കുഞ്ഞിനെയും നെഞ്ചിലേറ്റി ക്ലാ​െസടുക്കുന്ന വിഭാര്യനായ പ്രഫസറല്ല ഇദ്ദേഹം; വൈറൽ ചിത്രത്തിന്​ പിന്നിലെ വാസ്​തവം ഇതാണ്​

ന്യൂഡൽഹി: പങ്കാളിയുടെ വേർപാടിന്​ ശേഷം മക്കളെ പരിപാലിക്കുന്ന മാതാപിതാക്കളുടെ കഥകൾ നാം ഏറെ കണ്ടിട്ടുണ്ട്​​. പിഞ്ചുകുഞ്ഞിനെ നെഞ്ചിൽ ചേർത്ത്​ ക്ലാസ്​ എടുക്കുന്ന അധ്യാപകന്‍റെ ചിത്രം അടുത്തിടെ സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. ജനനത്തോടുകൂടി അമ്മയെ നഷ്​ടപ്പെട്ട കുഞ്ഞിനെയും കൊണ്ട്​ ക്ലാസ്​ എടുക്കുന്ന കോളജ്​ പ്രഫസ​ർക്ക്​ നിരവധി കൈയ്യടികൾ ലഭിച്ചു.

ഛത്തിസ്​ഗഢ്​ കേഡറിലെ 2009 ബാച്ച്​ ഐ.എ.എസ്​ ഉദ്യോഗസ്​ഥനായ അവാനിഷ്​ ശരൺ അടക്കമു​ള്ള പ്രമുഖർ ഈ ചിത്രം ട്വീറ്റ്​ ചെയ്​തിരുന്നു. ' പ്രസവത്തോടെ അദ്ദേഹത്തിന്​ ഭാര്യയെ നഷ്​ടമായി. എന്നിരുന്നാലും കുഞ്ഞിന്‍റെയും കോളജ്​ ക്ലാസിന്‍റെയും ചുമതല അദ്ദേഹം ഒരുമിച്ച്​ നിറവേറ്റുന്നു. യഥാർഥ ജീവിതത്തിലെ നായകൻ' -ചിത്രം പങ്കുവെച്ച്​ അവാനിഷ്​ ശരൺ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ സംഭവത്തിലെ യഥാർഥ ചിത്രം ഇപ്പോൾ പ​ുറത്തുവന്നിരിക്കുകയാണ്​. തന്‍റെ വിദ്യാർഥിയുടെ കുഞ്ഞിനെയും കൊണ്ട്​ ക്ലാസ്​ എടുക്കുന്ന മെക്​സിക്കൻ പ്രഫസറുടെ ചിത്രമായിരുന്നു അത്​. വിദ്യാർഥിക്ക്​ സൗകര്യപൂർവ്വം ​കുറിപ്പുകൾ എഴുതാൻ കുഞ്ഞിന്‍റെ പരിപാലന ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. റിവേഴ്​സ്​ ഇമേജ്​ സെർച്ച്​ വഴി 2016ൽ ഇദ്ദേഹത്തെ കുറിച്ച്​ സി.എൻ.എൻ സ്​പാനിഷ്​ പ്രസിദ്ധീകരിച്ച വാർത്ത വഴിയാണ്​ സത്യാവസ്​ഥ പുറത്ത്​ വന്നത്​.

മെക്​സിക്കോയിലെ അകാപുൽകോയിലെ ഇൻറർ അമേരിക്കൻ യൂനിവേഴ്​സിറ്റി ഫോർ ഡെവലപ്​മെന്‍റിലെ നിയമ വിഭാഗം പ്രഫസറായ മോയ്​സസ്​ റെയ്​സ്​ സാൻഡോവൽ ആണ്​ കഥയിലെ നായകൻ.

തന്‍റെ 22കാരിയായ വിദ്യാർഥി യെലേന സലാസിന്‍റെ കുഞ്ഞായിരുന്നു പ്രഫസറുടെ കൈയ്യിൽ. 2016 ജൂലൈ ആറിന്​ തന്‍റെ അനുഭവം ഇദ്ദേഹം ഫേസ്​ബുക്കിലും പങ്കുവെച്ചിരുന്നു. ഉത്തരവാദിത്തങ്ങൾക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തുന്ന പെൺകുട്ടിയെ സഹായിക്കുന്ന അധ്യാപകന്‍റെ കഥ അക്കാലത്ത്​ നിരവധി പ്രാദേശിക മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.