ചരിത്രം കുറിച്ച് കോംഗോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് നോക്കൗട്ടിലേക്ക്

അറ്റ്ലാന്റ : ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം രചിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഗ്രൂപ്പ് കെയിലെ ആവേശകരമായ മത്സരത്തിൽ, ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ഉസ്ബെക്കിസ്ഥാനെ 3-1 എന്ന സ്കോറിന് തകർത്താണ് ആഫ്രിക്കൻ കരുത്തർ നോക്കൗട്ട് ബർത്ത് ഉറപ്പിച്ചത്. ബുധനാഴ്ച അറ്റ്ലാന്റയിൽ നടക്കുന്ന നോക്കൗട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് കോംഗോയുടെ എതിരാളികൾ.

മത്സരത്തിന്റെ തുടക്കത്തിൽ ഉസ്ബെക്കിസ്ഥാൻ കളംനിറഞ്ഞു കളിച്ചു. കോംഗോ പ്രതിരോധനിരയിലെ ആശയക്കുഴപ്പം മുതലെടുത്ത് എൽദോർ ഷോമുറോദോവാണ് ഉസ്ബെക്കിസ്ഥാനുവേണ്ടി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിലുടെനീളം ഉസ്ബെക്കിസ്ഥാൻ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ, വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത കോംഗോ രണ്ടാം പകുതിയിൽ കൂടുതൽ തന്ത്രങ്ങൾ മെനഞ്ഞു.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ ശൈലിയാണ് കോംഗോ സ്വീകരിച്ചത്. ഇതിന്റെ ഫലം പെട്ടെന്നുതന്നെ ലഭിച്ചു. ഉസ്ബെക്കിസ്ഥാൻ താരം അബ്ദുക്കോദിർ ഖുസാനോവ് ബോക്സിനുള്ളിൽ യോഗവാൻ വിസയെ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത വിസയ്ക്ക് തെറ്റിയില്ല. സ്കോർ 1-1. ഈ ഗോൾ കോംഗോയുടെ ആത്മവിശ്വാസം വാനോളം ഉയർത്തി. തുടർന്ന് ആക്രമണങ്ങൾ വേഗത്തിലാക്കിയ കോംഗോ 70-ാം മിനിറ്റിനുശേഷം മത്സരത്തിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കി. മെഷാക് ഏലിയ തൊടുത്ത ഷോട്ട് ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവാഹിദ് നെമറ്റോവിനെ തെറ്റിച്ച് ഫിസ്റ്റൺ മയേലെയുടെ കാലുകളിലെത്തി. പന്ത് ഒട്ടും വൈകാതെ മയേലെ വലയിലാക്കിയതോടെ കോംഗോ ലീഡ് നേടി.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ബോക്സിന് വെളിയിൽനിന്ന് യോഗവാൻ വിസ തൊടുത്ത തകർപ്പൻ ഷോട്ട് ഉസ്ബെക്കിസ്ഥാൻ വലയുടെ വിദൂര മൂലയിൽ പതിച്ചതോടെ സ്റ്റേഡിയം ആവേശത്തിലായി. 3-1 എന്ന സ്കോറോടെ വിജയം ഉറപ്പിച്ച കോംഗോ, ലോകകപ്പിലെ തങ്ങളുടെ ആദ്യ നോക്കൗട്ട് യോഗ്യത ആഘോഷമാക്കി മാറ്റി. നോക്കൗട്ടിൽ അറ്റ്ലാന്റയിലെ മണ്ണിൽ അട്ടിമറി വിജയം ആവർത്തിക്കാൻ കോംഗോയും, പ്രതാപം നിലനിർത്താൻ ഇംഗ്ലണ്ടും പോരിനിറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്.

Tags:    
News Summary - Historic Debut: DR Congo Stun Uzbekistan to Secure World Cup Knockout Berth Against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.