ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 

സം​സാ​രി​ക്കു​ന്നു

മാസ് സദ്യയൊരുക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ

ദുബൈ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം മാസ് സദ്യയുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഞായറാഴ്ച ഷാർജ എക്സ്പോ സെന്‍ററിലാണ് 12,000 പേർക്കുള്ള സദ്യയൊരുക്കുന്നത്. ഈ ഓണക്കാലത്തെ ഏറ്റവും വലിയ സദ്യയായിരിക്കും ഇത്. താരനിബിഡമായ ഓണാഘോഷ പരിപാടികളും നടക്കുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9.30ന് പരിപാടികൾ തുടങ്ങും. ഡോ. എം.കെ. മുനീർ എം.എൽ.എ, ജി.എസ്. ജയലാൽ എം.എൽ.എ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരെയും പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നു. ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എമിറേറ്റിലുടനീളം പുഷ്പാലങ്കാര മത്സരം നടത്തും.

ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് കച്ചവടക്കാർ വിവിധ സ്റ്റാളുകൾ ഒരുക്കും. ചെണ്ടമേളം, പഞ്ചാരിമേളം, ബാൻഡ് മേളം, ശിങ്കാരിമേളം, ലൈവ് ആനകൾ, കഥകളി, പുലികളി, തെയ്യം തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും. ശ്രീനാഥ്, അൻവർ സാദത്ത്, മൃദുല വാര്യർ എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘവും ഓർക്കസ്ട്ര ടീമും അടങ്ങുന്ന സംഗീതപരിപാടികൾ അരങ്ങേറും. പ്രമുഖ നൃത്തസംഘങ്ങളുടെ പ്രകടനങ്ങൾ പരിപാടിക്ക് മിഴിവേകും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള സ്കൂളിന്‍റെ പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് പ്രസിഡന്‍റ് വൈ.എ. റഹീം പറഞ്ഞു. ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം പലർക്കും അഡ്മിഷൻ നൽകാൻ കഴിയുന്നില്ല. കൂടുതൽ കെട്ടിടങ്ങൾ നിർമിച്ച് ക്ലാസ് മുറികൾ സജീവമാക്കാൻ മാനേജിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വലിയ സാമ്പത്തികബാധ്യത വരുന്ന ഈ പദ്ധതിക്ക് യു.എ.ഇയിലെ ബിസിനസ് സമൂഹത്തിന്‍റെ അകമഴിഞ്ഞ പിന്തുണ വേണം.

എം.എ. യൂസുഫലി അടക്കമുള്ളവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും സഹായത്തോടെ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.വി. നസീര്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍, ജോ. ട്രഷറര്‍ ബാബു വര്‍ഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കബീര്‍ ചാന്നാങ്കര, മനാഫ് മാട്ടൂല്‍, പ്രദീഷ് ചിതറ, റോയ് തോമസ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Sharjah Indian Association to prepare a feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.