കോട്ടയം: ശുചിത്വവും ഗുണനിലവാരവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് ഏർപ്പെടുത്തിയ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ജില്ലയിലെ 45 ഭക്ഷണശാലകൾക്ക്. ഇതിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള ഫൈവ് സ്റ്റാർ അംഗീകാരം മൂന്ന് ഹോട്ടലുകൾക്ക് ലഭിച്ചു. പെരുന്ന സിസി ബേക്കറി, കാഞ്ഞിരപ്പള്ളി പുത്തനങ്ങാടി കൊട്ടാരം ഫാമിലി റസ്റ്റാറന്‍റ്, പ്രവിത്താനം അന്തിനാട് പാലാ ബേക്കേഴ്സ് എന്നിവക്കാണ് ഏറ്റവും ഉയർന്ന അംഗീകാരം.
29 ഹോട്ടലുകൾക്കാണ് ഫോർ സ്റ്റാർ (വളരെ നല്ലത്) പദവി. ഹോട്ടൽ ഐഡ കോട്ടയം, താലി റസ്റ്റാറന്‍റ് കോട്ടയം, ബികാശ് ബാബു സ്വീറ്റ്സ് കഞ്ഞിക്കുഴി, ശ്രീ ആര്യാസ് ബേക്കേഴ്സ് കോട്ടയം, സാൻഗോസ് ഗ്രിൽ കഞ്ഞിക്കുഴി, പുന്നച്ചേരി ബേക്കേഴ്സ് കുരിശുംമൂട് ചങ്ങനാശ്ശേരി, ഹോട്ടൽ ന്യൂയോർക്ക് സ്ക്വയർ കോട്ടമുറി ചങ്ങനാശ്ശേരി, കാന്താരി റസ്റ്റാറന്‍റ് ചങ്ങനാശ്ശേരി, വെസ്റ്റേൺ ബേക്കേഴ്സ് മണർകാട്, ബെസ്റ്റ് റസ്റ്റാറന്‍റ് പുതുപ്പള്ളി, രാജ് റീജന്‍റ് മണർകാട്, ഹോട്ടൽ ശ്രീലക്ഷ്മി പാർക്ക് അയർക്കുന്നം, കുമരകം ലേക്ക് റിസോർട്ട് പള്ളിച്ചിറ, അബാദ് റിസോർട്ട് കുമരകം, ബാക്ക് വാട്ടർ റിപ്പിൾസ് കുമരകം, അവേദ റിസോർട്ട് കുമരകം, മറ്റത്തിൽ ബേക്കേഴ്സ് ആൻഡ് റസ്റ്റാറന്‍റ് കുറവിലങ്ങാട്, പാലാ ബേക്കേഴ്സ് ആൻഡ് ഫുഡ് കോർട്ട്‍ ചേർപ്പുങ്കൽ, ഹോട്ടൽ അസ്കോട്ട ചേർപ്പുങ്കൽ, ഹോട്ടൽ എലഗൻസ് കിടങ്ങൂർ, ഹോട്ടൽ പങ്കജ് തലയോലപ്പറമ്പ്, ആൻസ് ബേക്കറി കൊട്ടാരമറ്റം പാലാ, പോൾസൺ ബേക്കറി, പാലാ, സിറ്റി ബേക്കേഴ്സ്, പൊൻകുന്നം, ഹോട്ടൽ എലഗൻസ് കാഞ്ഞിരപ്പള്ളി, മരീന ടൂറിസ്റ്റ് ഹോം ഈരാറ്റുപേട്ട, ടൗൺ ബേക്കറി മുണ്ടക്കയം, ഇന്ത്യൻ ബേക്കേഴ്സ് ഈരാറ്റുപേട്ട എന്നിവക്കാണ് ഫോർ സ്റ്റാർ റേറ്റിങ് ലഭിച്ചിരിക്കുന്നത്.
ഒമ്പത് ഹോട്ടലുകൾ നല്ലതെന്ന നിലവാരത്തിനുള്ള ത്രീ സ്റ്റാറും നാല് ഹോട്ടലുകൾക്ക് ടൂ സ്റ്റാറും ലഭിച്ചു. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) പദ്ധതിപ്രകാരമാണ് റേറ്റിങ് നിശ്ചയിക്കുന്നത്. വൃത്തിയുടെയും ഗുണനിലവാരത്തിന്‍റെയും മികച്ച സേവനത്തിന്‍റെയും അടിസ്ഥാനത്തിലാണ് സ്റ്റാർ സർട്ടിഫിക്കറ്റുകൾ. 48 കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഭക്ഷണ നിർമാണ, വിതരണ സ്ഥാപനങ്ങളെ റേറ്റിങ്ങിനായി തെരഞ്ഞെടുക്കുന്നത്.
രണ്ടു വർഷം അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ ലൈസൻസ് കാലാവധി പൂർത്തിയാകുന്നത് വരെയാണ് നിലവിലെ റേറ്റിങ്. തുടർന്ന് വീണ്ടും ഓഡിറ്റ് നടത്തി റേറ്റിങ് പുതുക്കും. ഓഡിറ്റിങ് ചെലവ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്.എസ്.എസ്.എ.ഐ) വഹിക്കുക.
അടുക്കളയുടെയും ഉപകരണങ്ങളുടെയും വൃത്തി, മാലിന്യ സംസ്കരണ സൗകര്യം, തൊഴിലാളികളുടെ ആരോഗ്യം, പരിശീലനം, ഏപ്രണ്‍, ഡ്രസ് ഉപയോഗം എന്നിവ പരിശോധിക്കും. പാചകം ചെയ്യുന്ന രീതി, ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നത് എങ്ങനെ, വെള്ളത്തിന്‍റെ ഗുണനിലവാരം, കീടനിയന്ത്രണ സംവിധാനങ്ങൾ, അസംസ്കൃത വസ്തുക്കളുടെയും ഭക്ഷ്യഎണ്ണയുടെയും ഗുണനിലവാരം, പാകം ചെയ്ത ഭക്ഷണത്തിന്‍റെ പരിശോധന, ഭക്ഷണം വിളമ്പൽ, പാക്കിങ്ങ് വിതരണത്തിനുള്ള വാഹനവും എന്നിവയും ഉദ്യോഗസ്ഥസംഘം പരിശോധിക്കും. ഇതിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനപ്പെടുത്തിയാണ് റേറ്റിങ് നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.