ന്യൂയോർക്ക്: ഈ ലോകകപ്പിൽ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതി കളിച്ച ഇറാൻ, ഗ്രൂപ്പ് റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ കണക്കിന്‍റെ കളിയിൽ തോറ്റാണ് നോക്കൗട്ട് കാണാതെ പുറത്തായത്.
ഇറാൻ താരങ്ങൾക്കുള്ള കടുത്ത യാത്ര നിയന്ത്രണം മുതൽ ഫെഡറേഷൻ അംഗങ്ങൽക്ക് വിസ നിഷേധിക്കുന്ന നടപടികൾ വരെയുണ്ടായി. ടീമിന്‍റെ മത്സരങ്ങൾ നടന്നത് അമേരിക്കയിലാണെങ്കിലും ബേസ് ക്യാമ്പ് മെക്സിക്കോയിലായിരുന്നു. മത്സര ദിവസം രാവിലെ ആയിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ടീം സ്റ്റേഡിയത്തിലെത്തിയിരുന്നത്. മത്സരം കഴിഞ്ഞാലുടൻ മെക്സിക്കോയിലേക്ക് തന്നെ തിരിച്ചുപോകണം. ഈ സമ്മർദങ്ങൾക്കിടയിലും ഒത്തിണക്കത്തോടെ പന്തു തട്ടിയ ഇറാൻ ടീം ഫുട്ബാൾ ലോകത്തിന്‍റെ ഹൃദയം കീഴടക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്.
പുറത്തുനിന്നുള്ള എല്ലാ വിവാദങ്ങളെയും മാറ്റിവെച്ച്, ഗ്രൗണ്ടിൽ ഒരു ടീമായി ഒത്തൊരുമയോടെ കളിക്കാൻ അവർക്കു കഴിഞ്ഞു. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങളെ ഫുട്ബാളിലേക്ക് കൊണ്ടുവരാതെ, പരമാവധി ആത്മവീര്യത്തോടെ കളിക്കാൻ ശ്രമിച്ചു എന്നത് തന്നെയാണ് ഇറാൻ ടീമിന്റെ ഈ ലോകകപ്പ് പ്രകടനത്തെ വ്യത്യസ്തമാക്കുന്നതും. ആരാധകരുടെ ആവേശം ഇറാൻ ടീമിന് വലിയ ഊർജമായി. ഇറാന്‍റെ പോരാട്ട വീര്യത്തെ പുകഴ്ത്തിയും ഈ ലോകകപ്പിൽ ഹൃദയം കൊണ്ട് പന്തുതട്ടിയതിന് നന്ദി പറഞ്ഞും ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലെ അദ്ദേഹത്തിന്‍റെ കുറിപ്പ് നിമിഷങ്ങൾക്കകമാണ് വൈറലായത്.
‘വെല്ലുവിളികൾ നിറഞ്ഞ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അപരാജിത കുതിപ്പിലൂടെ നിങ്ങളുടെ അസാധാരണമായ കഴിവും ടീം ഗെയിമും ലോകത്തിന് കാണിച്ചുകൊടുക്കാനായത് ശ്രദ്ധേയമായ നേട്ടമാണ്. നിർഭാഗ്യം കൊണ്ടു മാത്രമാണ് നോക്കൗട്ടിലേക്ക് മുന്നേറാകാനാകാതെ പോയത്, എങ്കിലും നിങ്ങളുടെ ആവേശവും ആഗ്രഹവും എല്ലാവർക്കും കാണാൻ സാധിച്ചു. ഹൃദയം കൊണ്ട് പന്തുതട്ടിയതിനും എല്ലാവർക്കും അഭിമാനിക്കാൻ വക നൽകിയതിനും നന്ദി’ -ഇൻഫാന്‍റിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗ്രൂപ്പ് ജിയിൽ മൂന്ന് വൻകരകളിലെ വ്യത്യസ്ത ശൈലിയുള്ള മൂന്ന് കരുത്തന്മാരെയാണ് ഇറാൻ നേരിട്ടത്. ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവരായിരുന്ന ഗ്രൂപ്പിലെ മറ്റു ടീമുകൾ. മൂന്ന് മത്സരങ്ങളിൽനിന്ന് തോൽവിയറിയാതെ മൂന്ന് സമനിലകളുമായി മൂന്ന് പോയന്റാണ് ടീം നേടിയത്. മൂന്ന് ഗോളുകൾ അടിക്കുകയും മൂന്ന് ഗോളുകൾ വഴങ്ങുകയും ചെയ്തതോടെ അവരുടെ ഗോൾ വ്യത്യാസം പൂജ്യമായി. ഈ ഗണിതശാസ്ത്രപരമായ സമവാക്യങ്ങളാണ് ഒടുവിൽ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇറാനെ ചതിച്ചതും ടൂർണമെന്റിന് പുറത്താക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.