ടെക്സസ്: പ്രമുഖ താരങ്ങളുടെ സുവർണ്ണ തലമുറയ്ക്ക് പോലും സാധിക്കാതിരുന്ന ചരിത്ര നേട്ടവുമായി ഐവറി കോസ്റ്റ് ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. രണ്ട് ഗോളുകൾക്ക് ക്യുറസാവോയെ തകർത്താണ് ഐവറി കോസ്റ്റ് തങ്ങളുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടം കടന്നത്. ഐവറി കോസ്റ്റിനായി സൂപ്പർ താരം നിക്കോളാസ് പെപ്പെ ഇരട്ട ഗോളുകൾ നേടി. വിജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഇ-യിൽ രണ്ടാം സ്ഥാനക്കാരായാണ് ആഫ്രിക്കൻ കരുത്തർ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
നോക്കൗട്ട് ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന ഐവറി കോസ്റ്റ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ അവർ ലീഡെടുത്തു. ക്യുറസാവോ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് പന്ത് തട്ടിയെടുത്ത യാൻ ഡിയോമൻഡെ നൽകിയ പാസ് നിക്കോളാസ് പെപ്പെ അനായാസം വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയെങ്കിലും കുറകാവോ മികച്ച രീതിയിൽ പൊരുതിനോക്കി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജൂനിഞ്ഞോ ബക്കൂനയ്ക്ക് ലഭിച്ച സുവർണ്ണാവസരം ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച ഐവറി കോസ്റ്റ് 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മുൻ ആഴ്സണൽ ഫോർവേഡായ പെപ്പെയുടെ ഇടംകാലൻ ഷോട്ട് ക്യുറസാവോ ഗോളി എലോയ് റൂമിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. ഈ പ്രകടനത്തോടെ പെപ്പെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
ദ്രോഗ്ബയ്ക്കും യായ ടൂറെയ്ക്കും കഴിയാത്തത്!
ഡിഡിയർ ദ്രോഗ്ബ, യായ ടൂറെ തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരന്ന ഐവറി കോസ്റ്റിന്റെ സുവർണ്ണ തലമുറയ്ക്ക് 2006, 2010, 2014 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വലിയ സൂപ്പർ താരങ്ങളില്ലാത്ത ഈ യുവനിര മാനസികക്കരുത്തുകൊണ്ട് ആ ശാപം മറികടന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകൾക്ക് യോഗ്യത നേടാനാവാത്തതിന്റെ നിരാശയും ഇതോടെ ആരാധകർ മറന്നു.
മറുവശത്ത്, ലോകകപ്പ് കളിക്കുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോർഡുമായി വന്ന ക്യുറസാവോ ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും ഇക്വഡോറിനെതിരെ സമനില നേടി ചരിത്രത്തിലെ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കിയാണ് മടങ്ങുന്നത്.
ജൂൺ 30-ന് ടെക്സസിലെ അർലിംഗ്ടണിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗ്രൂപ്പ് ഐ-യിലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് അല്ലെങ്കിൽ നോർവേയാകും ഐവറി കോസ്റ്റിന്റെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.