മെസ്സിയില്ലെങ്കിലും അർജന്റീന അജയ്യർ; ആദ്യപകുതിയിൽ ജോർഡനെതിരെ രണ്ട് ഗോൾ ലീഡ്

ഹൂസ്റ്റൺ: ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. കളിയുടെ തുടക്കം മുതൽ അർജന്റീന ജോർദാൻ ഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീ-കിക്ക് മനോഹരമായി വലയിലെത്തിച്ച് ജിയോവാനി ലോ സെൽസോയാണ് അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ജോർഡൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി ലോ സെൽസോയുടെ ഇടംകാലൻ ഷോട്ട് പന്തിനെ വലയുടെ ഇടത്തെ മുകൾ മൂലയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ 31-ാം മിനിറ്റിൽ അർജന്റീനയുടെ ലീഡ് ഇരട്ടിയായി. സെനേസിയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന്  ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി ലൗട്ടാരോ മാർട്ടിനെസ് പന്ത് വലയിലെത്തിച്ചു. ലൗട്ടാരോയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയാണിത്. ഗോൾകീപ്പറെ തെറ്റായ ദിശയിലേക്ക് അയച്ച് വളരെ ശാന്തമായാണ് താരം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.

നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ച അർജന്റീന, മെസ്സി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഈ മത്സരത്തിനിറങ്ങിയത്. എങ്കിലും, ടീമിന്റെ ശൈലിയിൽ ഒട്ടും മാറ്റം വരുത്താതെ പന്തിന്റെ നിയന്ത്രണം കൈക്കലാക്കി കളിക്കാൻ പരിശീലകൻ ലയണൽ സ്കലോണിയുടെ സംഘത്തിന് സാധിച്ചു. മറുഭാഗത്ത്, ലോകകപ്പ് അരങ്ങേറ്റം കുറിച്ച ജോർദാൻ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അർജന്റീനയുടെ പരിചയസമ്പന്നതയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയും അൾജീരിയയും തമ്മിലുള്ള പോരാട്ടമാണ് ഗ്രൂപ്പ് ജെ-യിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കുക.

Tags:    
News Summary - Argentina leads Jordan by two goals in the first half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.