സൂഖ് വാഖിഫിലെ ഈത്തപ്പഴ ഫെസ്റ്റിവൽ (ഫയൽ ചിത്രം)
മധുരിക്കും ഈത്തപ്പഴമേള
മരുഭൂമിയിൽ വിളഞ്ഞ ഈത്തപ്പഴങ്ങൾകൊണ്ട് മധുരം സമ്മാനിച്ച പത്തുനാളുകൾക്ക് ശനിയാഴ്ച സൂഖ് വാഖിഫിൽ കൊടിയിറങ്ങുകയാണ്. ഖത്തറിലെ നൂറിലേറെ ഫാമുകളിൽനിന്നുള്ള കർഷകരുടെ പങ്കാളിത്തവുമായി നടന്ന സൂഖ് വാഖിഫ് ഈത്തപ്പഴ മേള ശരിക്കും മലയാളികളുടെ മേള കൂടിയായിരുന്നു.
ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആറു ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 120ൽ ഏറെ ടൺ ഈത്തപ്പഴങ്ങൾ. ഓരോ ദിവസവും ശരാശരി 20 ടൺ ഈത്തപ്പഴങ്ങളാണ് സന്ദർശകർ വാങ്ങിക്കൊണ്ടുപോകുന്നത്. മരുഭൂമിയെ ചുട്ടുപൊള്ളിക്കുന്ന ചൂട് ഈത്തപ്പഴം പാകമാവാനുള്ള പ്രകൃതിയുടെ ഒരുക്കമെന്നാണ് വിശേഷിപ്പിക്കുന്നത്. ആ ചൂടിനിടയിൽ പാകമായ ഈത്തപ്പഴങ്ങളുടെ പുതുസീസണിന് തുടക്കം കൂടിയായിരുന്നു എട്ടാമത് സൂഖ് വാഖിഫ് ഫെസ്റ്റ്.
ഇന്ത്യക്കാരുടെ സന്ദർശനത്തെ അവരുടെ ആവേശത്തെയും ഫെസ്റ്റിവൽ സൂപ്പർ വൈസർ കൂടിയായ ഖാലിദ് സൈഫ് അൽ സുവൈദി അഭിനന്ദിച്ചു. സ്വദേശികൾക്കൊപ്പം വിദേശികളും, ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികളും വലിയ തോതിൽ സന്ദർശകരായെത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ വർഷങ്ങളേക്കാൾ ഫാമുകളുടെയും സന്ദർശകരുടെയും എണ്ണത്തിൽ ഇത്തവണ റെക്കോഡ് കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈത്തപ്പഴങ്ങളിൽ ഏറ്റവും ഡിമാൻഡ് അൽ ഖലസ് എന്നറിയപ്പെടുന്ന വിഭാഗത്തിനാണ്. ഓരോ ദിവസവും കൂടുതൽ അളവിൽ വിറ്റുപോകുന്നതും ഇതു തന്നെ. അതേസമയം, വി.ഐ.പിയായ അജ്വ തേടിയെത്തുന്നവരുമുണ്ട്. അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, അൽ റസീസി, അൽ ലുലു, നബ്ത് സെയ്ഫ്, അൽ സഖായ് തുടങ്ങി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഇരുപതിലധികം ഇനം ഈത്തപ്പഴങ്ങളാണ് സൂഖിൽ പ്രധാനമായുമുള്ളത്. ഉണക്കിയ ഈത്തപ്പഴങ്ങൾ, ഈത്തപ്പഴ ജ്യൂസുകൾ, സിറപ്പ്, പായസം, കേക്ക്, ജാം എന്നീ വൈവിധ്യങ്ങളും വിവിധ പഴവർഗങ്ങളും ആവശ്യക്കാർക്കായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.