981 ദിവസത്തെ ഇടവേളക്കുശേഷം ബ്രസീലിന്‍റെ മഞ്ഞ കുപ്പായത്തിൽ ഇറങ്ങിയ സൂപ്പർതാരം നെയ്മറെ വാനോളം പുകഴ്ത്തി ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് നെയ്മർ രാജകീയ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ സ്കോട്ട്‌ലൻഡിനെ തകർത്തത്.
മത്സരത്തിന്റെ 76-ാം മിനിറ്റിൽ മാത്യൂസ് കൂന്യക്ക് പകരക്കാരനായാണ് 34-കാരനായ നെയ്മർ കളത്തിലിറങ്ങിയത്. സൈഡ്‌ലൈനിൽ 10-ാം നമ്പർ ബോർഡ് ഉയർന്നപ്പോൾ ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്നാണ് പ്രിയതാരത്തെ വരവേറ്റത്. തന്റെ നാലാം ലോകകപ്പിനായി ഒരിക്കൽക്കൂടി ബ്രസീൽ കുപ്പായത്തിൽ കളത്തിലിറങ്ങുമ്പോൾ നെയ്മറുടെ കണ്ണുകളും നിറഞ്ഞിരുന്നു. കുറഞ്ഞ സമയമേ കളിച്ചുള്ളുവെങ്കിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. മത്സരത്തിന് ശേഷം നെയ്മർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച (നിങ്ങൾ ആരാണെന്ന് ഓർക്കുക) എന്ന വൈകാരികമായ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു.
നെയ്മറുടെ മികച്ച പ്രകടനത്തിൽ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി സംതൃപ്തി രേഖപ്പെടുത്തി. 'അവൻ ഈ അവസരം അർഹിച്ചിരുന്നു. അതിനാലാണ് ഞാൻ അവനെ കളത്തിലിറക്കിയത്. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അവൻ വന്നത്. കുറച്ചു സമയം മാത്രമേ കളിച്ചുള്ളൂവെങ്കിലും അവൻ മികച്ച പ്രകടനം പുറത്തെടുത്തു,' ആഞ്ചലോട്ടി വ്യക്തമാക്കി. 'കളിക്കാൻ നെയ്മർക്ക് പ്രത്യേകിച്ചൊരു പ്രേരണയുടെയും ആവശ്യമില്ല, ബ്രസീൽ ജഴ്സിയണിയാൻ ഒരു താരത്തിനും മോട്ടിവേഷൻ ആവശ്യമില്ല,' അദ്ദേഹം പറഞ്ഞു. '34-ാം വയസ്സിലും ഫുട്ബാളിനോട് ഒരു കൊച്ചുകുട്ടിയുടെ അതേ ആവേശമാണ് അവന്.'
2023 ഒക്ടോബറിൽ ഉറുഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഏറ്റ എ.സി.എൽ പരിക്കാണ് നെയ്മറുടെ കരിയറിൽ വലിയൊരു ഇടവേള സൃഷ്ടിച്ചത്. പിന്നീട് കാലിനേറ്റ മറ്റൊരു പരിക്കുകൂടി തിരിച്ചുവരവ് വൈകിപ്പിച്ചു. പരിക്കുമൂലം ലോകകപ്പിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട രാജ്യത്തിനായി വീണ്ടും ബൂട്ടണിഞ്ഞ് വിമർശകർക്കുള്ള മറുപടി കളിക്കളത്തിൽ തന്നെ നൽകിയിരിക്കുകയാണ് നെയ്മർ.
നെയ്മറുടെ തിരിച്ചുവരവിൽ സഹതാരങ്ങളും വലിയ ആവേശത്തിലാണ്. 'അവനൊരു താരമാണ്, ജീനിയസാണ്, ഞങ്ങൾക്കെല്ലാവർക്കും മാതൃകയാണ്,' ബ്രസീൽ മിഡ്‌ഫീൽഡർ ബ്രൂണോ ഗിമാറസ് പറഞ്ഞു. 'മികച്ചൊരു കളിക്കാരൻ മാത്രമല്ല, നല്ലൊരു വ്യക്തി കൂടിയാണവൻ. കളത്തിലിറങ്ങുമ്പോൾ അവന് ഏറ്റവും മികച്ച പിന്തുണ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവൻ വളരെ സന്തുഷ്ടനാണെന്നാണ് ഞാൻ കരുതുന്നത്.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.