ്പിച്ച നീക്കങ്ങൾ നടത്താനായെങ്കിലും വല കുലുക്കാൻ കഴിയാത്തത് യു.എ.ഇക്ക് തിരിച്ചടിയായി.


മൽസരത്തിന്​ മുമ്പ്​ മൈതാനത്ത്​ അണിനിരന്ന അർജന്‍റീന ടീമംഗങ്ങൾ

ആരാധകരുടെ ആശങ്കകൾ അസ്ഥാനത്താക്കി മെസ്സിയെ ഉൾപ്പെടുത്തിയാണ് ലയണൽ സ്കലോണി ആദ്യ ഇലവനെ മൈതാനത്തിറക്കിയത്. മെസ്സിയുടെ ഗോളിനായി ആർത്തിരമ്പിയ ആരാധകരുടെ മുന്നിലേക്ക് ജൂലിയൻ അൽവാരസിന്‍റെ ഗോളായിരുന്നു ആദ്യം എത്തിയത്. ഇമാറാത്തി പ്രതിരോധ നിരക്കിടയിലൂടെ ഡി മരിയ നീട്ടി നൽകിയ പന്ത് മെസ്സിയുടെ സ്പർശത്തോടെ അൽവാരസ് വലയിലെത്തിക്കുകയായിരുന്നു. പത്ത് മിനിറ്റ് തികയും മുമ്പേ ഡി മരിയ നേരിട്ടവതരിച്ചു.

ഇടതുവിങ്ങിൽനിന്ന് മാർക്കോസ് അക്കുന നൽകിയ ക്രോസ് ഉഗ്രനൊരു വോളിയിലൂടെ ഡി മരിയ ഗോളാക്കി. 36ാം മിനിറ്റിൽ മരിയയുടെ ഇരട്ട പ്രഹരം. ഇത്തവണ പാസ് അലക്സിസ് മാക് അലിസ്റ്ററിൽ നിന്നായിരുന്നു. ആദ്യപകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഗാലറിയെ ഇളക്കിമറിച്ച് മിശിഹ അവതരിച്ചു.

ഡി മരിയയിൽനിന്ന് ഏറ്റുവാങ്ങിയ പന്തുമായി പെനാൽറ്റി ബോക്സിലേക്ക് കുതിച്ച മെസിയെ പൂട്ടാൻ യു.എ.ഇയുടെ നാല് പ്രതിരോധ താരങ്ങൾ ഒപ്പം കൂടിയെങ്കിലും ഫലമുണ്ടായില്ല. പോസ്റ്റിന്‍റെ വലതുമൂല ലക്ഷ്യമിട്ട് മെസ്സി തൊടുത്ത ഷോട്ട് ഗോളി ഖാലിദ് എൽസയെ നോക്കുകുത്തിയാക്കി വലയിലെത്തി.ആദ്യ പകുതിയിൽ നിഷ്പ്രഭരായിപ്പോയ യു.എ.ഇ ഹാഫ് ടൈമിനുശേഷം അടവുമാറ്റി. പ്രതിരോധത്തിലൂന്നിയെങ്കിലും ഇടക്കിടെ അർജന്‍റീനൻ ഗോൾമുഖത്തേക്ക് ഇരച്ചുകയറി.

ഇതിനിടയിൽ 60ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജോക്വിൻ കൊറിയ അർജന്‍റീനയുടെ ഗോൾപട്ടിക പൂർത്തിയാക്കി. ഡിപോളിന്‍റെ പാസ് പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ കൊറിയ ഗോളാക്കി മാറ്റി. അവസാന അരമണിക്കൂറിൽ ഗോൾ വീഴാതെ പിടിച്ചുനിൽക്കാൻ യു.എ.ഇക്ക് കഴിഞ്ഞു.60 ശതമാനം പന്തടക്കവും അർജന്‍റീനയുടെ കൈയിലായിരുന്നെങ്കിലും മോശമല്ലാതെ 40 ശതമാനം സമയം പന്ത് കൈയടക്കി യു.എ.ഇയും പൊരുതിനിന്നു.

Tags:    
News Summary - UAE Argentina match FIFA World Cup 2022 warm-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.