ജിദ്ദ: സൗദി ഹൊറീക്ക അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ചൊവ്വാഴ്ച ജിദ്ദ മദീന റോഡിലുള്ള സൂപ്പർ ഡോമിൽ തുടക്കമാവും. മൂന്നു ദിവസത്തെ മേള വ്യാഴാഴ്ച സമാപിക്കും. വൈകീട്ട് നാലു മുതൽ രാത്രി 10 വരെയായിരിക്കും പൊതുജനങ്ങൾക്ക് സന്ദർശനാനുമതി. ലബനാൻ, ജോർഡൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിൽ ഇതിനകം നടന്ന ഏറ്റവും വലിയ വാർഷിക ഹോസ്പിറ്റാലിറ്റി എക്സിബിഷനാണ് ഹൊറീക്ക അന്താരാഷ്ട്ര ഭക്ഷ്യമേള.
ഇതാദ്യമായാണ് ജിദ്ദയിൽ സൗദി ഹൊറീക്ക മേള സംഘടിപ്പിക്കുന്നത്. വിവിധ ശിൽപശാലകൾ, പാചക കലാപ്രദർശനങ്ങൾ, കാപ്പി നിർമാണ മത്സരം തുടങ്ങിയ നിരവധി പരിപാടികൾ മേളയുടെ ഭാഗമായുണ്ടാകും. പ്രാദേശികവും അന്തർദേശീയവുമായ പ്രദർശകരും സന്ദർശകരും വ്യവസായ പ്രമുഖരും മേളയിൽ സംബന്ധിക്കും. നിരവധി അന്താരാഷ്ട്ര കമ്പനികളും പാചക വിദഗ്ധരും സൗദി ഹൊറീക്കയിൽ പങ്കെടുക്കുന്നുണ്ട്. സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ പങ്കെടുക്കാനും അവരുടെ രുചികരമായ പാചകം രുചിക്കാനും ലോകോത്തര ബാരിസ്റ്റ മത്സരം കാണാനും സന്ദർശകർക്ക് അനുവാദമുണ്ട്.
ഹോട്ടൽ, ബേക്കറി മേഖലയിലുള്ള വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും മേളയിൽ പ്രദർശിപ്പിക്കും. വിവിധ സേവനങ്ങൾ നൽകിവരുന്ന സൗദി ഇവന്റ് മാനേജ്മെൻറ് ആൻഡ് മാർക്കറ്റിങ് അഥവാ സിമാർക്ക് ആണ് പരിപാടിയുടെ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.