കൊന്ന പിഞ്ചുകുഞ്ഞിനെ പോലും വെറുതെ വിടാതെ ഇസ്രായേൽ: മൃതദേഹമല്ല കളിപ്പാവയെന്ന് നുണപ്രചാരണം

സ്ഥലം ഗസ്സ അൽ ശിഫ ആശുപത്രിയുടെ മോർച്ചറി മുറ്റം. നാലുവയസ്സുകാരന്റെ ചേതനയറ്റ ശരീരം കൈകളിലേന്തി, ദുഃഖം കടിച്ചമർത്തി ഒരു മനുഷ്യൻ. മൃതദേഹം പൊതിഞ്ഞ വെള്ളത്തുണിയിൽ ആ കുഞ്ഞിന്റെ ഇളംചോര പടർന്നിരിക്കുന്നു. നിലത്ത് നിരത്തി വെച്ച നിരവധി മൃത​ദേഹങ്ങൾക്കിടയിലാണ് ഉമർ ബിലാൽ അൽ-ബന്ന എന്ന പൊന്നുമോന്റെ മയ്യിത്തുമായി ആ മനുഷ്യൻ നിൽക്കുന്നത്. ചുറ്റിലുമുള്ളവരെല്ലാം ആ കാഴ്ച കണ്ട് തരിച്ചു നിൽക്കുന്നു.

ഒക്ടോബർ 12ന് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഉമർ ബിലാൽ അൽ-ബന്ന എന്ന ഇളംപൈതൽ വീരമൃത്യുവരിക്കുന്നത്. ഭൂമിയിൽ കാലുറപ്പിച്ച് നടക്കും മുന്നേ ആ കുഞ്ഞിന്റെ ജീവൻ സയണിസ്റ്റ് ഭീകരർ കവർന്നെടുത്തു. എന്നാൽ, അതുകൊണ്ടും അവർ നിർത്തിയില്ല. മൃതദേഹം പിടിച്ചു നിൽക്കുന്ന ആ ചിത്ര​ത്തെയും അതിന്റെ വിഡിയോയെയും അവർ അപഹസിച്ചു. അത് ശവശരീരമല്ലെന്നും കളിപ്പാവയാണെന്നും ഇസ്രായേലിന്റെ ഔദ്യോഗിക ട്വിറ്റർ (എക്സ്) ഹാൻഡിലിൽ ഒക്ടോബർ 14 ന് കുറിപ്പിട്ടു. സഹതാപം നേടാൻ ഹമാസ് കളിപ്പാവയിൽ ചോരപുരട്ടി പൊതിഞ്ഞുകെട്ടിയതാണെന്നായിരുന്നു ഇസ്രായേലിന്റെ ‘കണ്ടുപിടിത്തം’.

കള്ളം ഏറ്റെടുത്ത് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും

ഈ വ്യാജ ആരോപണം ശരവേഗം പ്രചരിച്ചു. ഫ്രാൻസിലെയും ഓസ്ട്രിയയിലെയും ഇസ്രായേൽ എംബസിയും മറ്റ് ഔദ്യോഗിക ഇസ്രായേലി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ‘പാവ’ ആരോപണം പങ്കുവെച്ചു. “ഐ.ഡി.എഫ് (ഇസ്രായേൽ പ്രതിരോധ സേന) ആക്രമണം മൂലം മരിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു പാവയുടെ വിഡിയോ ഹമാസ് പോസ്റ്റ് ചെയ്തു” എന്ന അടിക്കുറിപ്പോടെയാണ് ഇസ്രായേൽ ചിത്രം പ്രചരിപ്പിച്ചത്. ലോകം മുഴുവനുള്ള തീവ്രവലതുപക്ഷ ഹാൻഡിലുകളും വംശീയവാദികളും ഈ വാദം ഏറ്റുപിടിച്ചു. ഇവിടെ, ഇന്ത്യയിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും മാധ്യമപ്രവർത്തകരായ സ്വാതി ഗോയൽ ശർമ്മ, അഭിജിത് മജുംദർ തുടങ്ങിയവരും ഇത് ഷെയർ ചെയ്തു.

ഫലസ്തീൻ കുട്ടിയെന്ന പേരിൽ ഒരു പാവയെ കിടത്തി ഹമാസ് പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇവരു​ടെ നുണ. ഇസ്രായേൽ ആക്ടിവിസ്റ്റ് യോസെഫ് ഹദ്ദാദ് ആണ് ഈ അവകാശവാദം ആദ്യമായി ട്വീറ്റ് ചെയ്തത്. "ഹമാസിന്റെയും ഫലസ്തീനികളുടെയും നുണ, അപവാദ പ്രചരണ വിഭാഗം എത്ര ശക്തമായാണ് പ്രവർത്തിക്കുന്നതെന്ന് ഇത് തുറന്നുകാട്ടുന്നു" എന്നായിരുന്നു ഹദ്ദാദിന്റെ അവകാശവാദം. അദ്ദേഹത്തിന്റെ ട്വീറ്റ് 37 ലക്ഷം പേരാണ് കണ്ടത്. 27,000 ലൈക്കുകളും ലഭിച്ചു.

