ലോകകപ്പ് മത്സരത്തിനിടെ റഫറി വംശീയവാദികളുടെ ആഗ്യം കാണിച്ചെന്ന് ആരോപണം; സമൂഹമാധ്യമങ്ങളിൽ വിവാദം ശക്തം

2026 ഫിഫ ലോകകപ്പിനിടെ അപ്രതീക്ഷിത വിവാദം. ജർമ്മനിയും കുറസാവോയും തമ്മിലുള്ള ഗ്രൂപ്പ് ഇ മത്സരത്തിന് മുന്നോടിയായി വാർ(var) റഫറി കാണിച്ച ആംഗ്യം വംശീയവാദവുമായി ബന്ധപ്പെട്ടതാണെന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഞായറാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി, വാർ ചുമതലയിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ റഫറി ഷോൺ ഇവാൻസ് കാമറക്ക് മുന്നിൽ വെച്ച് നടത്തിയ ആംഗ്യമാണ് വിവാദമായത്. കൈപ്പത്തി താഴേക്ക് തിരിച്ചുകൊണ്ടുള്ള ഈ ആംഗ്യം സമീപകാലത്തായി ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ വൈറ്റ് പവർ ചിഹ്നമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശകർ പറയുന്നത്.

ഫിഫയുടെ കടുത്ത വംശീയ വിരുദ്ധ നയങ്ങൾക്കിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ വംശീയതയ്ക്കും വിദ്വേഷത്തിനും എതിരെ ഫിഫ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിക്കുമ്പോഴാണ് ഈ ആരോപണം ഉയർന്നുവരുന്നത്.

സംഭവത്തിൽ റഫറിയെ ലോകകപ്പ് പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന് വംശീയ വിരുദ്ധ സംഘടനയായ ഫെയർ നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു. ഈ ആംഗ്യം വ്യക്തമായും തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതാണ്. ലോകശ്രദ്ധയുള്ള ഒരു വേദിയിൽ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ബോധപൂർവ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സംഘടന ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇനിയുള്ളന്നുള്ള മത്സരങ്ങളിൽ വാർ ഒഫീഷ്യലുകളെ ടിവി കാമറകളിൽ പരിചയപ്പെടുത്തുന്നത് നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

ഒകെ അധവാ ശെരി എന്നർത്ഥമാക്കുന്ന ചിഹ്നം സാധാരണയായി അംഗീകാരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ 2019-ൽ 51 പേരുടെ മരണത്തിനു കാരണമായ ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ചിലെ ഭീകരാക്രമണത്തിന് ശേഷം കോടതിയിൽ വെച്ച് പ്രതി ബ്രെന്റൺ ടാരന്‍റ് ഈ ആംഗ്യം കാണിച്ചത് മുതൽ ഇത് വലിയ ചർച്ചകൾക്ക് വിഷയമായിട്ടുണ്ട്. ഈ സംഭവത്തിൽ ഫിഫയോ ഷോൺ ഇവാൻസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ ഈ സംഭവം വലിയ വാദപ്രതിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

Tags:    
News Summary - Referee accused of racist chants during World Cup match; Controversy rages on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.