അന്ന് അമ്മ മായ്ക്കാൻ നോക്കിയ ജന്മം, ഇന്ന് കാലം കാത്തുവെച്ച ഇതിഹാസം; ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന യുഗം അവസാനിച്ചു എന്ന് ഉറപ്പിച്ചു പറഞ്ഞ വിമർശകരുടെ വായടപ്പിച്ചുകൊണ്ടാണ് അയാൾ വീണ്ടും കളിക്കളത്തിൽ വിസ്മയം തീർത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താൻ ഇപ്പോഴും ഫുട്ബാൾ ലോകത്തെ രാജാവാണെന്ന് സി.ആർ.7 ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു.

പരാജയങ്ങളിൽ നിന്നും തോൽവികളിൽ നിന്നും നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്ന റൊണാൾഡോയുടെ ഈ പ്രകടനം വെറുമൊരു കളി മാത്രമല്ല, മറിച്ച് തന്നെ എഴുതിത്തള്ളിയവർക്കുള്ള ശക്തമായ മറുപടി കൂടിയാണ്. കരിയറിൽ എത്രയോ തവണ ഇത്തരത്തിൽ തകർച്ചകളിൽ നിന്ന് അദ്ദേഹം ശക്തമായി തിരിച്ചുവന്നിരിക്കുന്നു. എന്നാൽ ഇന്ന് കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഈ മഹാസാമ്രാജ്യത്തിന് പിന്നിൽ കണ്ണീരിന്റെയും അതിജീവനത്തിന്റെയും ഒരു വലിയ കഥയുണ്ട്.

പോർച്ചുഗലിലെ മദീര എന്ന ചെറിയ ദ്വീപിലെ കടുത്ത ദാരിദ്ര്യത്തിൽ, നാലാമതൊരു കുട്ടിയെക്കൂടി വളർത്താൻ ശേഷിയില്ലാതെ റൊണാൾഡോയുടെ അമ്മ ഡോളോറസ് അവീറോ ആ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ ജീവനെ ഇല്ലാതാക്കാൻ നോക്കിയ അമ്മയുടെ ഉദരത്തിൽ കിടന്നാണ് റൊണാൾഡോ തന്റെ ജീവിതത്തിലെ ആദ്യത്തെ പോരാട്ടം ജയിച്ചത്. പിൽക്കാലത്ത് ലോകത്തിന്റെ നെറുകയിലെത്തിയ ശേഷം, അന്ന് തന്നെ ഇല്ലാതാക്കാൻ നോക്കിയ അമ്മയോട് 'ഇന്ന് ഈ കുടുംബത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് ഞാനാണ്' എന്ന് റൊണാൾഡോ ഓർമ്മിപ്പിക്കുമ്പോൾ അത് കേവലം വാക്കുകളല്ല, മറിച്ച് വിധിയോട് അയാൾ നടത്തിയ പോരാട്ടത്തിന്റെ വിജയപ്രഖ്യാപനമാണ്.

അമ്മയുടെ ഈ കഠിനമായ അവസ്ഥയ്ക്ക് പുറമെ, മദ്യപാനിയായ പിതാവ് ജോസ് ദിനിസ് അവീറോയുടെ തണലിലായിരുന്നു റൊണാൾഡോ വളർന്നത്. പട്ടാളക്കാരനായിരുന്ന അച്ഛൻ പിന്നീട് നാട്ടിൽ തിരിച്ചെത്തി കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുഭവിച്ചു. അച്ഛന്റെ മദ്യപാനം കാരണം ഒരു നല്ല സംഭാഷണം പോലും നടത്താൻ കഴിയാതിരുന്ന റൊണാൾഡോയ്ക്ക്, തന്റെ 20-ാം വയസ്സിൽ അദ്ദേഹത്തെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ 2004-ൽ തന്റെ പിതാവ് നൽകിയ ഒരു പഴയ വീഡിയോ കണ്ടപ്പോൾ റൊണാൾഡോ ക്യാമറയ്ക്ക് മുന്നിലിരുന്ന് പൊട്ടിക്കരയുകയുണ്ടായി. മകന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ പോയാൽ കടുത്ത ഭയവും പരിഭ്രാന്തിയും ഉണ്ടാകുമെന്നും അതുകൊണ്ട് താൻ വീട്ടിലിരുന്ന് കളി കാണാമെന്നും പറയുന്ന അച്ഛന്റെ വാക്കുകൾ റൊണാൾഡോയെ തളർത്തിക്കളഞ്ഞു. തന്റെ വിജയങ്ങളും അവാർഡുകളും കാണാൻ അച്ഛൻ ജീവനോടെ ഇല്ലാതെ പോയത് റൊണാൾഡോയുടെ ഉള്ളിലെ മാറാത്ത വേദനയാണ്.

