സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
2026 ഫിഫ ലോകകപ്പിൽ കിരീടം ഉയർത്തുന്ന ടീമിനെ പ്രവചിച്ച് മുൻ സ്വീഡിഷ് ഫുട്ബാളർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ആതിഥേയരായ അമേരിക്ക ഇത്തവണ കിരീടം നേടുമെന്നാണ് ഫുട്ബാൾ ഇതിഹാസത്തിന്റെ പ്രവചനം. സ്പെയിൻ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ തുടങ്ങിയ വമ്പൻ ടീമുകളെ തഴഞ്ഞാണ് അമേരിക്കക്ക് ഇബ്രാഹിമോവിച്ച് പിന്തുണ പ്രഖ്യാപിച്ചത്.
അമേരിക്കൻ മണ്ണിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിന് പിന്നാലെയാണ് ഇബ്രാഹിമോവിച്ചിന്റെ നിർണായക പ്രതികരണം. 1930ന് ശേഷം ആദ്യമായാണ് അമേരിക്ക തുടർച്ചയായി ലോകകപ്പിൽ രണ്ട് വിജയങ്ങൾ നേടുന്നത്.
'നിങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്നില്ലെങ്കിൽ, ഞാൻ വീണ്ടും പറയുന്നു. വിശ്വസിക്കാൻ തുടങ്ങുക. അവർക്ക് രാജ്യത്തിന്റെ പിന്തുണയുണ്ട്. ഇത്രയും വലിയ പിന്തുണയുള്ളപ്പോൾ അവരെ തോൽപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഓസ്‌ട്രേലിയ ഒരു ഭീഷണിയായിരുന്നില്ല. അവർക്ക് ഇപ്പോൾ ലഭിച്ച ആത്മവിശ്വാസവും ഒത്തിണക്കവുമാണ് കപ്പ് നേടാൻ അവരെ സഹായിക്കുക,' ഫോക്സ് സ്പോർട്സിനോട് സംസാരിക്കവെ ഇബ്രാഹിമോവിച്ച് പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ മൂന്ന് മത്സരത്തിൽ രണ്ടെണ്ണം വിജയിച്ച് ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32 (നോക്കൗട്ട്) ഘട്ടത്തിലേക്ക് അമേരിക്ക യോഗ്യത നേടിയിട്ടുണ്ട്. ആദ്യമത്സരത്തിൽ പരാഗ്വേയോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്ക വിജയം നേടിയത്. രണ്ടാം മത്സരത്തിൽ അമേരിക്ക 2-0 ഓസ്‌ട്രേലിയയെ തോൽപ്പിച്ചു. മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ മികച്ച പ്രകടനമാണ് അമേരിക്ക കാഴ്ചവെക്കുന്നത്. ടീമിന്റെ ഈ കുതിപ്പ് ലോകകപ്പ് നേട്ടത്തിലേക്ക് തന്നെ എത്തിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇബ്രാഹിമോവിച്ച് പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.