ന്യൂയോർക്: ലോകകപ്പ് ജി, എച്ച്, ഐ ഗ്രൂപ്പുകളിൽ വെള്ളിയാഴ്ച അർധ രാത്രി മുതൽ അവസാന റൗണ്ട് പോരാട്ടങ്ങൾ. ഐ-യിൽ കരുത്തരായ ഫ്രാൻസും നോർവേയും നേർക്കുനേർ വരും. ഇതേ ഗ്രൂപ്പിൽ സാധ്യതകളുടെ നൂൽപ്പാലത്തിലുള്ള സെനഗാളും ഇറാഖും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ശനിയാഴ്ച പുലർച്ച എച്ച്-ൽ സ്പെയിനിനെ ഉറുഗ്വായിയും കേപ് വെർഡെയെ സൗദി അറേബ്യയും രാവിലെ ജി-യിൽ ഈജിപ്തിനെ ഇറാനും ബെൽജിയത്തെ ന്യൂസിലൻഡും നേരിടും.
ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് ഫ്രാൻസും നോർവേയും ഇതിനകം ഐ-യിൽ നിന്ന് റൗണ്ട് ഓഫ് 32 ടിക്കറ്റെടുത്തിട്ടുണ്ട്. ഇനി ഗ്രൂപ് ജേതാക്കളെയാണ് അറിയേണ്ടത്. ഒറ്റ ഗോൾ മുൻതൂക്കത്തിൽ ഫ്രഞ്ചുകാരാണ് നിലവിൽ ഒന്നാമന്മാർ. ഫ്രാൻസ്-നോർവേ കളി ജയിക്കുന്നവരാവും ജേതാക്കൾ.
സമനിലയിലായാൽ മുൻ ലോക ചാമ്പ്യന്മാർ ഒന്നാംസ്ഥാനത്ത് തുടരും. ലോക ഫുട്ബാളിലെ സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബാപ്പെയും എർലിങ് ഹാലൻഡും ഇരുഭാഗത്തുമായി അണിനിരക്കുന്നുവെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. സെനഗാളിനും ഇറാഖിനും നിലവിൽ പോയന്റൊന്നുമില്ല.
ജയിക്കുന്നവർക്ക് മൂന്ന് പോയന്റുമായി മൂന്നാംസ്ഥാനക്കാരാവാം. ഏറ്റവും മികച്ച എട്ട് മൂന്നാംസ്ഥാനത്താർക്ക് നോക്കൗട്ട് ടിക്കറ്റുള്ളതാണ് സെനഗാളിന്റെ അവശേഷിക്കുന്ന പ്രതീക്ഷ. ഗോൾ ശരാശരിയിൽ ഏറെ താഴെയുള്ള ഇറാഖ് സാങ്കേതികമായി പുറത്തായിട്ടുണ്ട്.
ഗ്രൂപ്പ് എച്ച്-ൽ രണ്ട് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആരും നോക്കൗട്ട് ഉറപ്പാക്കിയിരുന്നില്ല. നാല് പോയന്റുമായി ഒന്നാമതുള്ള സ്പെയിനിന്റെ കാര്യങ്ങൾ ഏറെക്കുറെ സുരക്ഷിതമായിട്ടുണ്ട്. ഉറുഗ്വായിയോട് തോറ്റാലും രണ്ടോ മൂന്നോ സ്ഥാനക്കാരായി കടക്കാനാവും.
രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഉറുഗ്വായിയുടെയും കേപ് വെർഡെയുടെയും സമ്പാദ്യം രണ്ട് വീതം പോയന്റാണ്. സൗദിയെ തോൽപ്പിക്കാനായാൽ കന്നി ലോകകപ്പിൽത്തന്നെ നോക്കൗട്ടിലെത്തി അദ്ഭുതം കാട്ടാൻ കേപ് വെർഡെക്കാവും. സമനിലയിലായാലും നേരിയ പ്രതീക്ഷയുണ്ട്. ഒറ്റ പോയന്റുള്ള സൗദിക്ക് മുന്നേറാൻ ജയം അനിവാര്യമാണ്.
ഗ്രൂപ് ജി-യിൽ നാല് പോയന്റുമായി ഈജിപ്താണ് ഒന്നാമത്. രണ്ട് വീതം പോയന്റുമായി ഇറാനും ബെൽജിയവും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഈജിപ്തിനെ തോൽപിച്ചാൽ ഇറാനും ന്യൂസിലൻഡിനെ വീഴ്ത്തിയാൽ ബെൽജിയത്തിനും അനായാസം കടക്കാം. ഇറാനോട് പരാജയപ്പെട്ടാലും മുഹമ്മദ് സലാഹിനും സംഘത്തിനും വഴി തെളിയുന്നുണ്ട്. തോൽവി ഇറാനും ബെൽജിയത്തിനും പക്ഷെ മടക്ക ടിക്കറ്റ് നൽകും. ഒറ്റ പോയന്റുള്ള ന്യൂസിലൻഡിന് ജയിച്ചേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.