കുഞ്ഞുങ്ങൾക്കായി 'പ്രജനന കുളങ്ങൾ' നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തവള; അപൂർവ കണ്ടെത്തലുമായി പഠനം

കാമറൂൺ: ലോകത്തിലെ ഏറ്റവും വലിയ തവളയെന്ന വിശേഷണം സ്വന്തമാക്കിയ ഗോലിയത്ത് തവള അതിൻ്റെ കുഞ്ഞുങ്ങളുടെ സുരക്ഷക്കായി സ്വന്തം കൈകൊണ്ട് "പ്രജനന കുളങ്ങൾ" നിർമ്മിക്കുന്നതായി പുതിയ ശാസ്ത്രീയ പഠനം. പ്രകൃതിയിൽ വംശത്തിൻ്റെ അതിജീവനം ഉറപ്പാക്കാൻ ശ്രമിക്കുന്ന അപൂർവ ഉഭയജീവികളിലൊന്നാണ് ഈ തവളയെന്നാണ് ഗവേഷകർ പറയുന്നത്.

പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ കാമറൂണിന്റെയും ഇക്വറ്റോറിയൽ ഗിനിയയുടെയും മഴക്കാടുകളിലെ അതിവേഗ ഒഴുക്കുള്ള നദികളിലാണ് ഗോലിയത്ത് തവളകൾ ജീവിക്കുന്നത്. സാധാരണ തവളകളിൽ നിന്ന് വ്യത്യസ്തമായി, ശാന്തമായ കുളങ്ങളോ ചെറുജലാശയങ്ങളോ അല്ല ഇവയുടെ ആവാസവ്യവസ്ഥ. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ശക്തമായ ജലപ്രവാഹവുമുള്ള നദികളാണ് ഇവ ഇഷ്ടപ്പെടുന്നത്.

എന്നാൽ ഇത്തരം സ്ഥലങ്ങളിൽ മുട്ടയിടുന്നത് വലിയ വെല്ലുവിളിയാണ്. ശക്തമായ ഒഴുക്കിൽ മുട്ടകളും പിന്നീട് വിരിയുന്ന തവളക്കുഞ്ഞുങ്ങളും ഒലിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നം മറികടക്കാൻ ഗോലിയത്ത് തവളകൾ അത്ഭുതകരമായ ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കാമറൂണിലെ എംപൗല നദിക്കരയിൽ നടത്തിയ പഠനത്തിൽ ഗവേഷകർ 19 പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി. ഇവയിൽ ചിലത് പ്രകൃതിദത്തമായ പാറക്കുഴികൾ വൃത്തിയാക്കി ഒരുക്കിയവയായിരുന്നു. ചിലത് നദിക്കരയിലെ ചെറുകുഴികൾ കൂടുതൽ ആഴത്തിൽ ഉപയോഗിച്ചവയായിരുന്നു. ഏറ്റവും ശ്രദ്ധേയമായത്, ചരലും കല്ലുകളും മാറ്റി പൂർണമായും പുതിയ കുളങ്ങൾ നിർമ്മിച്ചിരുന്ന സ്ഥലങ്ങളാണ്.

ഈ കുളങ്ങൾ തയ്യാറാക്കുന്നതിനായി തവളകൾ കല്ലുകൾ, ചരൽ, ഇലകൾ, ചെളി തുടങ്ങിയവ നീക്കം ചെയ്തതായി പഠനം പറയുന്നു. പ്രധാന നദിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുളങ്ങളിലെ വെള്ളത്തിന് ഒഴുക്ക് കുറവായതിനാൽ മുട്ടകളും കുഞ്ഞുങ്ങളും സുരക്ഷിതമായി വളരാൻ സാധിക്കുന്നു.

ചില കുളങ്ങളിൽ വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള തവളക്കുഞ്ഞുങ്ങളെ കണ്ടെത്തി. വിജയകരമായ പ്രജനന കുളങ്ങൾ ഒന്നിലധികം പ്രാവശ്യം ഉപയോഗിക്കുന്നുണ്ടാകാമെന്നതിന് ഇതാണ് തെളിവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിനർത്ഥം, ഗോലിയത്ത് തവളകൾ ഒരുതവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നതല്ല, സുരക്ഷിതമായ പ്രജനനസ്ഥലങ്ങൾ വീണ്ടും വീണ്ടും പ്രയോജനപ്പെടുത്തുന്നുവെന്നാണ്.

പരിസരങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നും പ്രായപൂർത്തിയായ ഗോലിയത്ത് തവളകൾ മുട്ടയിട്ട കുളങ്ങൾക്ക് സമീപം തുടരുന്നതും കണ്ടെത്തി. ഇവ കുഞ്ഞുങ്ങളെ നേരിട്ട് കാത്തുസൂക്ഷിക്കുന്നുണ്ടോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നിരുന്നാലും, മുട്ടയിട്ട ശേഷം അവയെ പൂർണമായും ഉപേക്ഷിക്കാതെ സമീപത്ത് തുടരുന്ന സ്വഭാവം, മാതാപിതാക്കളുടെ പരിചരണത്തിന്റെ അപൂർവ ഉദാഹരണമാകാമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

ഗോലിയത്ത് തവളകൾ ഇന്ന് ആവാസവ്യവസ്ഥയുടെ നാശം, വനനശീകരണം, അനധികൃത വേട്ട എന്നിവ കാരണം ഗുരുതര ഭീഷണി നേരിടുന്ന ജീവികളിലൊന്നാണ്. ഇവയുടെ അതുല്യമായ പ്രജനനരീതിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ, ഈ അപൂർവ ഉഭയജീവിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - World's Largest Frog Builds breeding Ponds for its Young; Study Reveals Rare Discovery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.