മാധ്യമപ്രവർത്തകയായ ആമി മെക്ക് അൽപംകൂടി കടന്ന് 'ഇസ്‌ലാമിക് പ്രോപഗണ്ട' എന്ന് ആരോപിച്ചാണ് ഉമർ ബിലാൽ അൽ-ബന്നയുടെ മൃതദേഹത്തെ പാവയാക്കി അവതരിപ്പിച്ചത്. 'അൺസെൻസേർഡ് ന്യൂസ് നെറ്റ്‌വർക്ക്' വോയ്‌സ് ഓഫ് യൂറോപ്പും ഇതേ അവകാശവാദത്തോടെ ട്വീറ്റ് ചെയ്തു. വസ്തുതാന്വേഷണ സംഘമെന്ന് എന്ന് സ്വയം അവകാശപ്പെടുന്ന ‘ഇസ്രായേൽ വാർ റൂം’, ഇസ്രായേലി മാധ്യമപ്രവർത്തകരായ എഡ്ഡി കോഹൻ, ബ്രയാൻ ക്രാസെൻ‌സ്റ്റൈൻ എന്നിവരും ഈ ആരോപണം ഉന്നയിച്ചു. വൈറൽ വിഡിയോ"പാലിവുഡിന്റെ" അത്ഭുതകരമായ ബ്ലോക്ക്ബസ്റ്ററാണെന്നും ഇവർ പരിഹസിച്ചു.

സത്യം മറനീക്കി ആൾട്ട് ന്യൂസിന്റെ വസ്തുതാ പരിശോധന

ഹിറ്റ്ലറിന്റെ ഗീബത്സിയൻ നുണകളെ തോൽപിക്കുന്ന തരത്തിലായിരുന്നു പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തെപോലും അവഹേളിച്ച് ഇസ്രായേലിന്റെ നുണപ്രചാരണം. എന്നാൽ, ഇന്ത്യൻ വസ്തുതാന്വേഷണ വെബ്സൈറ്റായ ‘ആൾട്ട് ന്യൂസ്’ നടത്തിയ അന്വേഷണം ഈ നുണ പൊളിച്ചടുക്കി. അ​ന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്‌.പിയുടെ (അസോസിയേറ്റഡ് ഫ്രാൻസ് പ്രസ്) ഫോട്ടോ ജേർണലിസ്റ്റ് മുഹമ്മദ് ആബേദും ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ മോമെൻ അൽ ഹലാബിയുമാ​ണെന്ന് ആൾട്ട് ന്യൂസ് കണ്ടെത്തി. "2023 ഒക്ടോബർ 12ന് ഇസ്രായേലും ഹമാസും തമ്മിൽ ആറാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം സംസ്കാരത്തിനായി പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഫലസ്തീൻ സ്വദേശി..." എന്ന അടിക്കുറിപ്പോടെയായിരുന്നു എ.എഫ്.പിയുടെ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം ഗെറ്റി ഇമേജസ് പ്രസിദ്ധീകരിച്ചത്.

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ ചിത്രീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഫലസ്തീനിയൻ ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയ മറ്റൊരാളായ മോമെൻ അൽ ഹലാബി. വൈറലായ വിഡിയോ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. തുടർന്ന് ആൾട്ട്ന്യൂസ് ഇദ്ദേഹവുമായി ബന്ധപ്പെട്ടു. ഇസ്രായേലിന്റെ ‘പാവ’ ആരോപണം തള്ളിക്കളഞ്ഞ മോമെൻ, തെളിവായി കുട്ടിയുടെ വിലാസവും വിശദാംശങ്ങളും അദ്ദേഹം പകർത്തിയ ഉമർ ബിലാൽ അൽ-ബന്നയുടെ മറ്റ് നിരവധി ചിത്രങ്ങളും വിഡിയോകളും കൈമാറുകയും ചെയ്തു.

ഒക്ടോബർ 12ന് അൽ സെയ്‌തൂൻ, അൽ നഫാഖ്, സബ്‌റ, താൽ അൽ ഹവ എന്നീ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. പ്രസ്തുത ആക്രമണത്തിൽ 51 പേർ മരിക്കുകയും 281 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൃതദേഹത്തി​നടുത്ത് ചാരനിറത്തിലും ചുവന്ന നിറത്തിലുമുള്ള ടീ ഷർട്ട് ധരിച്ചവർ കുഞ്ഞിന്റെ ബന്ധുക്കളാണെന്നും മോമെൻ അറിയിച്ചു. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ വർഷം ഇസ്രായേൽ അധിനിവേശ സൈന്യം കൊലപ്പെടുത്തിയതാണ് -അദ്ദേഹം പറഞ്ഞു. ‘കളിപ്പാവ’യെന്ന പേരിൽ ഇസ്രായേൽ പങ്കുവെച്ച വിഡിയോയിലും താൻ എടുത്ത ചിത്രത്തിലും ഉള്ള കുട്ടി ഒരേ ആൾ തന്നെയാണെന്നതിന് കുട്ടിയുടെ മുഖത്തുള്ള അടയാളങ്ങൾ മോമേൻ ചൂണ്ടിക്കാട്ടി.

​40 കുഞ്ഞുങ്ങളെ ഹമാസ് കഴുത്തറുത്തുകൊന്നു​വെന്ന വ്യാജം പ്രചരിപ്പിച്ചായിരുന്നു ഗസ്സയിലെ കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് ഇസ്രായേൽ ന്യായം ചമച്ചത്. അത് ഒരു വ്യാജ പ്രചാരണമായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞപ്പോഴേക്കും നൂറുകണക്കിന് കുഞ്ഞുങ്ങളുടെ രക്തം ഫലസ്തീനിലെ മണ്ണിൽ പുരണ്ടിരുന്നു. അതിന് പിന്നാലെയാണ് തങ്ങൾ അരുംകൊലനടത്തിയ പിഞ്ചുകുഞ്ഞിനെപ്പോലും പച്ചനുണകളാൽ വീണ്ടും വീണ്ടും ഇസ്രാ​യേൽ വേട്ടയാടുന്നത്.

Tags:    
News Summary - Fact Check: Israel Govt Falsely Claims Photos of Slain 4-Year-Old in Gaza Are of a Doll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.