ഡയറി മിൽക്കോ, ലിന്റോ, ഹെർഷീസോ ആകട്ടെ, മിക്കവാറും എല്ലാ ചോക്ലേറ്റ് ബാറുകളിലും തലമുറകളായി ഒരേപോലെ തുടരുന്ന ഒരു പ്രധാന ഡിസൈൻ സവിശേഷതയുണ്ട്. അവയുടെ മുകളിൽ കൃത്യമായി അമർത്തി വെച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകൾ അഥവാ സെഗ്‌മെന്റുകൾ. നമ്മളിൽ ഭൂരിഭാഗം പേരും ഇതൊന്നും കാര്യമായി ശ്രദ്ധിക്കാറേയില്ല. പെട്ടെന്ന് തന്നെ അതിൽ നിന്നൊരു കഷണം പൊട്ടിച്ചെടുത്ത് വായിലേക്കിട്ട് നമ്മൾ നമ്മുടെ വഴിക്ക് പോകും. എന്നാൽ ഈ ചെറിയ കട്ടകൾ വെറുമൊരു ഭംഗിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതല്ല. ചോക്ലേറ്റ് കഴിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും അത് നിർമിക്കാനും ഒക്കെ കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി പ്രായോഗിക എഞ്ചിനീയറിങും സ്മാർട്ട് മാനുഫാക്ചറിങും മനശാസ്ത്രവും ഒക്കെ ഒത്തുചേർന്നുണ്ടാക്കിയ ഒരു കിടിലൻ ഡിസൈനാണിത്. ചോക്ലേറ്റ് ബാറുകൾ ഇങ്ങനെ ചെറിയ കട്ടകളായി തിരിച്ചിരിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചോക്ലേറ്റ് ബാറുകൾ ഇങ്ങനെ മുറിച്ചു വെച്ചിരിക്കുന്നതിന് പിന്നിലെ ഏറ്റവും ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ കാരണം അവ എളുപ്പത്തിൽ പൊട്ടിച്ചെടുക്കാൻ സാധിക്കണം എന്നത് തന്നെയാണ്. ചോക്ലേറ്റ് സാധാരണയായി നല്ല കട്ടിയുള്ളതും എന്നാൽ പെട്ടെന്ന് ഒടിഞ്ഞുപോകുന്നതുമായ ഒരു ആഹാരസാധനമാണ്. ഇത്തരം വരമ്പുകൾ അഥവാ നിർമാണരംഗത്ത് 'സ്കോർ ലൈനുകൾ' എന്ന് വിളിക്കുന്ന അടയാളങ്ങൾ ഇല്ലായിരുന്നെങ്കിൽ, ചോക്ലേറ്റിൽ നിന്നും ഒരു ചെറിയ കഷണം പൊട്ടിച്ചെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാകുമായിരുന്നു. അത് പലപ്പോഴും കൃത്യമായ രൂപത്തിലല്ലാതെ പൊട്ടാനും പൊടിഞ്ഞു പോകാനും കാരണമാകും. ചോക്ലേറ്റിലെ ഈ വരകൾ അവ കൃത്യമായി എവിടെയാണോ ഒടിയേണ്ടത് അവിടെ മാത്രം ഒടിയാൻ സഹായിക്കുന്നു. ഒരു കത്തിയുടെയോ മറ്റ് ആയുധങ്ങളുടെയോ സഹായമില്ലാതെ തന്നെ ചോക്ലേറ്റ് കൃത്യമായ അളവിൽ മുറിച്ചെടുക്കാൻ ഈ ഡിസൈൻ നമ്മളെ സഹായിക്കുന്നു.
പണ്ടുകാലം മുതലേ ചോക്ലേറ്റ് എന്നത് മറ്റുള്ളവരുമായി പങ്കിട്ടു കഴിക്കാനുള്ള ഒരു വിഭവമായാണ് കണക്കാക്കപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പമിരുന്ന് സിനിമ കാണുമ്പോഴോ അല്ലെങ്കിൽ ആഘോഷവേളകളിൽ സമ്മാനമായി നൽകുമ്പോഴോ ഒക്കെ ചോക്ലേറ്റ് ബാറുകൾ കൃത്യമായി വീതം വെക്കാൻ ഈ ഡിസൈൻ സഹായിക്കുന്നു.
