ട്രംപ്
വാഷിങ്ടൺ: ഫിഫ ലോകകപ്പിനായി യു.എസിലേക്ക് വരുന്നവർ 'ശരിയായ ആളുകളാണെന്ന്' ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷ-കുടിയേറ്റ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെതന്നെ, സന്ദർശകർക്കുള്ള യാത്ര സൗകര്യങ്ങൾ സുഗമമാക്കാനാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാനഡയും മെക്സിക്കോയുമായി ചേർന്നുള്ള സംയുക്ത ബിഡിന്റെ ഭാഗമായി ടൂർണമെന്റിലെ ആകെയുള്ള 104 മത്സരങ്ങളിൽ ഭൂരിഭാഗവും യു.എസിലാണ് നടത്തപ്പെടുന്നത്.
ലോകകപ്പിന് തൊട്ടുമുമ്പുള്ള നാളുകളിൽ യു.എസിന്റെ കുടിയേറ്റ-അതിർത്തി നയങ്ങൾക്കെതിരെ ആഗോളതലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. കളിക്കാർ, ഉദ്യോഗസ്ഥർ, ആരാധകർ എന്നിവർ നേരിടുന്ന വിസ നിഷേധം, യാത്ര നിയന്ത്രണങ്ങൾ, സുരക്ഷ പരിശോധനകൾ എന്നിവയിൽ മനുഷ്യാവകാശ സംഘടനകളും ഫുട്ബാൾ ലോകവും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ആരംഭിക്കുന്നതിനുമുമ്പ് തന്നെ വംശീയ വിവേചനം,കുടിയേറ്റ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമീഷണർ വോൾക്കർ ടർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകകപ്പിന് മുന്നോടിയായി പല അനിഷ്ട സംഭവങ്ങളും വിവാദങ്ങളും അമേരിക്കയിൽ നടന്നിരുന്നു. ചില ഇറാനിയൻ ഉദ്യോഗസ്ഥർക്ക് യു.എസ് വിസ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഫ്രിക്കയിലെ മുൻനിര മാച്ച് ഒഫീഷ്യലുകളിൽ ഒരാളായ സോമാലിയൻ റഫറി ഒമർ അർതാന് യു.എസിലേക്ക് പ്രവേശനം നിഷേധിച്ചതാണ് മറ്റൊരു സംഭവം. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അർതാന് പ്രവേശനം നിഷേധിച്ചതെന്നാണ് യു.എസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളോ തെളിവുകളോ പരസ്യപ്പെടുത്താൻ അവർ തയാറായിട്ടില്ല.
അതിനിടെ, വിമാനത്താവളത്തിലെ റൺവേയിൽ വെച്ച് ഒരു സെനഗൽ താരത്തെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരാധകർക്കും കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നത്. വിമാന ടിക്കറ്റുകൾക്കും താമസ സൗകര്യങ്ങൾക്കുമായി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച മൊറോക്കോ, സ്കോട്ട് ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആരാധകരുടെ യാത്ര രേഖകൾ അവസാന നിമിഷം റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്തതായും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.