ന്യൂഡൽഹി: ഇന്ത്യ - പാകിസ്താൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രണ്ടോ മൂന്നോ ദിവസം എ.ടി.എമ്മുകൾ അടച്ചിടുമെന്ന തരത്തിൽ വാട്സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് ഇത് യാഥാർഥ്യമാണോ എന്ന് അന്വേഷിക്കുന്നത്. എന്നാൽ ഈ സന്ദേശത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘർഷമുയർന്നതിനു പിന്നാലെ വന്ന വ്യാജ സന്ദേശങ്ങളിൽ ഒന്നു മാത്രമാണിതെന്നും പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
“എ.ടി.എമ്മുകൾ അടച്ചോ? വാട്സ്ആപ്പിലെ ഒരു വൈറൽ മെസേജ് രണ്ടോ മൂന്നോ ദിവസം എ.ടി.എമ്മുകൾ അടച്ചിടുമെന്ന് അവകാശപ്പെടുന്നു. ഈ സന്ദേശം വ്യാജമാണ്. എ.ടി.എമ്മുകൾ സാധാരണ പോലെ പ്രവർത്തിക്കും. സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പങ്കുവെക്കരുത്” - വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം പി.ബി.ഐ എക്സിൽ കുറിച്ചു.
പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനം ശക്തമാകുന്നതിനിടെ നിരവധി വ്യാജ സന്ദേശങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാകിസ്താന്റെ മിസൈൽ ആക്രമണത്തിന്റെ ദൃശ്യം, ജമ്മു എയർബേസിൽ സ്ഫോടനം, ഗുജറാത്തിലെ തുറമുഖത്തിൽ ആക്രമണം എന്നിങ്ങനെ പോകുന്നു വ്യാജ ചിത്രങ്ങളും വിഡിയോകളും. ഇവയിൽ പലതും മറ്റിടങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതോ വ്യാജമായി തയാറാക്കിയതോ ആണ്. പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗവും മറ്റ് പല സ്വതന്ത്ര ഏജൻസികളും വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.