‘സൂപ്പർ എൽ നിനോ’: ആഗോളതലത്തിൽ നാല് ലക്ഷത്തിലധികം മരണങ്ങൾക്ക് സാധ്യത; ഇന്ത്യയിൽ 15,800 മരണങ്ങൾ പ്രവചിച്ച് പഠനം

ന്യൂഡൽഹി: വരാനിരിക്കുന്ന ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ലോകമെമ്പാടും വലിയതോതിൽ ജീവനപഹരിച്ചേക്കാമെന്ന് പുതിയ പഠനം. ചിക്കാഗോ സർവകലാശാലയിലെ ‘ക്ലൈമറ്റ് ഇംപാക്ട് ലാബ്’ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, അടുത്ത ആറുമാസത്തിനുള്ളിൽ സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ആഗോളതലത്തിൽ 4,51,000ത്തോളം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.

ഈ എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി വരും മാസങ്ങളിൽ ആഗോള ഭൂപ്രദേശങ്ങളിലെ താപനില സാധാരണയേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇനിയുള്ള 20 വർഷങ്ങൾക്കുള്ളിൽ എത്തിക്കാൻ സാധ്യതയുള്ള അങ്ങേയറ്റത്തെ ഉഷ്ണതരംഗ അവസ്ഥകളാകും വരും മാസങ്ങളിൽ അനുഭവപ്പെടുക. ഇത് സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 44 ശതമാനം അധികം അതികഠിനമായ ചൂടുള്ള ദിവസങ്ങൾക്ക് കാരണമാകും.

ഇന്ത്യയിൽ മാത്രം 15,800ഓളം ചൂടുകാല മരണങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇതിൽ പകുതിയോളം മരണങ്ങളും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ തന്നെ സംഭവിക്കും. എന്നാൽ ഇവിടംകൊണ്ട് തീരുന്നതല്ലെന്നും, ഇന്ത്യയുടെ വരാനിരിക്കുന്ന വേനൽക്കാലത്തേക്ക് ഈ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാകും ഈ പ്രതിഭാസം ഏറ്റവുമധികം ബാധിക്കുക.

ആഫ്രിക്കയിലെ സാഹിൽ മേഖലയിലെ നൈജീരിയ, സുഡാൻ, നൈജർ, ചാഡ് എന്നിവിടങ്ങളിൽ 66,800-ലധികം അധിക മരണങ്ങളും, തെക്കുകിഴക്കൻ ഏഷ്യയിൽ 19,400 മരണങ്ങളും, ഇന്തോനേഷ്യയിൽ 19,300 മരണങ്ങളും, ബ്രസീലിൽ 13,300 മരണങ്ങളും ഈ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സൂപ്പർ എൽ നിനോ പ്രതിഭാസമെന്ന് ഗവേഷകർ വിശേഷിപ്പിക്കുന്നു. എങ്കിലും, ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകുക, ദുർബല വിഭാഗങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക, കൂളിങ് സെന്ററുകളും ഹൈഡ്രേഷൻ സ്റ്റേഷനുകളും സ്ഥാപിക്കുക, തൊഴിലാളികൾക്ക് സംരക്ഷണം നൽകുക തുടങ്ങിയ അടിയന്തര പ്രതിരോധ നടപടികളിലൂടെ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 

Tags:    
News Summary - Super El Niño may cause 451,000 additional global deaths, 15,800 in India: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.