യാംബു: വീണ്ടും ആഗോള ശ്രദ്ധയിലെത്തി സൗദിയുടെ ഈത്തപ്പഴപ്പെരുമ. കഴിഞ്ഞ വർഷം ഈത്തപ്പഴ ഉൽപാദനം 5.4 ശതമാനം വർധിച്ച് 1.28 ശതകോടി റിയാലായി ഉയർന്നെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. 300ലധികം ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങൾ കയറ്റുമതി ചെയ്യുന്ന സൗദി 113 രാജ്യങ്ങളുടെ പട്ടികയിൽ ഈത്തപ്പഴകയറ്റുമതി മൂല്യത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ഇൻറർനാഷനൽ ട്രേഡ് സെൻററും വ്യക്തമാക്കുന്നു. ലോകത്ത് ഈത്തപ്പഴ ഉൽപാദനത്തിെൻറ 15 ശതമാനം സൗദിക്ക് മാത്രം അവകാശപ്പെട്ടതാണ്. കഴിഞ്ഞവർഷം സൗദിയിൽനിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ എണ്ണം 116 ആയി. ആഭ്യന്തര ഉൽപാദനം ഏകദേശം 15.4 ലക്ഷം ടണ്ണായി ഉയരുകയും ചെയ്തു.
ലോകത്താകമാനം 1,500 ലധികം വ്യത്യസ്തയിനം ഈത്തപ്പഴമുണ്ട്. ഇവയിൽ നാനൂറിലധികം സൗദിയിൽ ഉൽപാദിപ്പിക്കുന്നു. രാജ്യത്തിെൻറ 13 പ്രവിശ്യകളിലായി 3.3 കോടി ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. 1.23 ലക്ഷത്തിലധികം കൃഷിത്തോട്ടങ്ങൾ സൗദിയിലുണ്ടെന്നാണ് കണക്ക്. മദീന, ബുറൈദ, അൽഅഹ്സ്സ എന്നിവിടങ്ങളിലാണ് ഈത്തപ്പഴം കൂടുതൽ ഉൽപാദനം നടക്കുന്നത്. അജ്വ, സുക്കരി, അമ്പർ, സുഖീഈ, മുനീഫീ, സഫാവി, ഖുലാസ്വീ തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു.
ഈത്തപ്പഴങ്ങളുടെ കൂട്ടത്തിൽ മഹത്ത്വമേറിയതും വില കൂടിയതുമായ അജ്വ പ്രധാനമായും മദീനയിലും സുക്കരി എന്നറിയപ്പെടുന്ന സാധാരണയായി ഉപയോഗിക്കുന്ന ഈത്തപ്പഴം ബുറൈദയിലുമാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഗൾഫ് നാടുകളിലെ പ്രത്യേകിച്ചും സൗദി അറേബ്യയിലെ പ്രധാന നാണ്യവിള കൂടിയാണ് ഈത്തപ്പഴം. ധാരാളം കാർബോ ഹൈട്രേറ്റ് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു.
കൂടാതെ, കാത്സ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ്, സൾഫർ, ഫോസ്ഫറസ്, കോപ്പർ തുടങ്ങി മനുഷ്യശരീരത്തിന് ആവശ്യമായ ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, തയാമിൻ, നിയാസിൻ, റിബോഫ്ലവിന്‍ എന്നിവയാണ് ഈത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റമിനുകള്‍. ഹൃദയപേശികൾക്ക് ബലംകൂട്ടാൻ ഈ പഴത്തിനു കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.