ഈ ചെറിയ കട്ടകൾ നമ്മൾ കഴിക്കുന്ന ചോക്ലേറ്റിന്റെ അളവ് നിയന്ത്രിക്കാനും ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. മനുഷ്യർ സാധാരണയായി വിശപ്പ് നോക്കി മാത്രമല്ല, കൺമുന്നിൽ കാണുന്ന കാഴ്ചകൾ കൂടി അടിസ്ഥാനമാക്കിയാണ് എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് ബിഹേവിയറൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ചെറിയ കഷണങ്ങളായി വിഭജിക്കുമ്പോൾ, ഓരോ കഷണവും കഴിച്ചു തീരുമ്പോൾ നമ്മൾ അറിയാതെ തന്നെ ഒന്ന് വിചാരിക്കും ഇനി അടുത്തത് കഴിക്കണോ വേണ്ടയോ എന്ന്. ഒരു ചോക്ലേറ്റ് ബാർ മുഴുവനായി ഒന്നിച്ച് കഴിക്കുന്നതിന് പകരം, ഒന്നോ രണ്ടോ കട്ടകൾ കഴിച്ച ശേഷം പലരും തനിയെ നിർത്താറുണ്ട്.
ഈ പരിചിതമായ ഡിസൈൻ ഫാക്ടറികളിലെ ചോക്ലേറ്റ് നിർമാണം എളുപ്പമാക്കാനും സഹായിക്കുന്നുണ്ട്. ദ്രാവക രൂപത്തിലുള്ള ചോക്ലേറ്റ് പ്രത്യേക അച്ചുകളിലേക്ക് ഒഴിച്ചാണ് ചോക്ലേറ്റ് ബാറുകൾ തയാറാക്കുന്നത്. ഒരേപോലെയുള്ള ചതുരക്കട്ടകൾ ഉള്ളതിനാൽ എല്ലാ ചോക്ലേറ്റ് ബാറുകൾക്കും ഒരേ ആകൃതിയും കട്ടിയും തൂക്കവും ലഭിക്കുന്നു. തന്നെയുമല്ല, ഒരേ നിരപ്പിലുള്ള ഒരു കട്ടിയുള്ള ബ്ലോക്കിനേക്കാൾ വേഗത്തിലും തുല്യമായും ഇത്തരം ചെറിയ കട്ടകളുള്ള ചോക്ലേറ്റുകൾ തണുത്തുറയുന്നു. ഇത് ചോക്ലേറ്റിനുള്ളിൽ വായുക്കുമിളകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും. ചോക്ലേറ്റ് കട്ടയായിക്കഴിഞ്ഞാൽ അച്ചുകളിൽ നിന്നും കേടുപാടുകൾ കൂടാതെ എളുപ്പത്തിൽ വേർപെടുത്താനും ഈ വരകൾ സഹായിക്കുന്നുണ്ട്.
എല്ലാ ചോക്ലേറ്റ് ബാറുകളും ഒരേപോലെയുള്ള ചതുരക്കട്ടകൾ ആയിരിക്കണമെന്നില്ല. ചില ബ്രാൻഡുകൾ ആളുകൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന തനതായ ഡിസൈനുകൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ടോബ്ലെറോണിന്റെ ത്രികോണാകൃതിയിലുള്ള ഡിസൈൻ ലോകപ്രശസ്തമാണ്. മറ്റ് ചില കമ്പനികൾ അവരുടെ ലോഗോയോ പ്രത്യേക അലങ്കാരങ്ങളോ ഓരോ കഷണത്തിലും പതിപ്പിക്കാറുണ്ട്. ഇവ ബ്രാൻഡിങിന് സഹായിക്കുന്നതോടൊപ്പം തന്നെ ആളുകൾക്ക് എളുപ്പത്തിൽ പൊട്ടിച്ചെടുക്കാനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.