നടന്‍ രാജ് കപൂറിന്‍റെ മുംബൈയിലെ ബംഗ്ലാവ് ഇനി ഗോദ്റെജിന് സ്വന്തം; ഇവിടെ ഉയരുക ആഡംബര ഫ്ലാറ്റുകൾ

മുംബൈ: പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്‍റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് വെള്ളിയാഴ്ച അറിയിച്ചു.കമ്പനിയുടെ ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് ബംഗ്ലാവ് ഏറ്റെടുത്തത്.

രാജ് കപൂറിന്‍റെ നിയമപരമായ അവകാശികളായ കപൂർ കുടുംബത്തിൽ നിന്നാണ് ഭൂമി വാങ്ങിയതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. എന്നാല്‍ എത്ര രൂപക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മുംബൈയിലെ ചെമ്പൂരിലെ ഡിയോനാർ ഫാം റോഡിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (TISS) സമീപമാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.

പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെമ്പൂരിലെ ആർ കെ സ്റ്റുഡിയോയെ കപൂർ കുടുംബത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ ഭരമേൽപ്പിച്ചതിന് കപൂർ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും" ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡിയും സി.ഇ.ഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയം വികസനത്തിനുള്ള ആവശ്യം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെമ്പൂരിലെ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാന്‍ പദ്ധതി സഹായിക്കുമെന്നും പാണ്ഡെ അവകാശപ്പെട്ടു. ''ചെമ്പൂരിലെ ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഞങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ്.ഈ സ്ഥലത്തിന്റെ അടുത്ത ഘട്ട വികസനത്തിനായി ഈ സമ്പന്നമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗോദ്‌റെജ് പ്രോപ്പർട്ടീസുമായി ഒരിക്കൽ കൂടി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," രാജ് കപൂറിന്‍റെ മകനും കരീന,കരിഷ്മ നടിമാരുടെ പിതാവുമായ രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

ഭൂമി നേരിട്ട് വാങ്ങി ഭൂവുടമകളുമായി സംയുക്ത സംരംഭങ്ങൾ രൂപീകരിച്ച് ഈ സാമ്പത്തിക വർഷം ഏകദേശം 15,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികൾ കൂട്ടിച്ചേർക്കുക എന്നതാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസിന്‍റെ ലക്ഷ്യം.


Tags:    
News Summary - Godrej Properties acquires Raj Kapoor’s bungalow in Mumbai’s Chembur suburb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.