ലോകകപ്പ് ഫുട്ബാളിൽ നെതർലൻഡ്‌സിനെതിരായ ആവേശകരമായ മത്സരത്തിന് പിന്നാലെ ഗാലറി വൃത്തിയാക്കി വീണ്ടും ലോകത്തിന്റെ ഹൃദയം കീഴടക്കി ജപ്പാൻ ആരാധകർ. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടം 2-2 സമനിലയിൽ കലാശിച്ചതിന് പിന്നാലെയാണ് ജപ്പാൻ ആരാധകർ തങ്ങൾ ഇരുന്ന ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് വീണ്ടും കായികലോകത്തിന് മാതൃകയായത്.
മത്സരശേഷം ഗാലറിയിലെ മാലിന്യങ്ങൾ കവറുകളിലാക്കി മാറ്റുന്ന ജപ്പാൻ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയും തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഫുട്ബാൾ ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ഇത് ഞങ്ങളുടെ സംസ്കാരമാണ്'
ഗാലറി വൃത്തിയാക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ജപ്പാൻ ആരാധകന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത് ഞങ്ങളുടെ സംസ്കാരമാണ്'. എല്ലാത്തിനോടുമുള്ള ബഹുമാനമാണിത്. കളിക്കാരോടും ആരാധകരോടും ഒപ്പം ഈ സ്റ്റേഡിയത്തോടുമുള്ള ബഹുമാനം. ഇവിടെ വരാൻ കഴിഞ്ഞതിൽ ഞങ്ങൾ അതിയായി അഭിമാനിക്കുന്നു, അതിനാൽ ഇവിടം മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികേടാക്കി മടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത്കൊണ്ടാണ് ഞങ്ങൾ ഇതെല്ലാം വൃത്തിയാക്കുന്നത്.'
ലോകകപ്പ് വേദികളിലെ സ്ഥിരം കാഴ്ച
ലോകകപ്പുകളിലും ഒളിമ്പിക്സിലും ഉൾപ്പെടെയുള്ള വലിയ കായിക മേളകളിൽ ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നത് ഇതൊരു പുതിയ കാഴ്ചയല്ല. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിലാണ് ഈ പ്രവർത്തി ആദ്യമായി വലിയ രീതിയിൽ ലോകശ്രദ്ധ നേടുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തങ്ങളുടെ ടീം പുറത്തായിട്ടും ഗാലറി വൃത്തിയാക്കിയ ശേഷമാണ് ജപ്പാൻ ആരാധകർ മടങ്ങിയത്.
പിന്നീട് ലോകമെമ്പാടുമുള്ള ടൂർണമെന്റുകളിൽ ഈ ശീലം അവർ തുടർന്നു. 2022-ൽ ഖത്തർ ലോകകപ്പിൽ കരുത്തരായ ജർമ്മനിയെ 2-1 ന് അട്ടിമറിച്ച് ചരിത്രവിജയം നേടിയതിന് ശേഷവും, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പോരാട്ടവീര്യമറിയിച്ച് സാമുറായ് ബ്ലൂസ്
കളിക്കളത്തിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. രണ്ടുതവണ പിന്നിൽ പോയ ശേഷമാണ് നെതർലൻഡ്‌സിനെതിരെ ജപ്പാൻ സമനില പിടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സാണ് ആദ്യം മുന്നിലെത്തിയത്. നകാമുറയിലൂടെ ജപ്പാൻ ഒപ്പമെത്തി. 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ ഡച്ച് പടയ്ക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും, 88-ാം മിനിറ്റിൽ ദൈചി കമാഡ നേടിയ നാടകീയ ഗോളിൽ ജപ്പാൻ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് എഫിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെങ്കിലും, കളത്തിന് പുറത്തെ തങ്ങളുടെ മികച്ച മാതൃകയിലൂടെ ജപ്പാൻ ആരാധകർ ലോകകപ്പിലെ യഥാർത്ഥ താരങ്ങളായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.