കൊൽക്കത്തയിലുണ്ട് എച്ച്.ഐ.വി ബാധിത ജീവനക്കാരുടെ കഫെ; ഏഷ്യയിലെ ആദ്യ സംരംഭം

കൊൽക്കത്ത: എച്ച്.ഐ.വി ബാധിത ജീവനക്കാർ നടത്തുന്ന ഏഷ്യയിലെ ആദ്യത്തെ കഫെ കൊൽക്കത്തയിൽ. എച്ച്.ഐ.വി ബാധിതരായ ഏഴ് കൗമാരക്കാരാണ് കഫെ പോസിറ്റീവ് എന്ന സ്ഥാപനം നടത്തുന്നത്.

കല്ലോൽ ഘോഷ് (55) എന്ന കൊൽക്കത്ത നിവാസിയാണ് ഈ സംരംഭത്തിന് പിന്നിൽ. എച്ച്.ഐ.വി ബാധിതരായ യുവാക്കൾക്ക് തൊഴിലവസരവും ബോധവത്കരണം നൽകലുമാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്.

കഫെയോടുള്ള ആളുകളുടെ പ്രതികരണം എല്ലായ്പ്പോഴും അനുകൂലമായിരുന്നില്ല എന്ന് ഘോഷ് പറയുന്നു. ജീവനക്കാർ എച്ച്.ഐ.വി ബാധിതരാണെന്ന് അറിയുമ്പോൾ ചിലർ അസ്വസ്ഥത കാട്ടുകയും മറ്റു ചിലർ കഫെയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാൽ, ആളുകൾക്ക് കൃത്യമായി ബോധവത്കരണം നടത്തിയതോടെ ഇതിൽ മാറ്റം വന്നു. മറ്റു വൈറസ് രോഗങ്ങൾപ്പോലെ ഇത് പടരുകയില്ലെന്നും തന്റെ കഫെയുടെ ഉദ്ദേശം വ്യക്തമാവുകയും ചെയ്തപ്പോൾ ആളുകൾ സഹകരിക്കുന്നുണ്ടെന്നും ഘോഷ് പറയുന്നു.


2018ൽ കൊൽക്കത്തയിലെ ജോത്പൂരിലാണ് കഫെ ആദ്യമായി തുടങ്ങുന്നത്. ഉപഭോക്താക്കളുടെ വർധിച്ചുവന്ന തിരക്കും സ്ഥല പരിമിതിയും കാരണം കഫെ ബാലിംഗംഗിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

എല്ലായിടത്തും കടുത്ത അവഹേളനം നേരിടുന്നവരാണ് എച്ച്.ഐ.വി ബാധിതർ. എന്നാൽ, ക​ഫെ പോസിറ്റീവിലെ കൗമാരക്കാർ തല ഉയർത്തി തന്നെയാണ് ജോലി ചെയ്യുന്നത്. കൊൽക്കത്ത നഗരം ഇരുകൈയും നീട്ടിയാണ് തങ്ങളെ സ്വീകരിച്ചതെന്നും ഇവിടെ പതിവായി കോളജ് വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ഉയർന്നതലങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരും സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയും യാതൊരു മടിയും കൂടാതെ ക​ഫെയിൽ എത്തുന്നുണ്ടെന്ന് ഘോഷ് പറയുന്നു. രാജ്യത്തുടനീളം എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുമ്പോൾ, അതിനെതിരെ പോരാടുന്നവർക്ക് കഫെ പോസിറ്റീവ് ഒരു പ്രചോദനമാണ്.

Tags:    
News Summary - HIV-infected staff cafe in Kolkata; The first venture in Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.