ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബെക്കർ പരിശീലനത്തിൽ
ഹൂസ്റ്റൺ: ഗ്രൂപ് പോരാട്ടങ്ങൾ കൊടിയിറങ്ങിയതിനു പിന്നാലെ, ലോകകപ്പിലെ കളി മുറുകുന്നു. 48 ടീമിൽനിന്ന് പോരാളികളുടെ എണ്ണം 32ലേക്ക് ചുരുങ്ങി. മുൻകാല ലോകകപ്പ് ഫുട്ബാളിലെ ആകെ ടീമുകളുടെ എണ്ണം. ഇനി തോൽക്കാതിരിക്കാനുള്ള പോരാട്ടമല്ല, ജയിക്കാനുള്ള അങ്കങ്ങൾ. ഉഗ്രമത്സരങ്ങളിലൂടെ കളം വാണവരും, ഭാഗ്യത്തിന്റെ നൂൽപ്പാലത്തിൽ രക്ഷപ്പെട്ടവരുമായ 32 പേർ മുഖാമുഖം പോരിടുന്ന നോക്കൗട്ടിന്റെ രാത്രികാലങ്ങൾ. ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലെ ആദ്യ മത്സരത്തോടെ ഞായറാഴ്ച രാത്രിയിൽതന്നെ റൗണ്ട് ഓഫ് 32 പോരിന് തുടക്കം കുറിച്ചിരുന്നു. ഇന്ന് വമ്പന്മാർ കൂടി കളത്തിലിറങ്ങുന്നതോടെ പോര് കനക്കും. മുൻ ചാമ്പ്യന്മാർ ഉൾപ്പെടെ പ്രമുഖർ ബൂട്ടണിയും.'
മുഖാമുഖത്തിൽ മുൻതൂക്കം ബ്രസീലിന്. ആകെ 13 മത്സരങ്ങൾ. 11 ജയം ബ്രസീലിന്. രണ്ട് സമനില. 2006 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീലിന് ജയം 4-1ന്
ഹൂസ്റ്റൺ: കാർലോ ആഞ്ചലോട്ടിയുടെ ബ്രസീലിന്റെ യഥാർഥ മുഖം ഇന്ന് കാണാം. ഗ്രൂപ് റൗണ്ടിൽ തട്ടിയും മുട്ടിയും രക്ഷപ്പെട്ട കാനറികൾക്ക് നോക്കൗട്ടിലെ ആദ്യ മത്സരത്തിൽതന്നെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ. ആരെയും അട്ടിമറിക്കാനും, ഏതു നിമിഷവും കളിപിടിക്കാനും ശേഷിയുള്ള ജപ്പാനാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. മൊറോക്കോക്കെതിരെ 1-1ന് സമനിലയും, ഹെയ്തി, സ്കോട്ലൻഡ് ടീമുകൾക്കെതിരെ ആത്മവിശ്വാസം കുത്തിനിറച്ച വിജയവുമാണ് (3-0) ബ്രസീലിന്റെ കരുത്ത്. ഡോൺ കാർലോയുടെ സംഘം താളം കണ്ടെത്തിയെന്ന വിലയിരുത്തൽ നിർണായക മത്സരങ്ങൾക്ക് മുമ്പ് ഡ്രസിങ് റൂമിന് പകരുന്ന ഊർജം ചില്ലറയല്ല.
നെയ്മറിന്റെ തിരിച്ചുവരവും, കളിയുടെ നായകത്വം ഏറ്റെടുത്ത വിനീഷ്യസ് ജൂനിയറിന്റെ മികവും, മത്യാസ് കുഞ്ഞ, റയാൻ, ഗ്വിമാറസ്, കാസെമിറോ എന്നിവർ ഫോമിലേക്കുയർന്നതും ബ്രസീലിന് പ്രതീക്ഷയാവുന്നു. മൂന്ന് കളിയിൽ ഒരു ഗോൾ മാത്രം വഴങ്ങിയ പ്രതിരോധവും സെറ്റാണ്. അതേസമയം, ഇതുവരെ നേരിട്ട എതിരാളികളേക്കാൾ പ്രഹരശേഷി കൂടുതലുള്ളവരാണ് ജപ്പാൻ. പ്രതിരോധം മുതൽ മുന്നേറ്റം വരെ ഒരേ ഊർജപ്രവാഹമുള്ളവർ. ഏതു നിമിഷവും കളി തിരിക്കാൻ ശേഷിയുള്ള മധ്യനിരയും, അവർക്ക് കൗണ്ടർ അറ്റാക്ക് തന്ത്രം പകരുന്ന കോച്ച് ഹജിമെ മൊരിയാസുവും ആഞ്ചലോട്ടിക്ക് തലവേദനയാവും. ഗ്രൂപ് സി ജേതാക്കളാണ് ബ്രസീലെങ്കിൽ, ഗ്രൂപ് ‘എഫി’ൽ നിന്നും ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്റെ വരവ്.
