2018 റഷ്യ ലോകകപ്പ് ഫുട്ബാൾ. സ്പെയിനും പോർചുഗലും അണിനിരന്ന ഗ്രൂപ് റൗണ്ടിൽ മൊറോക്കോയെന്ന ആഫ്രിക്കൻ രാജ്യം കളിച്ചു തളരുമ്പോൾ ഗാലറിയിൽ അവരുടെ ചുവപ്പുകുപ്പായമണിഞ്ഞ് പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പത്തു വയസ്സുകാരന്റെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ നിറയെ. രണ്ട് തോൽവിയും ഒരു സമനിലയുമായി മടങ്ങിയ മൊറോക്കോ നാലു വർഷത്തിനു ശേഷം ഖത്തർ ലോകകപ്പിൽ സെമിയിലെത്തി അതിശയിപ്പിച്ചത് മറ്റൊരു ചരിത്രം. വീണ്ടുമൊരു നാലുവർഷത്തിനു ശേഷം, ലോകകപ്പ് മൈതാനിയിൽ മൊറോക്കോ ബൂട്ടുകെട്ടി കരുത്തരായ ബ്രസീലിനെ വിറപ്പിക്കുമ്പോൾ അന്നത്തെ പത്തുവയസ്സുകാരൻ ആ പടയോട്ടത്തിന് നടുവിൽ കടിഞ്ഞാണേന്തി കാവൽക്കാരനായിമാറുന്നു. കഴിഞ്ഞ രാത്രിയിൽ ബ്രസീൽ-മൊറോക്കോ ക്ലാസിക് പോരാട്ടം കണ്ട കാണികളുടെ മനസ്സിൽ ഉടക്കിയ ആറാം നമ്പറിലെ നീണ്ടതലമുടിക്കാരന് ഇപ്പോൾ 18 വയസ്സായി.
സമകാലിക ഫുട്ബാളിലെ കരുത്തരായ മധ്യനിരക്കാർ കസെമിറോയും ബ്രൂണോ ഗ്വിമാറെസും ഭരിക്കുന്ന ബ്രസീൽ മധ്യനിരക്കു മേൽ, പൂർണ ആധിപത്യം സ്ഥാപിച്ചുകൊണ്ട് മൊറോക്കോ കളി പിടിച്ചപ്പോൾ അതിനു മുന്നിൽ അയ്യൂബ് ബുആദിയെന്ന 18കാരനായിരുന്നു. അതിവേഗ നീക്കങ്ങളും, അസാമാന്യമായ പന്തടക്കവും, ഡ്രിബ്ലിക് മികവുമായി അവൻ മൊറോക്കോ ഫുട്ബാളിന്റെ പുതു കണ്ടെത്തലായി തലക്കെട്ടുകളിൽ നിറഞ്ഞു. മൊറോക്കോ ജഴ്സിയിൽ മൂന്നാമത്തെ മാത്രം മത്സരം. ലോകകപ്പിലെ അരങ്ങേറ്റ പോരാട്ടം. ലോകചാമ്പ്യന്മാരാവാൻ കച്ചകെട്ടിയിറങ്ങിയ ബ്രസീലിന്റെ വമ്പന്മാരെ വരച്ചവരയിൽ തളച്ചിട്ട അയ്യൂബ് മുഴുസമയം കളിച്ചപ്പോൾ പാസിങ് കൃത്യതയിലും ബാൾ റിക്കവറിയിലും ഇന്റർസെപ്ഷനിലും ഡ്യുവൽസിലും ഒന്നാമനായി എതിരാളികളുടെപോലും കൈയടി നേടി.
ബ്രസീലും മൊറോക്കോയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ കളിക്കു പിന്നാലെ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ഇന്റർനെറ്റിൽ ഏറെ പരതിയതും അയൂബ് ബുആദിയെയായിരുന്നു. മൊറോക്കോ പ്രതിരോധത്തിനും മുന്നേറ്റത്തിനുമിടയിൽ ഇടതടവില്ലാതെ പന്തെത്തിച്ചു നൽകി അപകടംവിതച്ച താരത്തിൽ ഭാവിയുടെ വാഗ്ദാനത്തെയും തിരിച്ചറിഞ്ഞു.
