ബോസ്റ്റൺ: ഇത്തിരി കുഞ്ഞന്മാരായ കുറസാവോക്കെതിരെ ഏഴു ഗോളടിച്ച് ലോകകപ്പ് കാമ്പയിൻ തുടങ്ങിയ ജർമനി, ഇത്തവണ ടൂർമെന്‍റിൽ ഏവരുടെയും പേടിസ്വപ്നമാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഐവറി കോസ്റ്റിനെ 2-1ന് തകർത്ത ജർമനിയെ, അവസാന ഗ്രൂപ്പ് മത്സരത്തിൽ എക്വഡോർ 2-1ന് അട്ടിമറിക്കുന്നതാണ് കണ്ടത്.
തോറ്റെങ്കിലും രണ്ടു ജയങ്ങളുമായി ജർമനി നോക്കൗട്ടിലേക്ക് യോഗ്യത നേടി. എന്നാൽ, റൗണ്ട് ഓഫ് 32ൽ പരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ജർമനി വീണ്ടും പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. 2014ൽ കിരീടം നേടിയ ശേഷം ജർമൻ ടീം ഇതുവരെ ലോകകപ്പിൽ പ്രീക്വാർട്ടർ കളിച്ചിട്ടില്ല. ഷൂട്ടൗട്ടിൽ 3-2ന് ആയിരുന്നു ജർമനിയുടെ തോൽവി. ലോക ഫുട്ബാളിലെ മികച്ച താരങ്ങൾ അണിനിരന്നിട്ടും എതിരാളികളെ പ്രതിരോധിക്കുന്നതിലും മത്സരങ്ങൾ ജയിച്ചു കയറുന്നതിലും ജർമൻ ടീം പരാജയപ്പെടുകയാണ്.
ക്രോസിലും ഹെഡ്ഡറുകളിലും മികവ് പുലർത്തുമ്പോഴും നിർണായക സമയത്ത് ടീമിന് ഗോളുകൾ കണ്ടെത്താനാകുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പോലും കിക്കെടുക്കാനുള്ള ആത്മവിശ്വാസം ടീമിലെ താരങ്ങൾക്കില്ല. പരഗ്വാക്കെതിരായ നോക്കൗട്ട് പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. എന്നാൽ, ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ നാല് പ്രധാന താരങ്ങൾ വിസമ്മതിച്ചെന്ന വിവരം പുറത്തുവന്നത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. ലിയോൺ ഗോറെറ്റ്സ്‌ക, വാൽഡെമർ ആന്റൺ, നഥാനിയേൽ ബ്രൗൺ, മാലിക് തിയാവ് എന്നിവരാണ് ആത്മവിശ്വാസമില്ലാത്തതിനാൽ പെനാൽറ്റി എടുക്കാൻ മടിച്ചത്.
ജർമൻ മാധ്യമം ‘ബിൽഡാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന താരങ്ങൾ പലരും പെനാൽറ്റി പോലുള്ള നിർണായക നിമിഷങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നത് ടീമിന് വലിയ നാണക്കേടായി. പരിശീലകർക്ക് ടീമിനെ ശരിയായ രീതിയിൽ പ്രചോദിപ്പിക്കാനോ, താരങ്ങളുടെ സമ്മർദ്ദം കുറക്കാനോ കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്. ലിയോൺ ഗോറെറ്റ്സ്‌കയെ പോലുള്ള പരിചയസമ്പന്നർ പോലും നിർണായക നിമിഷങ്ങളിൽ പിൻവാങ്ങുന്നത് ടീമിന്റെ മൊത്തത്തിലുള്ള കരുത്തിനെയാണ് ബാധിക്കുന്നത്. 72 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച അനുഭവ പരിചയമുള്ള താരമാണ് ഗോറെറ്റ്സ്‌ക. ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ടുതവണ ഗോറെറ്റ്സ്‌കയോട് കിക്കെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്.
താരം മുഖത്തുപോലും നോക്കാതെ വിസമ്മതിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ടീമിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഒടുവിൽ ആറാമത്തെ കിക്കെടുക്കാൻ ജൊനാഥൻ റ്റാ ആണ് മുന്നോട്ടുവന്നത്. അന്താരാഷ്ട്ര കരിയറിൽ ആദ്യമായാണ് താരം പെനാൽറ്റി എടുക്കാനെത്തുന്നത്. ആ അനുഭവക്കുറവ് താരത്തിന്‍റെ ഷോട്ടിൽ പ്രകടമായിരുന്നു. റ്റായുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. ജർമനിക്കെതിരെ പരാഗ്വക്ക് ചരിത്രവിജയം. നേരത്തെ, കായ് ഹാവെർട്‌സ്, നിക്ക് വോൾട്ടെമെയ്ഡ് എന്നിവരും പെനാൽറ്റി പാഴാക്കിയിരുന്നു. ചെറുപ്പക്കാരനായ ജൂലിയൻ നാഗൽസ്മാനാണ് ടീമിന്‍റെ പരിശീലകൻ. തോൽവിയോടെ അദ്ദേഹത്തിന്‍റെ ഭാവിയും തുലാസിലായി.
സാങ്കേതികമായി മികവുറ്റ താരങ്ങൾ ജർമൻ ടീമിലുണ്ടായിട്ടും, മാനസികമായ കരുത്തും ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും ടീമിന് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും കാര്യമായ മുന്നേറ്റം നടത്താൻ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്. 2025-26 സീസണിന്റെ അവസാനം ബയേൺ മ്യൂണിക്ക് ഒഴിവാക്കിയ ഗോറെറ്റ്സ്‌ക, ജർമൻ ടീമിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാരിൽ ഒരാളാണ്. നിർണായക നിമിഷത്തിൽ പെനാൽറ്റി എടുക്കാതെ താരം മാറിനിന്നതും ആരാധകരെ അത്ഭുതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.