ഹൂസ്റ്റൺ: ലോകകപ്പ് നോക്കൗട്ടിൽ കരുത്തരായ ജപ്പാനെ നേരിടുന്ന ബ്രസീലിന്‍റെ ആദ്യ ഇലവനിൽ സൂപ്പർതാരം നെയ്മറില്ല. പകരക്കാരുടെ ബെഞ്ചിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇത്തവണയും നെയ്മറെ ഉൾപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ കളത്തിലിറങ്ങിയ ടീം തന്നെയാണ് ജപ്പാനെതിരെയും കളിക്കുന്നത്. രാത്രി 10.30ന് ഹൂസ്റ്റണിലാണ് ആവേശപ്പോരാട്ടം.
ഗ്രൂപ്പ് സിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് കാനറികൾ നോക്കൗട്ടിലെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ മുന്നേറ്റനിര തകർപ്പൻ ഫോമിലാണ്. മതേയൂസ് കുൻഹ, റയാൻ എന്നിവരാണ് മുന്നേറ്റനിരയിലെ മറ്റു താരങ്ങൾ. ലൂക്കാസ് പക്വേറ്റ, കസെമിറോ, ബ്രൂണോ ഗ്യുമറേസ് എന്നിവർ മധ്യനിരയിൽ അണിനിരക്കും. ഡാനിലോ, മാർക്വിഞ്ഞോസ്, ഗബ്രിയേൽ, സാന്‍റോസ് എന്നിവരാണ് പ്രതിരോധം കാക്കുന്നത്.
അലിസൺ ബെക്കർ തന്നെയാണ് ഗോൾകീപ്പർ. സ്വീഡനെതിരായ കഴിഞ്ഞ മത്സരത്തിൽ കളിച്ച ജപ്പാൻ ടീമിൽ നാലു മാറ്റങ്ങളുണ്ട്. ഷോഗോ താനിഗുച്ചി, താകെഹിരോ ടോമിയസു, കൈഷു സാനോ, ജുന്യ ഇറ്റോ എന്നിവർ ആദ്യ ഇലവനിൽ എത്തിയപ്പോൾ ആവോ തനക, കോ ഇറ്റാകുര, അയുമു സെക്കോ, യുക്കിനാരി സുഗാവാര എന്നിവർ ബെഞ്ചിലേക്ക് മാറി. 3-4-2-1 എന്ന ശൈലയിലാണ് സമുറായികൾ കളിക്കുന്നത്. ടീമെന്ന നിലയിൽ അവസാന രണ്ടു മത്സരങ്ങളിൽ ഒത്തിണക്കത്തോടെ പന്തുതട്ടിയതാണ് കാനറികൾക്ക് ആത്മവിശ്വാസം നൽകുന്നത്.
അതേസമയം, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്റെ പ്രതീക്ഷകൾ. നെതർലൻഡ്‌സും സ്വീഡനും ഉൾപ്പെട്ട ‘ഡെത്ത് ഗ്രൂപ്പിൽ’ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ നോക്കൗട്ടിലെത്തിയത്. കോച്ച് ഹാജിമെ മൊറിയാസുവിന്റെ കീഴിൽ മിന്നൽവേഗത്തിലുള്ള നീക്കങ്ങളും എതിരാളികളെ വിറപ്പിക്കുന്ന പ്രെസ്സിങ് ഗെയിമുമാണ് ജപ്പാന്റെ മുഖമുദ്ര. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്റെ ഈ ശൈലിക്ക് ആഞ്ചലോട്ടി എന്ത് മറുതന്ത്രമാണ് ഒരുക്കുകയെന്നത് മത്സരത്തിന്റെ ഗതി നിർണയിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 3-2 എന്ന സ്കോറിന് ബ്രസീലിനെ അട്ടിമറിച്ചതിന്റെ ഓർമ ജപ്പാന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ആ മത്സരത്തിലെ വിജയത്തിന്റെ ആവർത്തനമാണ് സമുറായ് പട ലക്ഷ്യമിടുന്നത്.
എങ്കിലും, ലോകകപ്പ് പോലുള്ള വലിയ വേദികളിലെ സമ്മർദം അതിജീവിക്കാനും ബ്രസീലിന്റെ അനുഭവസമ്പത്തിന് മുന്നിൽ പതറാതിരിക്കാനും ജപ്പാൻ നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ബ്രസീലിന്റെ കിരീട മോഹത്തിന് ജപ്പാൻ തടയിടുമോ അതോ ബ്രസീൽ തങ്ങളുടെ പ്രതാപം വീണ്ടെടുത്ത് ക്വാർട്ടറിലേക്ക് മുന്നേറുമോ? ഉത്തരം അറിയാൻ ഫുട്ബോൾ ലോകം ഹൂസ്റ്റണിലെ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.