ചായ കുടിക്കാം... കപ്പ് കഴിക്കാം... ഇത് വർഗീസിന്‍റെ ബിസ്കറ്റ് കപ്പ്

ചായ കുടിക്കാനും, ഒടുവിൽ കറുമുറ കടിച്ച് തിന്നാനുമുതകുന്ന ബിസ്ക്കറ്റ് കപ്പ് നിർമാണത്തിൽ ശ്രദ്ധേയനാവുകയാണ് മാള കുണ്ടൂർ സ്വദേശി എലവുത്തിങ്കൽ വർഗീസ്. നെടുമ്പാശ്ശേരി കരിയാട്ടിൽ ‘റോസ്മ’ എന്ന പേരിൽ രണ്ടര വർഷം മുമ്പ് വർഗീസ് തുടങ്ങിയ സ്ഥാപനത്തിൽ വാനില, ചോക്ലേറ്റ്, ബിസ്ക്കറ്റ്, ഏലക്ക എന്നീ നാല് ഫ്ലേവറുകളിൽ അരിപ്പൊടി, റാഗിപ്പൊടി, മൈദ, നെയ്യ്, പഞ്ചസാര തുടങ്ങിയ 12തരം ചേരുവകൾ ചേർത്താണ് ബിസ്ക്കറ്റ് കപ്പുണ്ടാക്കുന്നത്.

കപ്പിൽ സൂക്ഷിക്കുന്ന ചായയോ, കാപ്പിയോ 15 മിനിറ്റ് വരെ ചൂടാറാതെ ഉപയോഗിക്കാം. ചോരുമെന്നോ ആരോഗ്യത്തിന് ഹാനികരമാകുമെന്നോ ആശങ്കവേണ്ട. ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹ രോഗികൾക്കും വരെ ബിസ്ക്കറ്റ് കപ്പ് ഉപയോഗിക്കാം. പ്രമേഹ രോഗികൾക്ക് പ്രത്യേകം ചേരുവകൾ ചേർത്താണ് ബിസ്ക്കറ്റ് കപ്പുണ്ടാക്കുന്നത്. 100 മില്ലി ലിറ്റർ ചായയോ കാപ്പിയോ കുടിക്കാവുന്ന കപ്പിന് എട്ട് രൂപയാണ് വില. ചായ കുടി കഴിഞ്ഞാൽ കടിച്ച് തിന്നാനാകുന്ന കപ്പ് മൂന്ന് ബിസ്ക്കറ്റ് കഴിച്ച ഫലമാണുളവാക്കുന്നത്. വർഗീസിന്‍റെ ബിസ്ക്കറ്റ് കപ്പിൽ 20 രൂപക്കാണ് റസ്റ്റേറന്‍റുകളിലും രുചിയേറും ചായ വിൽക്കുന്നത്. ഐസ്ക്രീം പാർലറുകളിലും മറ്റും ഉയർന്ന വിലയും ഈടാക്കുന്നു.

അഞ്ച് വർഷം മുമ്പ് വർഗീസിന്‍റെ സ്വന്തം ആശയത്തിൽ ഉദിച്ചതാണ് ബിസ്ക്കറ്റ് കപ്പ് നിർമാണം. തുടക്കത്തിൽ പുറം രാജ്യങ്ങളിൽ നിന്നാണ് മെഷിനറികൾ എത്തിച്ചത്. എന്നാൽ, ഉചിതമായ മെഷിനറി ലഭ്യമാകാതിരുന്നതിനാൽ ലക്ഷ്യത്തിലെത്താനായില്ല. 2018ലെ പ്രളയകാലത്തും മറ്റുമായി ഒന്നര വർഷത്തോളം യന്ത്രം തകരാറിലായി. ഉദ്ദേശിച്ച പോലെ കപ്പുണ്ടാക്കാനായില്ല. അതോടെ വർഗീസ് ഏറെ ക്ലേശം സഹിച്ചും ശ്രമം നടത്തിയും രൂപകൽപന ചെയ്ത് 2020 ഡിസംബർ 10ന് വികസിപ്പിച്ചെടുത്ത യന്ത്രത്തിലാണ് കപ്പുകളുണ്ടാക്കി ഇപ്പോൾ വിജയഗാഥ രചിച്ചിട്ടുള്ളത്.


കേരളത്തിൽ ഇത്തരത്തിൽ ബിസ്ക്കറ്റ് കപ്പ് ഉൽപാദിപ്പിക്കുന്നത് വർഗീസ് മാത്രമാണ്. അണുബാധയെ പേടിക്കാതെ തനിക്കു മാത്രമായുള്ള കപ്പിൽ തൃപ്തികരമായി ചായകുടിക്കും. യാത്രവേളകളിൽ ചായ രുചിച്ചു കുടിക്കുവാനും കപ്പ് ഉപകരിക്കും. കേരളത്തിലുടനീളമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ആഘോഷ, കായിക, ആനന്ദമേളകളിലെല്ലാം വർഗീസിന്‍റെ ബിസ്ക്കറ്റ് കപ്പിന് നല്ല പ്രചാരമാണുള്ളത്. കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലും രാജ്യാന്തര മേളകളിൽ വരെ ബിസ്ക്കറ്റ് കപ്പിന് ആവശ്യക്കാർ ഏറിവരുകയാണെന്നും വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

രണ്ടര വർഷം മുമ്പുണ്ടാക്കിയ കപ്പ് ഇപ്പോഴും കേടുപാടുകളോ ആരോഗ്യ പ്രശ്നങ്ങളോയില്ലാതെ ഉപയോഗിക്കാനാകുമെങ്കിലും ആറ് മാസത്തെ ഗ്യാരണ്ടി മാത്രമാണ് വർഗീസ് നൽകുന്നത്. കപ്പ് ഉൽപാദിപ്പിക്കുമ്പോൾ ഒടിഞ്ഞും പൊടിഞ്ഞും പോകുന്നവ വളർത്തു മൃഗങ്ങൾക്കും മറ്റും ഫാമുകളിലുമാണ് നൽകുന്നത്. ബിസ്ക്കറ്റ് കപ്പ് നിർമാണത്തിൽ വിജയകരമായി മൂന്നാം വർഷത്തിലേക്ക് കടന്ന വർഗീസ് മറ്റ് ചില നൂതന ഉൽപന്നങ്ങളുണ്ടാക്കന്നത് സംബന്ധിച്ചും ഗവേഷണം നടത്തിവരികയാണ്. ഭാര്യ റോസ്ലിയുടെ ആദ്യാക്ഷരവും മേരിമാതയുടെ ആദ്യാക്ഷരവും ചേർത്താണ് കപ്പിന് ‘റോസ്മ’ എന്ന നാമകരണം ചെയ്തതിന് പിന്നിലെ കൗതുകവും. മക്കൾ: ടോണി വർഗീസ് (അബുദാബി), അനുഫിൽഡ. മരുമക്കൾ: റെനി ടോണി, തോമസ്.

Tags:    
News Summary - Let's drink tea... let's have a cup... This is Varghese's Biscuit Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.