കൊണ്ടും കൊടുത്തും അൽജീരിയയും ഓസ്ട്രിയയും; സമനിലപ്പൂട്ടിനൊടുവിൽ ഇരു ടീമുകളും നോക്കൗട്ടിലേക്ക്

കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ക്ലാസിക് പോരാട്ടങ്ങളിലൊന്നിന് വേദിയായി കൻസാസ് സിറ്റി. ഗ്രൂപ്പ് ജെയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അൽജീരിയക്കും ഓസ്ട്രിയക്കും 3-3 സമനില. ഇഞ്ചുറി ടൈമിൽ അരങ്ങേറിയ നാടകീയതകൾക്കൊടുവിൽ ഇരുടീമുകളും റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറിയപ്പോൾ, നിർഭാഗ്യത്തിന്റെ രൂപത്തിൽ ഇറാൻ ലോകകപ്പിൽ നിന്ന് കണ്ണീരോടെ പുറത്തായി.

തോൽക്കുന്നവർ പുറത്താവുകയും പകരം ഇറാൻ നോക്കൗട്ടിൽ കയറുകയും ചെയ്യുമായിരുന്ന മത്സരത്തിലാണ് അവസാന നിമിഷം വരെ നീണ്ടുനിന്ന ശ്വാസമടക്കിപ്പിടിച്ച പോരാട്ടം ഫുട്ബാൾ ആരാധകർ കണ്ടത്. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലെ അവസാന കിക്കിലാണ് ഓസ്ട്രിയ സമനില പിടിച്ചതും ഇറാന്റെ ലോകകപ്പ് മോഹങ്ങൾ തകർന്നതും.

മൂന്ന് മിനിറ്റിലെ മാന്ത്രികതയും കണ്ണീരും

മത്സരം 2-2 എന്ന നിലയിൽ സമനിലയിലേക്ക് നീങ്ങവെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു. ഈ സ്കോർ ഇരുവർക്കും നോക്കൗട്ട് ഉറപ്പാക്കുമായിരുന്നു. എന്നാൽ 93-ാം മിനിറ്റിൽ (90+3) റിയാദ് മഹ്റസ് തന്റെ രണ്ടാം ഗോളിലൂടെ അൽജീരിയക്ക് മത്സരത്തിലാദ്യമായി ലീഡ് സമ്മാനിച്ചു (3-2). അതോടെ ഓസ്ട്രിയ പുറത്തേക്കും ഇറാൻ നോക്കൗട്ടിലേക്കും എന്ന നിലയിലായി കാര്യങ്ങൾ. ലോകകപ്പിന്റെ മാന്ത്രികതയും സങ്കടവും മാറിമറിഞ്ഞ മൂന്ന് മിനിറ്റുകൾക്കായിരുന്നു പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, 96-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സാസ കലാജ്‌സിച്ചിന്റെ ഹെഡ്ഡർ ഗോളിലൂടെ ഓസ്ട്രിയ അത്ഭുതകരമായി സമനില പിടിച്ചു (3-3). ഈ ഒറ്റ ഗോൾ ഇറാന്റെ നോക്കൗട്ട് മോഹങ്ങൾ തകർത്തെറിയുകയും ഓസ്ട്രിയയുടെ ലോകകപ്പ് ക്യാമ്പയിന് ജീവൻ നൽകുകയും ചെയ്തു.

തുടക്കം മുതൽ ആക്രമണ ഫുട്ബാൾ കണ്ട മത്സരത്തിൽ 27-ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ നിന്ന് മാർക്കോ അർനാട്ടോവിച്ചാണ് ഓസ്ട്രിയയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 44-ാം മിനിറ്റിൽ റഫീഖ് ബെൽഗാലിയിലൂടെ അൽജീരിയ സമനില പിടിച്ചു. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ മാർസെൽ സബിറ്റ്സറിലൂടെ ഓസ്ട്രിയ വീണ്ടും ലീഡ് നേടി (2-1). വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന ഡെസേർട്ട് ഫോക്സുകൾ (അൽജീരിയ) 59-ാം മിനിറ്റിൽ റിയാദ് മഹ്റസിന്റെ ഗോളിലൂടെ ഒപ്പമെത്തി. പിന്നീടാണ് കൻസാസ് സിറ്റിയെ കോരിത്തരിപ്പിച്ച ഇഞ്ചുറി ടൈമിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുന്ന എട്ട് ടീമുകളിൽ ആറാം സ്ഥാനക്കാരായാണ് അൽജീരിയ നോക്കൗട്ട് ടിക്കറ്റെടുത്തത്. വ്യാഴാഴ്ച നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രിയ കരുത്തരായ സ്പെയിനെ നേരിടും. അന്ന് തന്നെ വാൻകൂവറിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡാണ് അൾജീരിയയുടെ എതിരാളികൾ.

Tags:    
News Summary - Dramatic Draw in Kansas City: Austria and Algeria Advance to Knockouts, Iran Crashes Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.