ലോകകപ്പ് നോക്കൗട്ട്; അർജന്റീനയ്ക്ക് എളുപ്പവഴി, പോർച്ചുഗലിനും ജർമനിക്കും ബ്രസീലിനും അഗ്നിപരീക്ഷ

2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാകുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് താരതമ്യേന എളുപ്പമുള്ള ഫിക്സ്ചറുകൾ. എന്നാൽ പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ വമ്പൻ ടീമുകൾക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികൾ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ലോകകപ്പ് കൂടുതൽ ആവേശകരമായ തലത്തിലേക്ക് കടക്കുകയാണ്. 48 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇനി പഴയ പ്രതാപങ്ങൾക്കൊന്നും സ്ഥാനമില്ല. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നവർക്കും ഭാഗ്യത്തിന്റെ പിന്തുണയുള്ളവർക്കും മാത്രം മുന്നോട്ട് പോകാൻ കഴിയുന്ന റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്കാണ് ഇനി കളമൊരുങ്ങുന്നത്.

ഇംഗ്ലണ്ട് പനാമയെ തോൽപ്പിച്ച് ഗ്രൂപ്പ് എൽ ചാമ്പ്യന്മാരായപ്പോൾ, ഘാനയെ മറികടന്ന് ക്രൊയേഷ്യയും നോക്കൗട്ടുറപ്പിച്ചു. ഗ്രൂപ്പ് കെ-യിൽ പോർച്ചുഗലിനെ പിന്നിലാക്കി കൊളംബിയ ഒന്നാമതെത്തി. അർജന്റീന ജോർദാനെ തകർത്താണ് ഗ്രൂപ്പ് ജെ-യിൽ ഒന്നാം സ്ഥാനം നേടിയത്. ഡി.ആർ കോംഗോയും വിജയകരമായി നോക്കൗട്ടിൽ പ്രവേശിച്ചു. സ്പെയിൻ, ബ്രസീൽ, ജർമനി, ഫ്രാൻസ് ടീമുകൾ നേരത്തെ തന്നെ നോക്കൗട്ട് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. എന്നാൽ നോക്കൗട്ട് ഫിക്സ്ചറുകൾ പുറത്തുവന്നപ്പോൾ വമ്പന്മാർക്കെല്ലാം ഒരേ പരിഗണനയല്ല ബ്രാക്കറ്റിൽ ലഭിച്ചിരിക്കുന്നത്. ചിലർക്ക് മുന്നോട്ട് പോകാൻ സുഗമമായ വഴിയാണെങ്കിൽ, മറ്റു ചിലർക്ക് ആദ്യ ആഴ്ചകളിൽ തന്നെ കടുത്ത പോരാട്ടങ്ങളെ നേരിടേണ്ടി വരും.

ചാമ്പ്യൻമാരുടെ വഴിയേ അർജന്റീന

കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും എളുപ്പമുള്ള വഴി ലഭിച്ചിരിക്കുന്നത് അർജന്റീനയ്ക്കാണ്. റൗണ്ട് ഓഫ് 32-ൽ കേപ് വെർഡെയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചാണ് കേപ് വെർഡെ എത്തുന്നതെങ്കിലും അർജന്റീനയ്ക്ക് അനായാസം മറികടക്കാവുന്നതേയുള്ളൂ ഈ കടമ്പ.

അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ, പ്രീക്വാർട്ടറിൽ ആസ്‌ട്രേലിയ - ഈജിപ്ത് മത്സരത്തിലെ വിജയികളെയാകും അർജന്റീന നേരിടുക. ക്വാർട്ടർ ഫൈനലിൽ കൊളംബിയ, ഘാന, സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ അൾജീരിയ എന്നിവരിലൊരാളാകും എതിരാളികൾ. ചുരുക്കത്തിൽ, ആദ്യ ഘട്ടത്തിൽ തന്നെ വമ്പൻമാരുമായി ഏറ്റുമുട്ടേണ്ട സാഹചര്യത്തിൽ നിന്ന് അർജന്റീന രക്ഷപ്പെട്ടിട്ടുണ്ട്. ടൂർണമെന്റിന്റെ താളം കണ്ടെത്താനും ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങളുടെ ജോലിഭാരം ലഘൂകരിക്കാനും ഇത് അവർക്ക് സഹായകമാകും. സെമിഫൈനലിൽ ബ്രസീലെയോ ഇംഗ്ലണ്ടിനെയോ നേരിടേണ്ടി വരുമ്പോഴാകും അവർക്ക് ആദ്യത്തെ യഥാർത്ഥ വെല്ലുവിളി നേരിടേണ്ടി വരിക.

പോർച്ചുഗലിനും സ്പെയിനിനും മുന്നിൽ വൻമതിലുകൾ

പോർച്ചുഗലിന്റെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ആദ്യ റൗണ്ടിൽ തന്നെ അവർക്ക് ശക്തരായ ക്രൊയേഷ്യയെ നേരിടണം. 2018-ലെ ഫൈനലിസ്റ്റുകളുടെയും 2022-ലെ സെമി ഫൈനലിസ്റ്റുകളുടെയും അത്ര കരുത്തരല്ലെങ്കിലും, ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കെൽപ്പുള്ളവരാണ് ക്രൊയേഷ്യ. മത്സരത്തിന്റെ വേഗത കുറയ്ക്കാനും എതിരാളികളെ പ്രതിരോധത്തിലാക്കാനും അവർക്ക് പ്രത്യേക കഴിവുണ്ട്.

ക്രൊയേഷ്യയെ മറികടന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും സംഘത്തിനും അടുത്ത റൗണ്ടിൽ നേരിടേണ്ടി വരിക ഒരുപക്ഷേ സ്പെയിനിനെയാകും (സ്പെയിൻ ആദ്യ റൗണ്ടിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയാൽ). അതായത്, പ്രീക്വാർട്ടറിൽ തന്നെ പോർച്ചുഗൽ - സ്പെയിൻ തീപ്പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങും. ഒരു സെമിഫൈനൽ പോരാട്ടത്തിന്റെ വീറും വാശിയും ഈ മത്സരത്തിനുണ്ടാകും. സ്പെയിനിന്റെ കാര്യവും വ്യത്യസ്തമല്ല. ഓസ്ട്രിയക്കെതിരായ ആദ്യ മത്സരം അനായാസം ജയിക്കാമെങ്കിലും പിന്നീട് വരുന്നത് പോർച്ചുഗലോ ക്രൊയേഷ്യയോ ആകും. ഈ ടൂർണമെന്റിൽ സ്പെയിനിന് ഒരു എളുപ്പവഴി ഇല്ലെന്ന് സാരം.

ജർമനിക്കും ഫ്രാൻസിനും നോക്കൗട്ട് മത്സരങ്ങൾ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. റൗണ്ട് ഓഫ് 32-ൽ ജർമനി പരാഗ്വേയെയും ഫ്രാൻസ് സ്വീഡനെയും നേരിടും. ഇരു യൂറോപ്യൻ വമ്പന്മാർക്കും ഈ മത്സരങ്ങൾ വെല്ലുവിളിയാകും.

ഇതൊന്നുമല്ല ഏറ്റവും വലിയ പ്രശ്നം. ഈ മത്സരങ്ങളിൽ വിജയിച്ചാൽ, റൗണ്ട് ഓഫ് 16-ൽ ഫ്രാൻസും ജർമനിയും നേർക്കുനേർ വരും. ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് യൂറോപ്യൻ ടീമുകൾ ഇത്ര നേരത്തെ ഏറ്റുമുട്ടുന്നത് ഇരുവർക്കും തിരിച്ചടിയാണ്. ഇതിലൊരു ടീം ക്വാർട്ടർ കാണാതെ പുറത്താകും.