ഇരു ടീമുകളും ഏറ്റുമുട്ടിയത് രണ്ടു തവണ. 2002 ലോകകപ്പിലെ കളിയിൽ ജർമനിക്കായിരുന്നു ജയം. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.
ബോസ്റ്റൺ: 2014ൽ കിരീടമണിഞ്ഞ് മടങ്ങിയ ജർമനി ഓർമകളിൽനിന്നും മായ്ച്ചു കളയുന്നതായിരുന്നു കഴിഞ്ഞ രണ്ട് ലോകകപ്പുകളും. ഗ്രൂപ് റൗണ്ട് പോലും കടക്കാതെ ചാമ്പ്യന്മാർ നാണംകെട്ട മേളകൾ. എന്നാൽ, ഇത്തവണ കഴിഞ്ഞതിന്റെ നിരാശമാറ്റിയാണ് അലമാനിയയുടെ കുതിപ്പ്. ഗ്രൂപ് ‘ഇ’യിൽനിന്നും മൂന്നിൽ രണ്ട് ജയവുമായി ഒന്നാം സ്ഥാനക്കാരായവർക്ക് പേരുദോഷം മായ്ക്കാുള്ള പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ കുറസാവോയെ 7-1നും, പിന്നാലെ ആഫ്രിക്കൻ പവർഹൗസായ ഐവറി കോസ്റ്റിനെ 2-1നും തോൽപിച്ചവർക്ക്, പക്ഷേ അവസാന മത്സരത്തിൽ അപ്രതീക്ഷിതമായി കാലിടറി. എക്വഡോറിനോടേറ്റ 1-2ന്റെ തോൽവി പ്രതിരോധത്തിലെ പിഴവിലേക്കും സൂചന നൽകുന്നത്.
റൗണ്ട് ഓഫ് 32ൽ പരഗ്വേയാണ് ജർമനിയുടെ എതിരാളി. മൂന്നാം സ്ഥാനക്കാർക്കുള്ള ബർത്തിലൂടെ യോഗ്യത നേടിയവർ. 2010ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ പരഗ്വേ തിരിച്ചുവരിൽ നോക്കൗട്ട് വരെയെത്തിയാണ് അതിശയിപ്പിച്ചത്. പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ് പരഗ്വേയെങ്കിലും കോച്ച് ഗുസ്താവോ അൽഫാരയുടെ തന്ത്രങ്ങളിലാണ് പ്രതീക്ഷ. മറുപാതിയിൽ ഈസി വാക്കോവറാണ് ജർമനി സ്വപ്നം കാണുന്നത്. കായ് ഹാവെട്സ്, ലെറോയ് സാനെ, ജമാൽ മുസിയാല, േഫ്ലാറിയാൻ റിറ്റ്സ്, ഫെലിക്സ് നെംച എന്നിവർ ഉൾപ്പെടെ മധ്യ, ആക്രമണ നിര ലോകോത്തര ഫോമിലാണ്. പരിക്കേറ്റ പ്രതിരോധതാരം നിക്കോ ഷോറ്റർബെക്കും, നഥാനിയേൽ ബ്രൗണും ജർമനിക്കായി കളത്തിലിറങ്ങില്ല. പരഗ്വേയുടെ മധ്യനിര താരം ഡീഗോ ഗോമസിന് സസ്പെൻഷൻ കാരണം കളിക്കാനാവില്ലെന്നത് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.