അച്ചൂസ് പിക്കിൾസ് എന്ന സ്ഥാപനത്തിൽ ഷൈജ
കട്ടപ്പന: രുചിയുടെ കൈപ്പുണ്യം തൊട്ടു വിളമ്പുകയാണ് ഷൈജ എന്ന വീട്ടമ്മ. കാൽവരിമൗണ്ട് മുളങ്ങശ്ശേരിൽ റോബിൻസിന്റെ ഭാര്യയായ ഷൈജയുടെ (45) കാൽവരിമൗണ്ടിലെ അച്ചൂസ് പിക്കിൾസ് ആൻഡ് സ്നാക്സ് എന്ന സ്ഥാപനമാണ് രുചിയുടെ വ്യത്യസ്തതകൾ സമ്മാനിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ സഹായത്തോടെ ഷൈജ ആരംഭിച്ച അച്ചാർ നിർമാണ യൂനിറ്റ് ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ്. ഭിന്നശേഷിക്കാരനായ മകൻ അച്ചുവിന്റെ കാര്യങ്ങൾ കൂടി നോക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സംരംഭം എന്ന ചിന്തയിൽ നിന്നാണ് അച്ചൂസ് പിക്കിൾസിന്റെ പിറവി.
നഴ്സായി ജോലി നോക്കിയിരുന്നെങ്കിലും മകന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ജോലി തടസ്സമായ സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് കുടുംബശ്രീയുടെ സഹായത്തോടെ 2022 ആഗസ്റ്റ് 31ന് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. ഒമ്പത് മാസത്തിനിടെ സംരംഭം വിജയം കണ്ടു. വളരെ ചെറിയ മുതൽ മുടക്കിൽ പ്രവർത്തനമാരംഭിച്ച യൂനിറ്റ് ഇന്ന് പ്രതിമാസം 3,80,000 രൂപയുടെ വിറ്റുവരവിലേക്ക് ഉയർന്നു.
ജില്ല മിഷന്റെ എസ്.വി.ഇ.പി പദ്ധതി വഴി 40,000 രൂപയുടെയും പി.എം.വി.ജി പദ്ധതിയിലൂടെ 2,80,000 രൂപയുടെ ധനസഹായവും ഷൈജക്ക് ലഭിച്ചു. കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപന്നങ്ങൾ റസ്റ്റാറന്റിലൂടെ വിൽക്കുന്നുമുണ്ട്. സഹായത്തിന് ഭിന്നശേഷിക്കാരനായ മകനും ഭർത്താവും രണ്ട് തൊഴിലാളികളും മാത്രമാണുള്ളത്. പ്രിസർവേറ്റിവ്സ് ഒന്നും ചേർക്കാതെ ഹോം മെയ്ഡ് ആയി ഉൽപാദിപ്പിക്കുന്നതിനാൽ രുചിയിലും ഗുണത്തിലും മുന്നിലാണ്. അതാണ് സ്ഥാപനത്തിന്റെ വിജയമന്ത്രമെന്നും ഷൈജ പറയുന്നു.
മാങ്ങാ, നാരങ്ങാ, പടവലം, ഇഞ്ചി, ഇടിച്ചക്ക, കോവക്ക, പച്ചമുളക്, കാന്താരി, വെളുത്തുള്ളി, ക്യാരറ്റ്, ബീറ്റ് റൂട്ട്, വാഴപ്പിണ്ടി, വാഴത്തൊലി, നെല്ലിക്ക, ചെമ്മീൻ, മീൻ, ബീഫ് തുടങ്ങിയ അച്ചാറുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അച്ചൂസ് റസ്റ്റാറന്റ് എന്ന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ചട്ടിച്ചോറ്, ചട്ടിക്കഞ്ഞി എന്നിവയാണ് പ്രധാന വിഭവങ്ങൾ. രുചിയുടെ വിജയം മാത്രമല്ല റസ്റ്റാറന്റ് തുടങ്ങിയശേഷം മകന്റെ മാനസിക വളർച്ചയും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ഏറെ മാറ്റം ഉണ്ടായതായാണ് ഷൈജയുടെ അനുഭവം.
റസ്റ്റോറന്റ് തുറക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും ചെയ്യാൻ അവൻ തന്നെ മുന്നിട്ടിറങ്ങും. ഭിന്നശേഷിക്കാരായ മക്കളുള്ളവർക്ക് ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാക്കാവുന്നതാണ്. 20 വർഷമായി ഷൈജ കുടുംബശ്രീയിൽ പ്രവർത്തിക്കുന്നുണ്ട്. കാമാക്ഷി പഞ്ചായത്തിലെ സുവർണ കുടുംബശ്രീ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.