'എല്ലാവർക്കും തുല്യനീതി വേണം'; ഇറാൻ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് കോച്ച്

യു.എസ്: ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയുടെ കടുത്ത യാത്രാ നിയന്ത്രണങ്ങളും ഷെഡ്യൂളിങ്ങിലെ വിവേചനവും നേരിടുന്ന ഇറാൻ ഫുട്ബാൾ ടീമിന് പിന്തുണയുമായി ഈജിപ്ത് ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ഹുസ്സം ഹസ്സൻ ഹുസൈൻ. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളോടും തുല്യമായ പരിഗണന കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ ശനിയാഴ്ച ഈജിപ്തും ഇറാനും നേർക്കുനേർ വരാനിരിക്കെയാണ് ഹസ്സന്റെ ഈ പ്രതികരണം.

ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും തുല്യ പരിഗണന ലഭിക്കാൻ അവകാശമുണ്ട്. കാരണം ഫിഫ വിഭാവനം ചെയ്യുന്നത് പരസ്പര ബഹുമാനവും 'ഫെയർ പ്ലേ'യുമാണ്. എല്ലാവരും എല്ലാവരെയും ബഹുമാനിക്കണമെന്നും തുല്യനീതി ഉറപ്പാക്കണമെന്നുമാണ് ഇതിനർത്ഥം. അതുകൊണ്ടാണ് ഞങ്ങൾക്കെല്ലാവർക്കും ഞാൻ വിജയം ആശംസിക്കുന്നത്. ഞാൻ ഏറെ ബഹുമാനിക്കുന്ന ടീമുകളിലൊന്നാണ് ഇറാൻ" - ഹുസ്സം ഹസ്സൻ വ്യക്തമാക്കി. ലോകകപ്പ് വേദിയിൽ ഒരു സഹമത്സരാർത്ഥിയിൽ നിന്ന് ഇറാന് ലഭിക്കുന്ന അപൂർവ്വമായ ഐക്യദാർഢ്യ പ്രഖ്യാപനമായി ഇത് മാറി.

ലോകകപ്പ് മത്സരങ്ങൾക്കായി മെക്സിക്കോയിൽ പരിശീലന ക്യാമ്പ് ഒരുക്കിയ ഇറാൻ, യു.എസിന്റെ പടിഞ്ഞാറൻ തീരത്താണ് തങ്ങളുടെ മത്സരങ്ങൾ കളിക്കുന്നത്. എന്നാൽ യു.എസ് അധികൃതരുടെ കടുത്ത നിയന്ത്രണങ്ങൾ കാരണം മത്സരത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് ഇറാൻ താരങ്ങൾക്കും സ്റ്റാഫിനും യു.എസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. മത്സരം കഴിഞ്ഞയുടൻ രാജ്യം വിടണമെന്ന കർശന നിർദ്ദേശവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച സിയാറ്റിലിൽ നടക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി മാത്രമാണ് അമേരിക്ക ഈ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തിയത്. ഇത്തവണ മത്സരത്തിന് രണ്ട് ദിവസം മുൻപ് ഇറാൻ ടീമിന് നഗരത്തിലെത്താൻ അനുവാദം ലഭിച്ചു. യു.എസിന്റെ ഇത്തരം യാത്രാ നയങ്ങൾ തങ്ങളുടെ കളിക്കാരുടെ ഫിറ്റ്നസിനെയും തയ്യാറെടുപ്പുകളെയും സാരമായി ബാധിച്ചുവെന്ന് ഇറാൻ കോച്ച് അമീർ ഖാലെനോയി വാർത്തസമ്മേളനത്തിൽ ആവർത്തിച്ചു.

മത്സരത്തിന് രണ്ട് ദിവസം മുൻപ് എത്തുക എന്നത് ഞങ്ങളുടെ അവകാശമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന അവകാശം. എന്നാൽ കൃത്യസമയത്ത് എത്തുന്നതിൽ നിന്നും അവർ ഞങ്ങളെ വിലക്കുകയാണുണ്ടായത്. എങ്കിലും ഈ പ്രതിസന്ധികളെല്ലാം ഞങ്ങൾ കളിസ്ഥളത്തിന് പുറത്തുനിർത്തും. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറും' - ഖാലെനോയി പറഞ്ഞു.

സലാഹിൽ മാത്രമല്ല കണ്ണ്; പോരാട്ടം ചരിത്ര പാരമ്പര്യമുള്ളവർ തമ്മിൽ

ഇരു ടീമുകളുടെയും പരിശീലകർ വാർത്തസമ്മേളനത്തിൽ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. ലോകകപ്പ് വേദിയിൽ പുരാതന നാഗരികതകളുടെ പാരമ്പര്യമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ മാറ്റുരയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഖാലെനോയി പറഞ്ഞു. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെ മാത്രം തടയുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും ഈജിപ്ത് മികച്ച തന്ത്രങ്ങളുള്ള ഒരു സംഘടിത ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സലാഹിന് പുറമെ മികച്ചതും പ്രശസ്തരുമായ ഒട്ടേറെ കളിക്കാർ ആ ടീമിലുണ്ട്,' അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിൽ നാല് പോയിന്റുമായി ഈജിപ്താണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഒരു സമനില നേടിയാൽ പോലും ഈജിപ്തിന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം. അതേസമയം, രണ്ട് പോയിന്റുള്ള ഇറാന് വിജയം അനിവാര്യമാണ്. സമനില മതിയാകുമെങ്കിലും കണക്കുകൂട്ടലുകൾക്ക് നിൽക്കാതെ വിജയത്തിനായി തന്നെയാകും ടീം കളത്തിലിറങ്ങുകയെന്ന് ഹസ്സൻ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച ന്യൂസിലാൻഡിനെ 3-1 ന് തോൽപ്പിച്ച് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ച ആവേശത്തിലാണ് ഈജിപ്ത്. തങ്ങളുടെ ആരാധകർക്ക് വീണ്ടും സന്തോഷം നൽകാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഹസ്സൻ ഉറപ്പുനൽകി.

Tags:    
News Summary - Egypt Coach Hossam Hassan Extends Solidarity to Iran Amid U.S. Travel Restrictions Before World Cup Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.