ഡബ്ളടിച്ച് എംബാപ്പെ, മെസ്സിക്കൊപ്പം; സ്വീഡിഷ് കോട്ട തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

ന്യൂജഴ്സി: സ്വീഡിസ് കോട്ട തകർത്തെറിഞ്ഞ് ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് ഫ്രഞ്ച് പടയോട്ടം! റൗണ്ട് ഓഫ് 32ൽ സ്വീഡനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് നിലംപരിശാക്കിയത്.

ഇരട്ടഗോളുകളുമായി സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി. ഈ ലോകകപ്പിൽ ഇരുവർക്കും ആറു ഗോളുകൾ വീതം. 45, 74 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. 53ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയും വലകുലുക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റമുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി. മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെയാണ് താരം മറികടന്നത്. 18 മത്സരങ്ങളിൽനിന്ന് 18 ഗോളുകളാണ് 27കാരനായ എംബാപ്പെ നേടിയത്. 29 മത്സരങ്ങളിൽനിന്ന് 19 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാമത്.

പ്രീക്വാർട്ടറിൽ പാരഗ്വെയാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ജർമനിയെ അട്ടിമറിച്ചാണ് പാരഗ്വെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരങ്ങളായ അലക്‌സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറെസ് എന്നിവർക്കൊന്നും ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് പട തന്നെയായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്. 20ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങി. സ്വീഡിഷ് പ്രതിരോധം ഫ്രഞ്ച് മുന്നേറ്റത്തിന് മുന്നിൽ ഏറെ കഷ്ടപ്പെടുന്നത് കാണാമായിരുന്നു.

മൂർച്ചയേറിയ ഫ്രഞ്ച് ആക്രമണങ്ങൾക്കും എംബാപ്പെയുടെ വേഗതക്കും മുന്നിൽ സ്വീഡിഷുകാർക്ക് പിടിച്ചുനിൽക്കാനായില്ല. 31-ാം മിനിറ്റിൽ ബോക്സിൽനിന്ന് എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടിപിന്നാലെ ഒലിസെയുടെ ഒരു ബൈസിക്കിൾ കിക്കും പോസ്റ്റിൽ ഇടിച്ചു മടങ്ങി. റീബൗണ്ട് പന്തിൽ ഡെംബലെ ഷോട്ടുതിർത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

ഇടവേളക്കു പിരിയാനിരിക്കെയാണ് എംബാപ്പയിലൂടെ ഫ്രഞ്ചുകാർ ആദ്യം ലീഡെടുക്കുന്നത്. ഉസ്മാൻ ഡെംബലെയാണ് ഗോളിന് വഴിയൊരുക്കിയത്. കോർണറിൽനിന്ന് ഡെംബല പാസ് ചെയ്ത് നൽകിയ പന്ത് സ്വീകരിച്ച എംബാപ്പെ, ഗ്യോക്കറെസിനെയും കബളിപ്പിച്ച് വളരെ വേഗത്തിൽ ബോക്സിനുള്ളിലേക്ക് കടന്നുകയറി സ്വീഡന്റെ ഗോൾകീപ്പർ സെറ്റർസ്ട്രോമിനെയും കാഴ്ചക്കാരനാക്കി വലകുലുക്കി. ഇടവേളക്കുശേഷം 53ാം മിനിറ്റിൽ ബാർകോള ഫ്രാൻസിന്‍റെ ലീഡുയർത്തി. ബോക്സിനു പുറത്തുനിന്ന് മിഖായേൽ ഒലിസെ നൽകിയ പാസ് സ്വീകരിച്ച ബാർകോള, സ്വീഡിഷ് പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 74ാം മിനിറ്റിലാണ് എംബാപ്പെ മത്സരത്തിലെ രണ്ടാം ഗോൾ നേടുന്നത്.

വലതു വിങ്ങിൽനിന്ന് സ്വീഡിഷ് പ്രതിരോധനിരയെ പിളർത്തി ഒലിസെ, എംബപെക്ക് നൽകിയ മനോഹരമായ പാസാണ് ഗോളിലെത്തിയത്. പന്തിന്റെ നിയന്ത്രണം കൈക്കലാക്കിയ എംബാപ്പെ, കൃത്യമായ പ്ലേസിങ്ങിലൂടെ ഗോൾ പോസ്റ്റിന്റെ മൂലയിലേക്ക് പന്ത് തൊടുത്തുവിട്ടു. സ്വീഡിഷ് ഗോൾകീപ്പർക്ക് ഒട്ടും അവസരം നൽകാതെ പന്ത് വലയിൽ. എംബാപ്പെയുടെ ഫിനിഷിങ് പാടവവും അസാമാന്യമായ വേഗതയും വ്യക്തമാക്കുന്നതായിരുന്നു താരത്തിന്‍റെ രണ്ടു ഗോളുകളും. മത്സരത്തിൽ ഒലിസയുടെ രണ്ടാമത്തെ അസിസ്റ്റായിരുന്നു, ടൂർണമെന്‍റിലെ അഞ്ചാമത്തെയും.

ഇതോടെ ബ്രസീൽ മിഡ്‌ഫീൽഡർ ബ്രൂണോ ഗ്യുമറേസിനെ (നാല്) മറികടന്ന് ഈ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ ഒലിസെയുടെ പേരിലായി. ഗംഭീര വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക്.

Tags:    
News Summary - France 3-0 Sweden: Kylian Mbappé hits sixth goal at 2026 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.