എ.പി. ഹമീദ്, മത്സരത്തിനിടെ സ്മാഷുതിർക്കുന്ന എ.പി. ഹമീദ് (ഫയൽ ചിത്രം)

പ്രവാസ സ്മാഷുകൾക്ക് ‘ബ്ലോക്ക്’; പ്രശസ്ത വോളിബാൾ താരം എ.പി. ഹമീദ് അബൂദബിയുടെ കളം വിടുന്നു

ദുബൈ: സ്മാഷുകളുടെ തിരയിളക്കം തീർക്കാനാണ് എ.പി. ഹമീദ് 36 വർഷം മുമ്പ് കടൽ കടന്നെത്തിയത്. ആർത്തിരമ്പുന്ന ഗാലറിക്കുമുമ്പിൽ വോളിബാളിന്‍റെ കരുത്തും സൗന്ദര്യവും ചേരുംപടി ചേർന്ന കിടിലൻ സ്മാഷുകൾ. പ്രതിരോധത്തിലും അതിനൊത്ത മികവ്. ഒരു ടൂർണമെന്‍റിൽ കളിക്കാനെത്തിയതായിരുന്നു നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ഹമീദ്. കളി കണ്ട് കൈയടിച്ച അബൂദബി പിന്നെ വിട്ടില്ല. ഇപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ പോവുന്നത് മൂന്നു വ്യാഴവട്ടങ്ങൾക്കുശേഷം.

അഖിലേന്ത്യ ഇന്‍റർ യൂനിവേഴ്സിറ്റി ടീം, കേരള ടീം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം, കെ.എസ്.ഇ.ബി ടീം...എൺപതുകളിൽ കേരളത്തിലെ മുൻനിര കളിക്കാരനായി തകർത്തടിക്കുകയായിരുന്നു ഹമീദ്. സാക്ഷാൽ ജിമ്മി ജോർജിനെതിരെയടക്കം കളത്തിൽ മിന്നുന്ന പ്രകടനങ്ങൾ. മൊകേരി ഗവ. കോളജ് വിദ്യാർഥിയായിരിക്കേ, പ്രീഡിഗ്രി കാലത്തുതന്നെ പ്രതിഭകളുടെ തള്ളിച്ചയുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിൽ. ഇന്‍റർ യൂനിവേഴ്സിറ്റി ടീമിലെത്തിയതിനു പിന്നാലെ കെ.എസ്.ഇ.ബിയിൽ സെലക്ഷൻ ട്രയൽസ്. കളി കണ്ടപാടെ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ അസിസ്റ്റന്‍റായി നിയമനം. ഇന്ത്യൻ താരങ്ങളായ ജോൺസൺ ജേക്കബ്, മാത്യു, കേരള താരങ്ങളായ കെ.വി. ഫിലിപ്, വി.സി. ജോൺ, ശ്രീനിവാസൻ, ഗോപാലകൃഷണൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം ഇലക്ട്രിസിറ്റി ടീമിൽ. കൗണ്ടർ അറ്റാക്കർ എന്നതിൽനിന്ന് സ്പീഡ് അറ്റാക്കറായുള്ള മാറ്റം കളിക്കാൻ അവസരവും നൽകി.

ജിമ്മി ജോർജ്, അബ്ദുൽ റസാഖ്, സിറിൽ സി. വെള്ളൂർ തുടങ്ങിയവരടങ്ങിയ കേരള പൊലീസ് ടീമിനെതിരെ ടൂർണമെന്‍റുകളിൽ കെ.എസ്.ഇ.ബിയുടെ ചെറുത്തുനിൽപ്. വെള്ളറടയിലും തലശ്ശേരിയിലൂമൊക്കെ നടന്ന ആവേശകരമായ മത്സരങ്ങൾ ഹമീദിന്‍റെ മനസ്സിൽ ഇന്നും തെളിഞ്ഞുനിൽക്കുന്നു. 86 മുതൽ സ്റ്റേറ്റ് ടീമിന്‍റെ ജഴ്സിയണിഞ്ഞു. പ്രാദേശികമായി മലബാറിൽ പറന്നുകളിച്ചു. തിരുവനന്തപുരത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയെന്നറിഞ്ഞാൽ കളിക്കാൻ കൊണ്ടുപോകാൻ ആളുകളുടെ തിരക്കായിരുന്നുവെന്ന് ഹമീദ്.

90ലെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിനെ കിരീടമണിയിച്ചാണ് അബൂദബിയിലേക്ക് പറന്നത്. അബൂദബിയിലെ കളി കണ്ട് ഇഷ്ടമായ അൽ ജസീറയാണ് ഗസ്റ്റ് കളിക്കാരനായി ചേരാൻ നിർബന്ധിച്ചത്. പ്രവാസ സ്മാഷുകൾക്ക് അങ്ങനെ തുടക്കമായി. അഡ്നോക്ക് ടീമിലായി പിന്നെ. എച്ച്.ആർ ചുമതലയുള്ള സിറിയക്കാരൻ റദുവ കളിക്കാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള ചുമതല നൽകി. നാട്ടിൽനിന്ന് നല്ല കളിക്കാരെ കൊണ്ടുവന്നു. അഡ്നോക് ഗ്രൂപ്പിന്‍റെ വോളി ടൂർണമെന്‍റിൽ ഹമീദ് അണിനിരന്ന ആഡ്കാപ് ടീം തുടർച്ചയായ 15 വർഷം ജേതാക്കളായി. അതിനിടെ, അബൂദബി സ്പോർട്സ് ക്ലബിനും അൽവാദാ, അൽ ശബാബ്, അൽ ഐബ് ടീമുകൾക്കൊക്കെ കളത്തിലിറങ്ങി. മുൻ ഇന്ത്യൻ താരം ഉദയ കുമാറുമൊത്ത് അബൂദബിയിൽ വോളിയുടെ ആവേശത്തിലേക്ക് സർവുതിർത്തു. പ്രായം മറന്നും അബൂദബിയിലെ പ്രാദേശിക ടൂർണമെന്‍റുകളിലും കളത്തിലിറങ്ങി.

ജോലിയിൽനിന്ന് റിട്ടയറായി 64-ാം വയസ്സിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ്. മുസഫയിലാണിപ്പോൾ താമസം. പ്രവാസ താരമായുള്ള വേഷപ്പകർച്ചയിൽ സന്തോഷം മാത്രമേയുള്ളൂവെന്ന് ഹമീദ്. നാട്ടിൽ പോയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, ‘വെറുതെയിരിക്കില്ല, കുട്ടികൾക്ക് കോച്ചിങ് കൊടുക്കും’ എന്ന് മറുപടി. ഇത്ര വലിയ കളിക്കാരനായിരുന്നു ഹമീദ്ക്കയെന്നത് അറിയുന്നത് ഇപ്പോഴാണെന്നായിരുന്നു കഴിഞ്ഞ ദിവസം യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത പലരുടെയും പ്രതികരണം.

വോളിബാള്‍ താരം എ.പി. ഹമീദിന് എ.പി ഫാമിലി നല്‍കിയ യാത്രയയപ്പില്‍ സി.എച്ച് ജാഫര്‍ തങ്ങള്‍ ഉപഹാരം കൈമാറുന്നു

 

എ.പി. കുടുംബാംഗങ്ങളുടെ യാത്രയയപ്പ്

നാട്ടിലേക്ക് മടങ്ങുന്ന അംഗവും പ്രശസ്ത വോളിതാരവുമായ എ.പി. ഹമീദിന് ആശാരിപ്പറമ്പത്ത് കുടുംബം (എ.പി. ഫാമിലി) യാത്രയയപ്പ് നല്‍കി. യു.എ.ഇ.യിലെ എ.പി. കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് യാത്രയയപ്പ് ഒരുക്കിയത്. ഷൗക്കത്ത് വാണിമേലിന്‍റെ അധ്യക്ഷതയില്‍ നടന്ന സംഗമം അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലീം ചിറക്കല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എ.പി. ഹമീദിനുള്ള കുടുംബത്തിന്‍റെ ഉപഹാരം സി.എച്ച്. ജാഫര്‍ തങ്ങള്‍ കൈമാറി. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ബാസിത്ത് കായക്കണ്ടി, അഷ്റഫ് നജാത്, എ.പി. ഷമീം എന്നിവർ സംസാരിച്ചു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മഷൂദ് നാദാപുരം സ്വാഗതവും എ.പി. റിയാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Block’ to Expat Smashes; Famous Volleyball Player A.P. Hameed Bids Farewell to Abu Dhabi Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.