സിയാറ്റിൽ: ഗ്രൂപ് റൗണ്ടിൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താത്ത രണ്ട് ടീമുകൾ നോക്കൗട്ടിൽ ഇന്ന് മുഖാമുഖം. ഇന്ത്യൻ സമയം വ്യാഴാഴ്ച വെളുപ്പിന് നടക്കുന്ന കളിയിൽ ബെൽജിയവും സെനഗാളും ഏറ്റുമുട്ടും. രണ്ട് സമനിലകൾക്കൊടുവിൽ വലിയൊരു ജയം നേടിയാണ് ബെൽജിയം റൗണ്ട് ഓഫ് 32ലെത്തിയത്. സെനഗാളാവട്ടെ ആദ്യ രണ്ട് കളിയും തോറ്റ് മൂന്നാമത്തേതിലെ വൻ വിജയവുമായി കടന്നുകൂടുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 1-30ന് വാഷിങ്ടണ്ണിലെ സിയാറ്റിൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് ജി-യിൽ ഈജിപ്ത് 1-1നും ഇറാൻ ഗോൾരഹിത സമനിലയിലും ബെൽജിയത്തെ പൂട്ടിയിരുന്നു. നിർണായകമായ അവസാന പോരാട്ടത്തിൽ ന്യൂസിലൻഡിനെ 5-1ന് തകർത്തതോടെ ഗ്രൂപ് ചാമ്പ്യന്മാരുമാവാനായി. റെഡ് ഡെവിൾസിന്റെ സുവർണ തലമുറയിൽ അവശേഷിക്കുന്ന റൊമേലു ലുക്കാക്കുവും കെവിൻ ഡി ബ്രൂയിനും ഗോൾ കണ്ടെത്തിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്റ്റാർ സ്ട്രൈക്കറായ ലുക്കാക്കുവിന്റെ ഫിറ്റ്‍നസ് കാര്യത്തിൽ പക്ഷേ ആശങ്കകളുണ്ട്. ന്യൂസിലൻഡിനെതിരെ ഇരട്ട ഗോൾ നേടിയ ലിയാൻഡ്രോ ട്രോസാർഡിനെ സ്റ്റാർട്ടിങ്ങിൽ ഇറക്കിയേക്കും. പരിക്കുകാരണം പുറത്തായിരുന്ന സെന്റർ ബാക്ക് സെനോ ഡിബാസ്റ്റ് ഇതാദ്യമായി പരിശീലനത്തിനെത്തിയത് പ്രതീക്ഷയുണർത്തുന്നു. കുഞ്ഞ് ജനിച്ചതിനാൽ നാട്ടിലേക്ക് പോയ വിങ്ങർ ജെറേമി ഡോകു തിരിച്ചെത്തിയിട്ടുണ്ട്. ക്രോസ് ബാറിന് കീഴിൽ ജാഗ്രതയോടെ തിബോട്ട് കുർട്ടോയിസുണ്ട്.
സെനഗാളാവട്ടെ ഫ്രാൻസിനോടും നോർവേയോടും തോറ്റ ശേഷം ഇറാഖിനെ അഞ്ച് ഗോളിന് കശക്കി മികച്ച മൂന്നാംസ്ഥാനക്കാരിലൊരു ടീമായി മുന്നേറുകയായിരുന്നു. ലയൺസ് ടെറാംഗ സ്ക്വാഡിലെ പ്രമുഖനായ സാദിയോ മാനെക്ക് ഇനിയും ഗോൾ കണ്ടെത്താനായിട്ടില്ല. നോർവേക്കെതിരെ രണ്ടും ഇറാഖിനെതിരെ ഒരു ഗോളും നേടി ഇസ്മായില സാർ ശക്തമായി സാന്നിധ്യമറിയിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ പകരക്കാരനായെത്തിയാണ് പെപെ ഗ്യൂയെ ഡബിളടിച്ചത്. മാനെയും സാറുമായിരിക്കും ആക്രമണം നയിക്കുക. പ്രതിരോധത്തിൽ നിറംമങ്ങിയ കലിദൗ കൗലിബാലിയെ ബെഞ്ചിലിരുത്തി അബ്ദുല്ലായി സെക്കിനെ പരീക്ഷിക്കാൻ കോച്ച് പാപെ തിയാവ് മുതിർന്നേക്കും.
പുലർച്ചെ 5.30ന് നടക്കുന്ന മറ്റൊരു നോക്കൗട്ട് മത്സരത്തിൽ ആതിഥേയരായ അമേരിക്ക, ബോസ്നിയയെ നേരിടും. ഗ്രൂപ് റൗണ്ടിൽ ആദ്യ രണ്ട് കളിയും ജയിച്ച്, അവസാന മത്സരത്തിൽ തുർക്കിയയോട് തോറ്റ് പ്രതിരോധത്തിലായി അമേരിക്കക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണിത്. ഹൈ ബാളും, സ്പീഡ് ഗെയിമിലും കരുത്തരാണ് ബോസ്നിയ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാരുടെ വഴിമുടക്കിയെത്തിയവർ, ഗ്രൂപ് റൗണ്ടിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ച 5.30നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.