ഡോ. ഫഹദ് ബിൻ അബ്ദുർറഹ്മാൻ അൽ ആസ്മാരി

ഈത്തപ്പഴത്തിന്റെ 'ഷെൽഫ് ലൈഫ്' വർധിപ്പിക്കാൻ പുതിയ വിദ്യ; കിങ് ഫൈസൽ യൂനിവേഴ്സിറ്റിക്ക് പേറ്റന്റ്

റിയാദ്: കടകളിൽ വിൽപനക്ക് വെക്കുന്ന ഈത്തപ്പഴങ്ങളുടെ ആയുസ്സ് ഒരു മാസത്തിൽ നിന്ന് 100 ദിവസമായി വർധിപ്പിക്കുന്നതിനുള്ള രീതിശാസ്ത്രം (ഫോർമുല) കണ്ടെത്തിയ കിങ് ഫൈസൽ സർവകലാശാലക്ക് പേറ്റന്റ് ലഭിച്ചു. മനുഷ്യർക്കും പരിസ്ഥിതിക്കും ദോഷം വരുത്താത്ത പ്രകൃതിദത്ത വസ്തുക്കളെ മാത്രം ആശ്രയിച്ചുള്ള രീതിശാസ്ത്രമാണ് കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ ആസ്ഥാനമായ കിങ് ഫൈസൽ സർവകലാശാല വികസിപ്പിച്ചെടുത്തത്.

രാസവസ്തുക്കളില്ലാത്ത തികച്ചും പരിസ്ഥിതി സൗഹൃദപരമായ നേട്ടമാണ് സർവകലാശാല കൈവരിച്ചതെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ സയൻസസിലെ മൈക്രോബയോളജി ആൻഡ് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് പ്രഫസർ ഡോ. ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ-അസ്മരി പറഞ്ഞു.

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഈത്തപ്പഴം കച്ചവടസ്ഥാപനങ്ങളുടെ ഷെൽഫുകളിൽ സൂക്ഷിക്കുമ്പോൽ ഫംഗസ് ന്യൂക്ലിയസ് വളരുന്നത് കുറച്ച് വർഷം മുമ്പ് തന്റെ ശ്രദ്ധയിൽ പെട്ടതാണ് ഇത് സംബന്ധിച്ച ഗവേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'ഫോട്ടോൺ സെൻസിറ്റൈസേഷൻ' സാങ്കേതികത ഉപയോഗിച്ചാണ് ഈത്തപ്പഴത്തിന്റെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുന്ന രീതിശാസ്ത്രം രൂപപ്പെടുത്തിയത്. സെൻസിറ്റൈസേഷൻ പ്രക്രിയ നടന്നുകഴിഞ്ഞ ഈത്തപ്പഴങ്ങൾ നിശ്ചിത തരംഗ ദൈർഘ്യമുള്ള പ്രകാശത്തിൽ നാനോ കണങ്ങളുമായി പ്രതിപ്രവർത്തനത്തിന് അവസരമൊരുക്കും. ഇതുമൂലമുണ്ടാകുന്ന ഊർജവും ഓക്സൈഡിങ് വസ്തുക്കളും സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന ഫംഗസ് പ്രതിരോധ കവചം തീർക്കുകയും ചെയ്യുമെന്ന് ഡോ. അസ്മാരി വിശദീകരിച്ചു.

സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി ഈത്തപ്പഴത്തിന്റെ ഷെൽഫ് ആയുസ്സ് വർധിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ രീതിശാസ്ത്രത്തിന് കിങ് ഫൈസൽ യൂനിവേഴ്‌സിറ്റിക്ക് പേറ്റന്റ് നൽകി. ലോകത്തിൽ ഏറ്റവും കൂടുതലും മികച്ചതുമായ ഈത്തപ്പഴം ഉൽപാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന രാജ്യമെന്ന നിലയ്ക്ക് ഈ കണ്ടുപിടിത്തത്തിനും അതിന്റെ പേരിലുള്ള പേറ്റന്റ് ലഭ്യതക്കും ഏറെ പ്രാധാന്യമുണ്ട്.

ഈത്തപ്പഴ ഉൽപാദനവും സംഭരണവും പരിസ്ഥിതി ഘടകങ്ങളിൽനിന്നും സൂക്ഷ്മാണുക്കളിൽനിന്നും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അധികൃതർ ഗുണനിലവാരത്തിന്റെ കാര്യത്തിൽ കടുത്ത നിബന്ധനകൾ വെച്ചിരുന്നു. ഷെൽഫ് ആയുസ്സ് കൂട്ടുന്ന പുതിയ കണ്ടുപിടുത്തം ഈത്തപ്പഴ വിപണിക്ക് മുതൽക്കൂട്ടാകും.

Tags:    
News Summary - New technique to increase the 'shelf life' of dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.