മൊറോക്കോ ഒരു ഫുട്ബാളറെ കണ്ടെത്തുകയല്ല, അവരുടെ ഭാവി ഫുട്ബാളിനെ രക്ഷിതമാക്കിയിരിക്കുന്നുവെന്നായിരുന്നു ‘എക്സ്’ പേജിൽ ഒരു ആരാധകന്റെ കമന്റ്. ആന്ദ്രെപിർലോയുടെ ചാരുതയോടെ ഡ്രിബിളും, ബുസ്ക്വെറ്റ്സിന്റെ ശാന്തതയോടെ പാസുകളും എത്തിക്കുന്ന പൂർണ ഫുട്ബാളർ എന്ന് മറ്റൊരു ആരാധകനും വിശേഷിപ്പിക്കുന്നു.
ഫ്രാൻസിൽനിന്ന്മൊ റോക്കോയിലേക്ക്
മൊറോക്കോയിൽനിന്ന് മെച്ചപ്പെട്ട ജീവിതം തേടി അതിർത്തി കടന്ന് ഫ്രാൻസിൽ കുടിയേറിയ മാതാപിതാക്കളുടെ മകനായി 2007ൽ ആണ് അയ്യൂബ് ബുആദിയുടെ ജനനം. ഹാൻഡ്ബാൾ താരമായ പിതാവ് ഹസ്സനിലൂടെ മകനിലും സ്പോർട്സ് ഹരമായി. ക്രെയിലിലൂടെ കുഞ്ഞുപ്രായത്തിൽ ഫുട്ബാൾ തട്ടിപ്പഠിച്ചു തുടങ്ങിയ അയൂബ്, ശേഷം പ്രമുഖരായ ലില്ലെയുടെ അക്കാദമിയിലെത്തി. അവിടെ നിന്നാണ് ഫുട്ബാളിൽ സീരിയസാവുന്നത്. നേരിട്ട് ഫ്രഞ്ച് യൂത്ത് ടീമുകളിൽ പ്രവേശനം. അണ്ടർ 16, മുതൽ 21 വരെ ടീമുകളിലായി കളിച്ചുതുടങ്ങി. ഇതിനിടെ, 2023ൽ ലില്ലെ സീനിയർ ടീമിലും മധ്യനിരയുടെ തലപ്പൊക്കമായി മാറി. പൗരത്വം വഴി ഫ്രാൻസിൽ കളിക്കാൻ യോഗ്യനാണെങ്കിലും താരങ്ങളേറെയുള്ള ടീമിലൊരു ഇടം ഉറപ്പില്ലായിരുന്നു. ഇതിനിടെയാണ് മൊറോക്കോ വലയെറിയുന്നത്. ഫിഫയുടെ അനുവാദം വാങ്ങി അയ്യൂബ് ബുആദിയെ കളിപ്പിക്കാൻ തീരുമാനിക്കുന്നത് കഴിഞ്ഞ മേയ് 15ന് മാത്രം. ഒരു മാസത്തിൽ കുറഞ്ഞ ദിവസത്തിൽ പിറന്നത് മറ്റൊരു ചരിത്രം. ലോകകപ്പിൽ ഇടം പിടിച്ച താരം, രണ്ട് സന്നാഹ മത്സരങ്ങളിലും കളിച്ച്, ലോകകപ്പിലൂടെ അരങ്ങേറ്റവും കുറിച്ച് ആരാധക മനസ്സിലെ പുത്തൻ താരോദയമായി.
കോച്ച്, മുഹമ്മദ് ഒഹ്ബിയുടെ താൽപര്യത്തിൽ ടീമിലെത്തിയ കൗമാരക്കാരൻ, കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിൽതന്നെ യാതൊരുവിധ സമ്മർദവുമില്ലാതെ മൈതാനം ഭരിക്കുമ്പോൾ അസാധ്യമായ പ്രതിഭയുടെ വിളംബരമായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.