കേപ് വെർഡെ ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; അപരാജിത കുതിപ്പിനിടെ അപ്രതീക്ഷിത തിരിച്ചടി

ഓക്ക്‌ലാൻഡ്: ലോകകപ്പ് ഫുട്ബോളിലെ കേപ് വെർഡെയുടെ അവിശ്വസനീയമായ കുതിപ്പിനിടെ ടീം ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ ലൈംഗികാരോപണം. ടീമിന്റെ ബ്രസീലിയൻ വിവർത്തകയാണ് ക്യാപ്റ്റനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വർഷമാദ്യം ന്യൂസിലൻഡിൽ നടന്ന സൗഹൃദ മത്സരങ്ങൾക്കിടെ മെൻഡസ് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഈ വർഷം മാർച്ചിൽ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി പറയുന്നു. ചിലിയുമായുള്ള മത്സരത്തിന് ശേഷം ടീം ക്യാപ്റ്റൻ മെൻഡസ് തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതൊരു ഔദ്യോഗിക കൂടിക്കാഴ്ചയാണെന്നാണ് ആദ്യം കരുതിയതെങ്കിലും അതല്ലെന്ന് മനസ്സിലായതോടെ താൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ പിന്നീട് താൻ താമസിക്കുന്ന മുറിയിലെത്തിയ മെൻഡസ് വാതിലിൽ മുട്ടുകയും, ബലമായി അകത്തുകയറി തന്നെ ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

ആക്രമണത്തിൽ തനിക്ക് പരിക്കേറ്റതായും ഇതിന്റെ ചിത്രങ്ങൾ സഹിതം അധികൃതർക്ക് തെളിവുകൾ നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകളും ഫോറൻസിക് പരിശോധനാ ഫലങ്ങളും തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണെന്ന് അവർ അവകാശപ്പെടുന്നു. മാനസികമായി തളർന്ന താൻ ടീം ഫുട്ബോൾ അധികൃതരെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ പിന്തുണ ലഭിച്ചില്ലെന്നും പരാതിയിലുണ്ട്.

ന്യൂസിലൻഡ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആർക്കുമെതിരെയും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയും ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചുവരികയാണ്. അന്വേഷണം തുടരുന്നതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾ നടത്താനാവില്ലെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി.

ലോകകപ്പിലെ കേപ് വെർഡെയുടെ ചരിത്രപരമായ മുന്നേറ്റത്തിൽ നിർണായക സാന്നിധ്യമാണ് ക്യാപ്റ്റൻ റയാൻ മെൻഡസ്. ഈ ആരോപണങ്ങൾ ടീമിന്റെ നോക്കൗട്ട് മത്സരങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. ടർക്കിഷ് ക്ലബ് ഫുട്ബോളിലെ താരമായ മെൻഡസ് നിലവിൽ ടീമിനൊപ്പം തന്നെ തുടരുന്നുണ്ട്. വിഷയത്തിൽ താരത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Tags:    
News Summary - Cape Verde Captain Ryan Mendes Accused of Sexual Assault by Team Translator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.