നെ​ത​ർ​ല​ൻ​ഡ്സ് താ​രം സ​മ്മ​ർ​വി​ലി​ന്റെ കി​ക്ക് സേ​വ് ചെ​യ്യു​ന്ന മൊ​റോ​ക്ക​ൻ ഗോ​ൾ കീ​പ്പ​ർ യാ​സീ​ൻ ബോ​നു

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് എ​ന്ന മൈ​ൻ​ഡ് ഗെ​യിം

ഫുട്ബാൾ എന്ന ടീം ഗെയിമിനുള്ളിലെ വ്യക്തിഗത പോരാട്ടങ്ങളാണ് പെനാൽറ്റി കിക്കുകൾ. ഗോൾകീപ്പറും ഷൂട്ടറും മാത്രമാണ് അവിടെ മത്സരിക്കുന്നത്. അതുവരെ ഒരേ മനസ്സോടെ പൊരുതിയ സഹതാരങ്ങളെല്ലാം കാണികളെപ്പോലെ കൈകൂപ്പി പ്രാർഥിച്ചു നിൽക്കുന്നവർ മാത്രം.

അർജന്റൈൻ എഴുത്തുകാരനായ ഓസ്‌വാൾഡോ സോറിയാനോയുടെ ഒരു ചെറുകഥയുണ്ട്- ദ് ലോങസ്റ്റ് പെനൽറ്റി എവർ. അർജന്റീനയിലെ ഒരു പ്രാദേശിക മൽസരമാണ് സോറിയാനോയുടെ കഥയുടെ പ്രതിപാദ്യം. കളി തീരാൻ 20 സെക്കൻഡുകൾ ശേഷിക്കെ റഫറി ഒരു ടീമിന് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു. ക്ഷുഭിതനായ എതിർടീം താരം റഫറിയെ ഇടിച്ചു വീഴ്ത്തി. മൽസരം നിർത്തേണ്ടി വന്നു. ബാക്കിയുള്ള 20 സെക്കൻഡുകൾ മാത്രം-ആ പെനൽറ്റി കിക്കടക്കം പിറ്റേന്നു കളിക്കാനായിരുന്നു കോടതി വിധി. അന്നു രാത്രി ഡിന്നറിനിടെ പെനൽ‍റ്റി വഴങ്ങിയ ടീമിന്റെ ഗോൾകീപ്പർ ഗാറ്റോ ഡയസ് പറഞ്ഞു.

‘‘കോൺസ്റ്റാന്റെ വലതുഭാഗത്തേക്ക് കിക്കെടുക്കും’’

‘‘അതെ. എല്ലായ്പ്പോഴും’’-ക്ലബിന്റെ പ്രസിഡന്റ് പറഞ്ഞു.

‘‘പക്ഷേ, അതെനിക്കറിയാമെന്ന് അയാൾക്കറിയാം’’- ഡയസ്

‘‘എങ്കിൽ നമ്മളുടെ കഥ തീർന്നു’’

‘‘പക്ഷേ, അയാൾക്കതറിയാമെന്ന് എനിക്കുമറിയാം.’’ -ഡയസ് വീണ്ടും.

‘‘എങ്കിൽ ഇടത്തോട്ടു ഡൈവ് ചെയ്യൂ’’-പ്രസിഡന്റിനു മടുത്തു.

‘‘പക്ഷേ, അയാൾക്കറിയാമെന്ന കാര്യം എനിക്കറിയാമെന്നതും അയാൾക്കറിയാം...’’

പെനൽറ്റി കിക്കുകളുടെ സങ്കീർണതയെയും അപ്രവചനീയതയെ കുറിച്ച് ഇതിനേക്കാൾ നന്നായി വിവരിക്കാനാകുമോ..!

ജോൺ വോൺ ന്യൂമാൻ എന്ന ഗണിതശാസ്ത്രജ്ഞൻ 1940കളിൽ രൂപീകരിച്ച ‘ഗെയിം തിയറി’യുടെ ഉത്തമ ഉദാഹരണമാണ് ഫുട്ബാളിലെ പെനൽറ്റി കിക്കുകൾ. മനുഷ്യരുടെ പെരുമാറ്റത്തിലും ഇത് അപ്ലൈ ചെയ്യാം. ഒരാൾ ചെയ്യുന്നതിനോട് മറ്റൊരാൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണിത്. അത് മനപ്പൊരുത്തത്തോടെ ഒത്തുപോകലാകാം, പരസ്പരവൈരുധ്യത്തോടെ മൽസരിക്കുന്നതാകാം. പെനാൽറ്റി ഷൂട്ടൗട്ടുകളുടെ കാര്യത്തിൽ രണ്ടാമത് പറഞ്ഞതാണുള്ളത്. എല്ലായ്പ്പോഴും പരസ്പരം പരാജയപ്പെടുത്താനായിരിക്കും കിക്കെടുക്കുന്നയാളുടെയും ഗോൾകീപ്പറുടെയും ശ്രമം. അവിടെ ഒരാൾ ജയിക്കും, ഒരാൾ തോൽക്കും!