ആദ്യ മത്സരത്തിൽ ജപ്പാനാണ് ബ്രസീലിന്റെ എതിരാളികൾ. ജപ്പാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ബ്രസീലിന് അത് വലിയ തിരിച്ചടിയാകും. മധ്യനിരയിൽ കളി മെനയാനും വേഗത്തിൽ ആക്രമിക്കാനും മിടുക്കരാണ് ജപ്പാൻ. ഈ മത്സരം വിജയിച്ചാൽ ഐവറികോസ്റ്റോ നോർവേയോ ആകും ബ്രസീലിന്റെ അടുത്ത എതിരാളികൾ. എർലിങ് ഹാലണ്ടിനെപ്പോലുള്ള അപകടകാരികളുള്ള നോർവേയെ നേരിടുക എളുപ്പമാകില്ല. ക്വാർട്ടറിൽ ഇംഗ്ലണ്ട്, മെക്സിക്കോ, ഇക്വഡോർ, ഡി.ആർ കോംഗോ എന്നിവരിലൊരാളാകും ബ്രസീലിനെ കാത്തിരിക്കുന്നത്.

ഇംഗ്ലണ്ടിന് ആദ്യ റൗണ്ടിൽ ഡി.ആർ കോംഗോയാണ് എതിരാളികൾ. ഇത് ഇംഗ്ലണ്ടിന് അനുകൂലമാണെങ്കിലും അടുത്ത റൗണ്ടുകളിൽ മെക്സിക്കോ, ഇക്വഡോർ, പിന്നീട് ബ്രസീൽ തുടങ്ങിയ ശക്തരായ ടീമുകളെ അവർക്ക് നേരിടേണ്ടി വന്നേക്കാം. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങുന്ന ഇംഗ്ലീഷ് പടയ്ക്ക് യഥാർത്ഥ പരീക്ഷണം തുടങ്ങുന്നത് പ്രീക്വാർട്ടർ മുതലാകും.

വമ്പന്മാർക്ക് പുറമെ കൊളംബിയക്കും മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുണ്ട്. ഘാന, തുടർന്ന് സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ അൾജീരിയ എന്നീ ടീമുകളെ മറികടന്നാൽ കൊളംബിയയ്ക്ക് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാം. അവിടെ ഒരുപക്ഷേ അർജന്റീനയെ ആയിരിക്കും അവർ നേരിടുക. ബെൽജിയത്തിന് ആദ്യ എതിരാളികൾ സെനഗലാണ്. അമേരിക്ക, ബോസ്നിയ എന്നിവരെയും അവർക്ക് പിന്നീടുള്ള റൗണ്ടുകളിൽ നേരിടേണ്ടി വന്നേക്കാം.

ചുരുക്കത്തിൽ, ഗ്രൂപ്പ് ഘട്ടം ടൂർണമെന്റിന്റെ വ്യാപ്തി കാണിച്ചുതന്നപ്പോൾ, നോക്കൗട്ട് മത്സരങ്ങൾ അതിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു. അർജന്റീനയ്ക്ക് മുന്നേറാൻ വ്യക്തമായ ഇടമുണ്ട്. എന്നാൽ പോർച്ചുഗലും സ്പെയിനും നേർക്കുനേർ വരാൻ സാധ്യതയുണ്ട്. ജർമനിയും ഫ്രാൻസും നേരത്തെ പുറത്താകാനുള്ള ഭീഷണിയിലാണ്. ബ്രസീലിനും ഇംഗ്ലണ്ടിനും ഓരോ റൗണ്ട് കഴിയുന്തോറും വെല്ലുവിളികൾ കഠിനമാകും. ഒരു ചെറിയ പിഴവ്, അല്ലെങ്കിൽ ഒരു മോശം മത്സരം... ലോകകപ്പിൽ നിന്ന് വമ്പൻമാരുടെ പോലും മടക്കയാത്രയ്ക്ക് അത് കാരണമാകും.

Tags:    
News Summary - 2026 FIFA World Cup Knockouts: Argentina's Easy Path vs. Other Giants' Tough Challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.