കെജ്രിവാൾ 1987ലെ ബലാത്സംഗക്കേസ് പ്രതിയല്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

ൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ കെജ്രിവാളിനെതിരായ ഒരു പത്രവാർത്തയുടെ ചിത്രം പ്രചരിക്കുകയാണ്. 1987ൽ കെജ്രിവാൾ ഖരഗ്പൂർ ഐ.ഐ.ടിയിൽ പഠിക്കുമ്പോൾ ഒരു ബലാത്സംഗക്കേസിൽ പിടിയിലായി എന്ന വാർത്തയാണ് പ്രചരിക്കുന്നത്. എന്താണ് ഇതിന്‍റെ യാഥാർഥ്യം?

 

പ്രചരിക്കുന്ന വാർത്ത ഇങ്ങനെ

1987 ജൂൺ എട്ടിലെ 'ദ ടെലഗ്രാഫ്' പത്രത്തിന്‍റേതെന്ന് തോന്നിക്കുന്ന കട്ടിങ്ങാണ് പ്രചരിക്കുന്നത്. ബലാത്സംഗക്കേസിൽ ഐ.ഐ.ടി വിദ്യാർഥി പ്രതി എന്നാണ് വാർത്തയുടെ തലക്കെട്ട്. പ്രദേശത്തുകാരിയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഐ.ഐ.ടി വിദ്യാർഥിയായ 19കാരനായ അരവിന്ദ് കെജ്രിവാളിനെ ഹോസ്റ്റലിലെത്തി പൊലീസ് പിടികൂടി എന്നാണ് വാർത്തയിൽ പറയുന്നത്.

ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഈ വാർത്താചിത്രം ഇപ്പോൾ പ്രചരിക്കുന്നത്. ഫേസ്ബുക്, വാട്സപ്പ്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. 



 


കെജ്രിവാൾ ബലാത്സംഗക്കേസ് പ്രതിയാണോ? അല്ല.

അരവിന്ദ് കെജ്രിവാൾ ഖരഗ്പൂർ ഐ.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. എന്നാൽ, ബലാത്സംഗക്കേസിൽ പ്രതിയല്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്താ കട്ടിങ് വ്യാജമാണെന്ന് നിരവധി ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റുകൾ വഴി വ്യാജമായുണ്ടാക്കിയതാണ് അരവിന്ദ് കെജ്രിവാളിനെതിരായ ബലാത്സംഗ വാർത്തയെന്ന് ബൂം, ദ പ്രിന്‍റ്, ദ ക്വിന്‍റ് തുടങ്ങിയ ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. നമുക്ക് ആവശ്യമായ വിവരങ്ങൾ നൽകിയാൽ അത് പത്രവാർത്താ രൂപത്തിൽ നിർമിച്ചുതരുന്ന വെബ്സൈറ്റുകളാണ് ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റുകൾ.

 

ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ഇത്തരത്തിലുള്ള ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റിലെത്തി സാംപിൾ ടെക്സ്റ്റ് കൊടുത്തപ്പോൾ കെജ്രിവാളിന്‍റെ വ്യാജ വാർത്തക്ക് സമാനമായ പത്ര കട്ടിങ് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച കട്ടിങ്ങിലെ മൂന്നാമത്തെ പാരഗ്രാഫും കെജ്രിവാളിന്‍റെ വാർത്തയിലെ മൂന്നാമത്തെ പാരഗ്രാഫും ഒരേപോലെയാണെന്ന് കണ്ടെത്തി. ഓൺലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റിൽ ഏത് ടെക്സ്റ്റ് കൊടുത്താലും മൂന്നാം പാരഗ്രാഫായി ഒരേ അക്ഷരങ്ങൾ തന്നെയാണ് വരുന്നതെന്ന് ഇതുവഴി തെളിഞ്ഞു.

മാത്രവുമല്ല, കെജ്രിവാൾ മുമ്പ് കേസിൽ പ്രതിയായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അത് വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു കേസിനെ കുറിച്ച് കെജ്രിവാളിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നില്ല.

നേരത്തെ, 2020ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തും കെജ്രിവാളിനെതിരെ ഇതേ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2018ലും ഇതേതരത്തിലുള്ള പ്രചാരണമുണ്ടായി.

 

രാഹുൽ ഗാന്ധി നിരോധിത മയക്കുമരുന്നുകളുമായി പിടിയിൽ, ഭൂമിയിൽ അന്യഗ്രഹ ജീവികളിറങ്ങി തുടങ്ങിയ നിരവധി വ്യാജ വാർത്താ കട്ടിങ്ങുകൾ ഇതേ വെബ്സൈറ്റിൽ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

Tags:    
News Summary - Kejriwal isn’t accused in 1980s rape case. Newspaper clip on social media is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.