ലോകകപ്പിലെ ജർമനി-പരഗ്വേ, നെതർലൻഡ്സ്-മൊറോക്കോ മത്സരങ്ങളാണ് സോറിയാനോയുടെ കഥയും ന്യൂമാന്റെ സിദ്ധാന്തവും വീണ്ടും മനസ്സിലെത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പരഗ്വേയുടെയും മൊറോക്കോയുടെയും വിജയശിൽപികളായത് ഗോൾകീപ്പർമാരായ ഒർലാൻഡോ ഗില്ലും യാസീൻ ബോനുവും. ഭാഗ്യനിർഭാഗ്യങ്ങളുടെ അളവ് മാറ്റിവെച്ചതിനു ശേഷം പരിശോധിച്ചാൽ മികച്ച റിഫ്ലക്സും മെയ്‍വഴക്കവുമാണ് ഇരുപത്തിയാറുകാരനായ ഗില്ലിനെ തുണച്ചത്. എന്നാൽ, പത്തു വയസ്സിനു മൂപ്പുള്ള ബോണോ പയറ്റിയത് മറ്റൊരു തന്ത്രമാണ്- എതിരാളിയെ ആശയക്കുഴപ്പത്തിലാക്കുക. സോറിയാനോയുടെ കഥയിലെ ഗുണപാഠവും ന്യൂമാന്റെ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണവും ബോണോയുടെ ചലനങ്ങളിലുണ്ടായിരുന്നു. അവയിങ്ങനെ.

1) നെതർലൻഡ്സിന്റെ രണ്ടാം കിക്ക് എടുക്കാനെത്തിയത് ജസ്റ്റിൻ ക്ലൈവർട്ട്. ക്ലൈവർട്ടിന്റെ റണ്ണപ്പിനൊപ്പം ബോണോ തന്റെ വലത്തോട്ട് ഒന്നുലഞ്ഞു. ഇടത്തോട്ട് ഡൈവ് ചെയ്യാനാഞ്ഞു. നിമിഷാർധം മാത്രമുള്ള ആ ചലനങ്ങളിൽ മനസ്സു പതറിയ ക്ലൈവർട്ട് പന്ത് വലതു പോസ്റ്റിലേക്കടിച്ചു.

2) നെതർലൻഡ്സിന്റെ അവസാന കിക്ക് എടുക്കാനെത്തിയ ക്രിസൻസിയോ സമ്മർവിലിനു മുന്നിലും ബോണോയുടെ ആക്ട്. ഇടത്തോട്ടു കൈ ചൂണ്ടിയ ബോനു തൊട്ടു പിന്നാലെ വലത്തോട്ടും കൈ ചൂണ്ടി. എങ്ങോട്ടും ഡൈവ് ചെയ്യാതെ അൽപം വലത്തോട്ടു മാറി. ആൾപ്പൊക്കത്തിൽ വന്ന കിക്ക് തന്റെ ഇടതു കൊണ്ട് തടഞ്ഞിടുകയും ചെയ്തു.

ഇരുടീമിലുമായി അഞ്ചു കളിക്കാർ ക്രോസ് ബാറിലേക്കടിച്ചും പോസ്റ്റിലേക്കടിച്ചും കിക്ക് നഷ്ടപ്പെടുത്തി കോമഡി ഓഫ് എറേഴ്സ് പോലെയായ മത്സരത്തിൽ മൊറോക്കോയുടെ വിജയം നിർണയിച്ചത് ബോനുവിന്റെ ഈ മൈൻഡ് ഗെയിം തന്നെയല്ലേ. മറുഭാഗത്ത് ‍അതുവരെ ഉജ്ജ്വല സേവുകളുമായി തന്റെ ടീമിനെ കാത്ത ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗൻ ഷൂട്ടൗട്ടിൽ നേരെ വാ, നേരെ പോ മട്ടുകാരനായിരുന്നു. ഒരു പക്ഷേ ബോനുവിനെപ്പോലെ അദ്ദേഹവും മൈൻഡ് ഗെയിം പയറ്റിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നോ? നെതർലൻഡ്സ് ആരാധകർക്കു തല പുകയ്ക്കാം.

Tags:    
News Summary - The mind game of penalty shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.