ഗൾഫുഡ്’ വേദിയായ ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ തിരക്ക്
ദുബൈ: ഭക്ഷ്യമേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിന് മികവുറ്റ ആശയങ്ങൾ പങ്കുവെച്ച് ‘ഗൾഫുഡി’ന്റെ 28ാം എഡിഷന് സമാപനം. അഞ്ചുദിവസം നീണ്ട ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളയുടെ അവസാന ദിനമായ വെള്ളിയാഴ്ചയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഹരിത പദ്ധതികൾ പങ്കുവെക്കപ്പെടുകയും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത വർഷമെന്ന സവിശേഷത ഇത്തവണയുണ്ട്. ഭക്ഷ്യ ഉൽപാദന, വ്യാപാര, ഉപഭോഗ രംഗങ്ങളിൽ ഉപയോഗിക്കാവുന്ന പരിസ്ഥിതി അനുകൂല മാർഗങ്ങളെക്കുറിച്ച ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു ‘ഗൾഫുഡ് ഗ്രീൻ’ പരിപാടി. ഇതടക്കം വിവിധ സെഷനുകളിൽ ഹരിത പദ്ധതികളെ സംബന്ധിച്ച ചർച്ചകൾ നടന്നു.
സുസ്ഥിരത തീം ഗൾഫുഡ് ഇൻസ്പയർ കോൺഫറൻസ് അടക്കം ഒന്നിലധികം പരിപാടികളിലൂടെ മേളയുടെ കേന്ദ്രസ്ഥാനത്തുവരുന്നതായി ദുബൈ വേൾഡ് ട്രേഡ് സെന്റർ എക്സിബിഷൻസ് വൈസ് പ്രസിഡന്റ് മാർക് നാപിയർ പറഞ്ഞു. യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയായ ‘കോപ്-28’ന് ദുബൈ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ ഉൽപാദനത്തിലേക്കും ഉപഭോഗത്തിലേക്കും മാറുന്നതിനുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തേക്കാൾ പ്രദർശകരുടെ എണ്ണത്തിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തിയ മേളയിൽ പുതുതായി എത്തിച്ചേർന്ന എക്സിബിഷനുകളുടെ ഏരിയയായ ‘ഗൾഫുഡ് പ്ലസി’ലും നവീന കാഴ്ചപ്പാടുകളും ഉൽപന്നങ്ങളുമാണ് പ്രധാനമായും പ്രദർശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയടക്കം 125 രാജ്യങ്ങളുടെ പവിലിയനുകളിലും സുസ്ഥിരതക്ക് ഊന്നൽനൽകുന്ന രീതിയിൽ വികസിപ്പിച്ച ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്.
ലോകത്തെ വിവിധ സംഭവവികാസങ്ങൾ പല രാജ്യങ്ങളിലും പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഭക്ഷ്യമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം മുന്നോട്ടുവെക്കുന്നതാണ് മേളയിൽ നടന്ന സംവാദങ്ങൾ.
ഭക്ഷ്യ ഉൽപാദക, വിതരണ മേഖലയിലെ വിദഗ്ധരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. പ്രദർശനവും വിൽപനയും നിക്ഷേപ സാധ്യതകളും തുറന്നിട്ട മേളയിൽ ‘ദുബൈ വേൾഡ് ക്യുസിൻ’ എന്നപേരിൽ ലോകത്തെ തനതായ ഭക്ഷണസംസ്കാരത്തെ പരിചയപ്പെടുത്തുന്ന പരിപാടിയും ശ്രദ്ധനേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.