അച്ഛൻ പകർന്നുനൽകിയ ഫുട്ബാൾ എന്ന സ്വപ്നത്തെ നെഞ്ചിലേറ്റിയാണ് റൊണാൾഡോ പിന്നീട് വളർന്നത്. ഇന്ന് 6 ലോകകപ്പുകളിൽ തുടർച്ചയായി ഗോൾ നേടുന്ന അപൂർവ്വ റെക്കോർഡും, ഫുട്ബാൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾവേട്ടക്കാരൻ എന്ന പദവിയും റൊണാൾഡോയ്ക്ക് സ്വന്തമാണ്. അഞ്ച് തവണ ബാലൺ ഡി ഓൺ പുരസ്കാരം നേടിയ റൊണാൾഡോ, മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ മാഡ്രിഡിലും യുവന്റസിലും ചരിത്ര വിജയങ്ങൾ കൊയ്തു. 2016-ൽ പോർച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തുകൊണ്ട് രാജ്യാന്തര തലത്തിലും അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിച്ചു. തന്റെ കരിയറിലെ ഓരോ വീഴ്ചയ്ക്ക് ശേഷവും കൂടുതൽ ശക്തമായി തിരിച്ചുവരുന്ന റൊണാൾഡോയുടെ മനക്കരുത്ത് ലോകകപ്പ് വേദികളിലും ക്ലബ്ബ് തലത്തിലും നാം കണ്ടതാണ്.

മുപ്പത്തഞ്ചാം വയസ്സും പിന്നിട്ട് കരിയർ അവസാനിക്കാറായെന്ന് പലരും കരുതിയപ്പോഴാണ് അദ്ദേഹം സൗദി അറേബ്യയിലെ അൽ-നാസർ ക്ലബ്ബിലേക്ക് ചേക്കേറി ഏഷ്യൻ ഫുട്ബാളിൽ പുതിയൊരു തരംഗം സൃഷ്ടിച്ചത്. തന്നെ വെറുക്കുന്നവരുടെ വിമർശനങ്ങളെ തന്റെ കളി മെച്ചപ്പെടുത്താനുള്ള ഇന്ധനമാക്കുകയാണ് റൊണാൾഡോ ചെയ്യുന്നത്. കളിക്കളത്തിലെ ഈ വാശിക്കപ്പുറം, താൻ അനുഭവിച്ച ദാരിദ്ര്യം മറ്റുള്ളവർ അനുഭവിക്കരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് സേവ് ദി ചിൽഡ്രൻ, യൂണിസെഫ് തുടങ്ങിയ സംഘടനകളിലൂടെ കോടിക്കണക്കിന് രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്. ഉസ്ബെക്കിസ്ഥാനെതിരെയുള്ള ഈ പുതിയ പ്രകടനത്തിലൂടെ താൻ ഇനിയും അവസാനിച്ചിട്ടില്ലെന്നും, പ്രതിസന്ധികളെ തച്ചുടച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും ഈ ഇതിഹാസം ലോകത്തോട് വിളിച്ചുപറയുന്നു.

Tags:    
News Summary - Beyond the Critics: Cristiano Ronaldo’s Inspiring Journey of Resilience and Glory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.