ഉദ്ഘാടനത്തിനൊരുങ്ങിയ എക്സ്പാറ്റ് പ്രിന്‍റ് ഹൗസ്
മനാമ: പ്രവാസികളുടെ പുനരധിവാസത്തിനായി പ്രവാസികൾ ചേർന്ന് തുടങ്ങുന്ന സംരംഭമെന്ന സ്വപ്നം ശനിയാഴ്ച തിരുവനന്തപുരത്ത് പൂവണിയും. പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ എക്സ്പാറ്റ് പ്രിന്‍റ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അച്ചടിശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒരു സ്ഥിര വരുമാനം നാട്ടിൽ പ്രതീക്ഷിക്കാനാവാതെ മടക്കയാത്ര അനിശ്ചിതമായി മാറ്റിവെക്കുന്ന നിരവധി പ്രവാസികളുണ്ട്. കുടുംബാംഗങ്ങളെയും ഉറ്റസുഹൃത്തുക്കളെയും നാട്ടിലെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തെയും പിരിഞ്ഞുള്ള ദീർഘനാളത്തെ പ്രവാസം സാധാരണ മലയാളിയിൽ ഏൽപിക്കുന്ന സമ്മർദങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വളരെയേറെയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ഫെഡറേഷൻ ഒരു സംരംഭമെന്ന ലക്ഷ്യവുമായി മുന്നോട്ടു വന്നത്.
സാധാരണക്കാരായ പ്രവാസികൾക്കും നിക്ഷേപം നടത്തി നിശ്ചിത വരുമാനം ഉറപ്പു വരുത്താനാവുന്ന നിക്ഷേപ പദ്ധതിയും, മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രിന്റിങ്, ഡിസൈനിങ് അനുബന്ധ മേഖലകളിൽ ജോലി സാധ്യത ഉറപ്പുവരുത്താവുന്ന പ്രവാസി പുനരധിവാസ പദ്ധതിയും ആണ് എക്സ്പാറ്റ് പ്രിന്‍റ് ഹൗസ്. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, മൊറോക്കോ, ഇംഗ്ലണ്ട്, സിംഗപ്പൂർ എന്നീ പത്തു രാജ്യങ്ങളിൽ നിന്നുള്ള 150ഓളം മലയാളി പ്രവാസികളാണ് പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 20ഓളം പേർക്ക് നേരിട്ടും 50ലധികം പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.
പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ കേരളത്തിലുടനീളം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളിൽ ആദ്യത്തെ സംരംഭമാണ് എക്സ്പാറ്റ് പ്രിന്‍റ് ഹൗസ് എന്ന് ഭാരവാഹികൾ പറഞ്ഞു.
യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള മടങ്ങിയെത്തിയ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമാണ് എക്സ്പാറ്റ് പ്രിന്റ് ഹൗസിനെ നയിക്കുന്നത്. പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ, എക്സ്പാറ്റ് പ്രിന്റ് ഹൗസിന്റെ ചെയർമാനും പ്രവാസി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ ബിനോയ് വിശ്വം എം.പി, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടൈസൻ മാസ്റ്റർ എം.എൽ.എ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളുമാണ്.
ബഹ്റൈനിലെ മുൻ പ്രവാസി ബിജു അഞ്ചൽ ആണ് സ്ഥാപനത്തിന്റെ ജനറൽ മാനേജർ. സ്ഥാപനത്തിന്റെ നയപരമായ തീരുമാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും അഭിപ്രായ രൂപവത്കരണത്തിനുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 50 അംഗ ഗവേണിങ് കൗൺസിലുമുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടുകൂടി തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ 10000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ന്യൂസ് പേപ്പർ പ്രിന്റിങ്, മാഗസിൻ, പോസ്റ്ററുകൾ, കലണ്ടറുകൾ, ഡയറികൾ, ബ്രോഷറുകൾ, എന്നിവയുടെ ഡിസൈനിങ്ങും അച്ചടിയും എന്നിവ സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.
ഉദ്ഘാടന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വിച്ച് ഓൺ കർമം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.