അറ്റ്ലാന്റയിലെ അൽ ഫറൂഖ് പള്ളി
മഴയിൽ പ്രാർഥനകളോടെ
അറ്റ്ലാന്റയിലെ മലയാളി കൂട്ടായ്മയുടെ വിഭവ സമൃദ്ധമായ ഡിന്നറിനുശേഷം മടക്കയാത്ര ചാറ്റൽ മഴയിൽ തുടങ്ങിയതായിരുന്നു. പക്ഷേ, താമസ സ്ഥലത്ത് എത്തുമ്പോഴേക്കും അത്യാവശ്യം മഴയുടെ ശക്തി കൂടി. കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനായ കോഴിക്കോട്ടുകാരനായ മലയാളി വളന്റിയർ ഷമീജ് ആയിരുന്നു എന്നെ റൂമിലെgibത്തിച്ചത്. പോർചുഗൽ ടീമിനെ അടുത്തുകാണാൻ അടുത്ത ദിവസം ഫ്ലോറിഡ വരെ പോകുന്നുണ്ടെന്നും കൂടെ പോരുന്നോയെന്ന് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം.
വെള്ളിയാഴ്ച ആയതിനാൽ അടുത്തുള്ള പള്ളി ഏതാണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നു. യൂബർ ബുക്ക് ചെയ്തപ്പോൾ വന്നത് ഫ്ലോറിഡ സ്വദേശിയായ യുവാൻറോയുടെ പുത്തൻ ടെസ്ല. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ പുള്ളിയുടെ മറുപടി ‘ഓസം’ എന്നായിരുന്നു.
ദൂരെ നിന്ന് നോക്കുമ്പോൾ തന്നെ വലിയ താഴികക്കുടങ്ങളോട് കൂടിയുള്ള മസ്ജിദ് ജറൂസലമിലെ ബൈത്തുൽ മുഖദസ്സിനോട് സാദൃശ്യം പുലർത്തുന്നതായി തോന്നി. യുവാൻറോയോട് നന്ദി പറഞ്ഞ് വിശാലമായ പള്ളിമുറ്റത്തേക്ക് കയറി.
ഇത് അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അറ്റ്ലാന്റയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ടതും തെക്കുകിഴക്കൻ അമേരിക്കയിലെ ഏറ്റവും വലുതുമായ അൽ ഫറൂഖ് എന്ന പള്ളിയാണ്. ഇവിടത്തെ വെള്ളിയാഴ്ച പ്രാർഥന രണ്ട് സമയങ്ങളിലായാണ് നടക്കുന്നത്. കൃത്യം 1.30 മണിക്ക് തന്നെ ഇംഗ്ലീഷിലുള്ള പ്രസംഗവും രണ്ടുമണിക്ക് നമസ്കാരവും ആണ് ആദ്യത്തെ ഷിഫ്റ്റ്. ഇതിൽ പങ്കെടുത്ത ആളുകൾ പുറത്തിറങ്ങിയാൽ അടുത്ത ഷിഫ്റ്റ് 2.30 മണിക്കാണ്. പുറത്ത് ഭക്ഷണ സാധനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളുകൾ വീട്ടിലേക്ക് ഇത് വാങ്ങിപ്പോകുന്നുണ്ട്. 14 ഡോളർ ആണ് ഈ ഒരു പാക്കറ്റിന് വില.
ആദ്യ ബാച്ച് ജുമുഅ പ്രാർഥന കഴിഞ്ഞ് പള്ളിയും ചുറ്റുപാടുകളും കറങ്ങി ഡൽഹി സ്വദേശി ഇമാമുമായി അൽപനേരം സംസാരിച്ചു. ആരാധനാലയം എന്നതിലുപരി ഒരു കമ്യൂണിറ്റി സെൻററായാണ് ഇത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സമീപത്തുള്ള ജോർജിയ ടെക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കുവേണ്ടി നല്ല രീതിയിലുള്ള സാംസ്കാരിക സദസ്സുകളും സംഘടിപ്പിക്കാറുണ്ടെന്നും ഇതര മതസ്ഥർക്കടക്കം പള്ളി സന്ദർശിക്കാനും ലൈബ്രറി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാക്കറ്റ് ഭക്ഷണം വാങ്ങി അവിടെ മുറ്റത്ത് കസേരയിലിരുന്ന് കഴിച്ചു. പിന്നീട് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.