'ബുർഖ ധരിക്കാത്ത സ്ത്രീയെ ബസിൽ യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ല'; കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം, പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ

കോഴിക്കോട്: കേരളത്തിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ വിദ്വേഷപ്രചാരണം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. പല കാലങ്ങളിൽ പല രീതികളിൽ വിദ്വേഷപ്രചാരണം നടത്തുകയും അവയെല്ലാം സമൂഹമാധ്യമങ്ങൾ പൊളിച്ചടുക്കി കൈയിൽകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ ഏറ്റവും പുതിയതായി രംഗത്തിറക്കിയ നമ്പറാണ് 'കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാനാവില്ല' എന്നത്. ഉത്തരേന്ത്യൻ സംഘ്പരിവാർ വിദ്വേഷ പ്രചാരണ കേന്ദ്രങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിൽ നിന്നുള്ള ഒരു വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.

കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് ആനന്ദി നായർ എന്ന പേരിലുള്ള ഒരാൾ എക്സിൽ പങ്കുവെച്ച വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. 'കേരളത്തിൽ ഹിന്ദുക്കൾക്ക് പൊതുഗതാഗതം ഉപയോഗിക്കണമെങ്കിൽ തല മറയ്ക്കണമെന്നാണ് അവസ്ഥ. ഈയൊരു സംഭവം ഒരു മാധ്യമങ്ങളും ഏറ്റെടുക്കുന്നില്ല. ദൈവത്തിന്‍റെ സ്വന്തം നാട് അല്ലാഹുവിന്‍റെ സ്വന്തം നാടായിരിക്കുന്നു ഇപ്പോൾ' -പോസ്റ്റിൽ പറയുന്നു. 

 

കാസർകോട് നിന്നുള്ള ഒരു വിഡിയോയാണ് ഇവർ പങ്കുവെച്ചത്. ഒരുകൂട്ടം വിദ്യാർഥിനികൾ, ഏറെയും ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്, ബസിൽ വെച്ച് ഒരു സ്ത്രീയുമായി തർക്കിക്കുന്നതാണ് വിഡിയോയിൽ കാണാനാവുക. വിദ്യാർഥികൾ സ്ത്രീയുമായി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നുണ്ട്. 

 

ബുർഖ ധരിക്കാത്തതിന് ബസിൽ നിന്ന് ഇറക്കിവിട്ടു എന്ന പ്രചാരണം വിദ്വേഷ വക്താക്കൾ ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി ഈ ട്വീറ്റ് പങ്കുവെച്ചു. വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ പോകാനാകില്ലെന്നാണ് മലയാളി കൂടിയായ അനിൽ ആന്‍റണിയുടെ വാക്കുകൾ. നിരവധി പേർ ഈ പ്രചാരണത്തിന്‍റെ ഭാഗമായി. വിദേശ പ്രൊഫൈലുകൾ വരെ ഇത്തരം ട്വീറ്റിട്ടവരിലുൾപ്പെടും.

എന്നാൽ, അധികം വൈകാതെ തന്നെ വിദ്വേഷ പ്രചാരണത്തെ കൈയോടെ പൊളിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ബസ് കോളജിന് മുന്നിൽ നിർത്തുന്നതുമായി ബന്ധപ്പെട്ട ഒരു തർക്കത്തിനിടെ ചിത്രീകരിച്ച വിഡിയോയാണ് വിദ്വേഷ പ്രചാരണത്തിനുപയോഗിച്ചത്. വർഗീയമായ ഒരു കാരണവും തർക്കത്തിനു പിന്നിലുണ്ടായിരുന്നില്ല. കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ ഭാസ്കര നഗറിലാണ് സംഭവമുണ്ടായത്. ബസ് തടഞ്ഞ സംഭവത്തിന് യാതൊരു വർഗീയ ചുവയുമില്ലെന്ന് കുമ്പള പൊലീസും വ്യക്തമാക്കുന്നു.

Full View

ആനന്ദി നായരുടെ വിദ്വേഷ പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ടത് നിരവധി പേരാണ്. ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മേനോൻ ഉൾപ്പെടെയുള്ള നിരവധി പേർ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - hate campaign against kerala by sangh parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.