അറ്റ്ലാന്റ: ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെതിരെ കന്നിയങ്കത്തിനിറങ്ങിയ കേപ് വെർഡെയുടെ വീരോചിതമായ പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ എല്ലാ ആവേശവും ഉൾക്കൊണ്ടെത്തിയ കേപ് വെർദെയുടെ ഉരുക്കുകോട്ടയ്ക്ക് മുന്നിൽ, വമ്പൻ താരനിരയുമായെത്തിയ സ്പെയിൻ ആദ്യ പകുതിയിൽ നിസ്സഹായരായി. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ഒരൊറ്റ ഗോളുകൾ പിറന്നില്ലെങ്കിലും, കളിക്കളത്തിൽ കണ്ടത് യൂറോപ്യൻ കരുത്തിന് മുന്നിൽ പതറാത്ത കേപ് വെർഡെയുടെ പോരാട്ടവീര്യമാണ്.
പതിവുപോലെ പന്തടക്കത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് സ്പെയിൻ കളം നിറഞ്ഞത്. എന്നാൽ, സ്പെയിനിന്റെ മധ്യനിരയും മുന്നേറ്റനിരയും ചേർന്ന് മെനഞ്ഞെടുത്ത തന്ത്രങ്ങളെയെല്ലാം കേപ് വെർഡെയുടെ ചിട്ടയായ പ്രതിരോധം അനായാസം നേരിട്ടു. സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സംഘം ഏരിയൽ ക്രോസുകളും ലോംഗ് ബോളുകളും പരീക്ഷിച്ചെങ്കിലും, കേപ് വെർഡെയുടെ പ്രതിരോധക്കോട്ടയിൽ വിള്ളൽ വീഴ്ത്താൻ അതൊന്നും മതിയായില്ല.
ഗോൾമുഖത്ത് അത്ഭുതങ്ങൾ കാട്ടി 40-കാരൻ വോസിന്യ കളംനിറഞ്ഞപ്പോൾ, സ്പെയിനിന്റെ മുന്നേറ്റങ്ങൾ പലതും പാഴായി. സ്പെയിനിന്റെ ഗോൾമുഖത്തേക്കെത്തിയ പന്തുകളെല്ലാം വോസിന്യയുടെ കൈകളിൽ സുരക്ഷിതമായി ഒതുങ്ങി. പെഡ്രിയുടെ വെടിയുണ്ടയൊത്ത ഷോട്ട് അത്ഭുതകരമായി തട്ടിയകറ്റിയ വോസിന്യ, സ്പെയിനിന്റെ സൂപ്പർ താരം ഫെറാൻ ടോറസിനെ പലതവണ നിരാശപ്പെടുത്തി.
കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളെന്ന് ഉറപ്പിച്ച നിമിഷങ്ങളിലൊന്നിൽ, മാർക്ക് കുക്യുറെല്ല നൽകിയ പാസ് ഫെറാൻ ടോറസ് അടിച്ചെങ്കിലും പന്ത് ക്രോസ് ബാറിൽ തട്ടി തെറിച്ചു. റീബൗണ്ടിൽ ലഭിച്ച പന്ത് ഒയാർസബാൽ ഹെഡ് ചെയ്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും, വായുവിൽ ഉയർന്നുപൊങ്ങി വോസിന്യ നടത്തിയ അവിശ്വസനീയമായ സേവ് കാണികളെ പോലും അത്ഭുതപ്പെടുത്തി.
ലമിൻ യമാലും നിക്കോ വില്യംസും ബെഞ്ചിലിരിക്കുന്ന സ്പെയിൻ, രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് വിജയഗോളിനായി ഇരച്ചുകയറുമെന്നുറപ്പ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയൊരു അട്ടിമറിക്ക് അരങ്ങൊരുങ്ങുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.